Flights Canva
News & Views

ഇനി അധിക നിരക്ക് നൽകാതെ ഫ്ലൈറ്റ് ടിക്കറ്റ് റദ്ദാക്കാം; ഉത്തരവിറക്കി കേന്ദ്ര സർക്കാ‌ർ

ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ഫ്ലൈറ്റ് ടിക്കറ്റ് റദ്ദാക്കുന്നതിനോ യാത്രാ തീയതി മാറ്റുന്നതിനോ വിമാന കമ്പനികൾ ഇനി അധിക നിരക്ക് ഈടാക്കരുതെന്നാണ് നിർദേശം.

Dhanam News Desk

ആഭ്യന്തര വിമാന യാത്രികർക്ക് ഏറെ ആശ്വാസം പകരുന്ന നടപടികളുമായി കേന്ദ്ര സർക്കാർ. ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുന്നതിനും യാത്രാ തീയതി മാറ്റുന്നതിനും ഇനി ഉപഭോക്താക്കളിൽ നിന്നും അധിക നിരക്ക് ഈടാക്കരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്ക് നിർദേശം നൽകി. ചില നിബന്ധനകൾക്ക് വിധേയമായാണ് ഈ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.

ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ഫ്ലൈറ്റ് ടിക്കറ്റ് റദ്ദാക്കുന്നതിനോ യാത്രാ തീയതി മാറ്റുന്നതിനോ വിമാന കമ്പനികൾ ഇനി യാത്രികരിൽ നിന്നും അധിക നിരക്ക് ഈടാക്കരുതെന്നാണ് സർക്കാർ നിർദേശം. കൂടാതെ അടിയന്തര ചികിത്സ ആവശ്യമായ ഘട്ടത്തിലും വ്യവസ്ഥകളോടെ ടിക്കറ്റ് റീഫണ്ട് ചെയ്യുന്നത് പരി​ഗണിക്കാനും കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പ്രധാന സർക്കാ‌ർ നിർദേശങ്ങൾ

  • ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റുകളിലോ യാത്രാ തീയതി മാറ്റുന്നതിനോ കമ്പനികൾ ഇനി അധിക നിരക്ക് ഈടാക്കരുത്.

  • വിമാന കമ്പനികളുടെ വെബ്സൈറ്റ് മുഖേന നേരിട്ട് ബുക്ക് ചെയ്ത് ഫ്ലൈറ്റ് ടിക്കറ്റിന്, ആഭ്യന്തര യാത്രയ്ക്ക് ആണെങ്കിൽ ചുരുങ്ങിയത് ഏഴ് ദിവസവും രാജ്യാന്തര യാത്രയ്ക്ക് ആണെങ്കിൽ ചുരുങ്ങിയത് 15 ദിവസവും ബാക്കിയുണ്ടെങ്കിലാണ് സൗജന്യമായി റദ്ദാക്കാനോ യാത്രാ തീയതി പരിഷ്കരിക്കാനോ അനുവദിക്കുക.

  • വിമാന കമ്പനികളുടെ വെബ്സൈറ്റ് മുഖേന നേരിട്ട് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്, 24 മണിക്കൂറിനുള്ളിൽ പേരിൽ തിരുത്ത് വരുത്തുന്നതിന് അധിക നിരക്ക് ഈടാക്കരുത്.

  • റദ്ദാക്കുന്ന ടിക്കറ്റിന്റെ പണം (റീഫണ്ട്) 14 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ഉപഭോക്താവിന് കൈമാറണം. ഏജന്റ്/ വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഇത് ബാധകമാണ്.

  • അടിയന്തര മെഡിക്കൽ ചികിത്സ ആവശ്യമായ ഘട്ടത്തിലും ചില നിബന്ധനകളോടെ യാത്രികർക്ക് സൗജന്യമായി ടിക്കറ്റ് റദ്ദാക്കുന്നതിനോ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റി നൽകുന്നതിനോ കമ്പനികൾ സൗകര്യം ഏർപ്പെടുത്തണം.

  • ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സാഹചര്യത്തിൽ യാത്രികനോ അല്ലെങ്കിൽ ഒരേ പിഎൻആർ (PNR) നമ്പറിൽ ബുക്ക് ചെയ്തിട്ടുള്ള കുടുംബാം​ഗത്തിനോ സൗജന്യമായി ടിക്കറ്റ് റദ്ദാക്കുന്നതിനോ മറ്റൊരു തീയതിയിൽ ടിക്കറ്റ് അനുവ​ദിക്കുന്നതിനോ കമ്പനികൾ ശ്രമിക്കണം.

  • ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെയുള്ള മെഡിക്കൽ അടിയന്തര ഘട്ടങ്ങളിൽ (കടുത്ത പനി പോലെ) നിങ്ങളെ പരിശോധിച്ച ഡോക്ടറിന്റെ സർട്ടിഫിക്കറ്റ് പിൻബലത്തിൽ മാത്രം ടിക്കറ്റിന് മുടക്കിയ പണം റീഫണ്ട് ചെയ്യില്ല. വിമാന കമ്പനിയുടെ എയ്റോസ്പേസ് മെഡിസിൻ വിദ​ഗ്ധൻ അത് ശരിവെച്ചാൽ മാത്രമാണ് റീഫണ്ട് പരി​ഗണിക്കുക.

യാത്രികരുടെ മുഖ്യ ആവശ്യങ്ങളിലൊന്ന്

ലോകത്ത് അതിവേ​ഗം വളരുന്ന ആഭ്യന്തര വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യയുടേത്. 2025 കലണ്ടർ വർഷത്തിൽ 16.69 കോടി ആളുകൾ വിമാനയാത്ര ഉപയോ​ഗപ്പെടുത്തി. ഇതിൽ ഇക്കഴിഞ്ഞ ഡിസംബറിൽ 1.43 കോടി പേരാണ് ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിച്ചത്. സേവനങ്ങളുമായി ബന്ധപ്പെട്ട് മൊത്തം 29,212 യാത്രികരുടെ ഭാ​ഗത്തുനിന്നും വിവിധ പരാതികൾ വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചു. ഇതിൽ 7.5 ശതമാനം ടിക്കറ്റ് റീഫണ്ട് സംബന്ധിച്ചായിരുന്നു. എന്തായാലും ഇപ്പോൾ വ്യോമയാന മന്ത്രാലയം ടിക്കറ്റ് റീഫണ്ടുമായി സ്വീകരിച്ച നടപടികൾ പൊതുവേ ആശ്വാസകരമെന്നാണ് വിലയിരുത്തൽ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT