News & Views

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 10, 2020

Dhanam News Desk
ആമസോണ്‍ റിലയന്‍സില്‍ ഓഹരി പങ്കാളിത്തം നേടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ലോകത്തെ ശതകോടീശ്വരന്മാര്‍ ശത്രുത വെടിഞ്ഞ് കൈകോര്‍ക്കുമോ? ജെഫ് ബെസോസ് നേതൃത്വം നല്‍കുന്ന ആമസോണിന് റിലയന്‍സ് റീറ്റെയ്‌ലിന്റെ 40 ശതമാനത്തോളം ഓഹരി മുകേഷ് അംബാനി വില്‍ക്കാന്‍ തയ്യാറാകുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സാധ്യമായാല്‍ റീറ്റെയ്ല്‍ രംഗത്തെ ഭീമന്‍ കമ്പനിയാകും സൃഷ്ടിക്കപ്പെടുക. മാത്രമല്ല, ഈ രംഗത്തെ എതിരാളികളായ ആമസോണും റിലയന്‍സ് റീറ്റെയ്‌ലും ശത്രുത വെടിഞ്ഞ് ബിസിനസ് പങ്കാളികളുമാകും.

എന്‍പിഎ: ഇടക്കാല ഉത്തരവിട്ട് സുപ്രിംകോടതി

കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച മോറട്ടോറിയം കാലയളവിലെ വായ്പാ തിരിച്ചടവിന്റെ പലിശയെ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് സുപ്രിംകോടതി, എക്കൗണ്ടുകള്‍ എന്‍ പി എ ആയി പ്രഖ്യാപിക്കാന്‍ പാടില്ലെന്ന ഇടക്കാല ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാനും സത്യവാങ്മൂലം സമര്‍പ്പിക്കാനുമായി റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും രണ്ടാഴ്ചത്തെ സമയവും സുപ്രിംകോടതി അനുവദിച്ചു. സെപ്തംബര്‍ 28ന് ഇതുസംബന്ധിച്ച വാദം ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഢി എന്നിവരടങ്ങുന്ന ബെഞ്ച് കേള്‍ക്കും.

3. ജിഎസ്ടി: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പോര് മുറുകുന്നു

രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പാക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ 2022 വരെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കണമെന്ന ജിഎസ്ടി നിയമവ്യവസ്ഥ പാലിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തേടുന്ന പഴുതുകള്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ പോര് മുറുകാന്‍ ഇടയാക്കുന്നു. കോവിഡ് മൂലമുള്ള പ്രതിസന്ധി സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ജിഎസ്ടി നഷ്ടവിഹിതം നല്‍കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പല സംസ്ഥാനങ്ങളും. പഞ്ചാബ് ധനമന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ ഇന്ന് ഇക്കാര്യം സൂചിപ്പിച്ചു.

ഓക്‌സ്ഫണ്ട് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് സിറം ഇന്‍സ്റ്റിറ്റിയൂട്ട്

ഡ്രഗ് റെഗുലേറ്ററായ ഡിസിജിഐയുടെ നോട്ടീസിനെ തുടര്‍ന്ന് ഓക്‌സ്ഫണ്ട് വാക്‌സിന്‍ പരീക്ഷണം സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ത്തി വെച്ചു. വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണ, ഉല്‍പ്പാദക നടപടിക്രമങ്ങളെ ഇതു ബാധിക്കില്ലെന്നാണ് സീറം ഇന്‍സ്റ്റിറ്റിയൂട്ട് നേരത്തെ പറഞ്ഞിരുന്നത്.

കോവിഡ് കാലത്തും ആഗോളനിക്ഷേപമാകര്‍ഷിച്ച്റിലയന്‍സും ബൈജൂസും

ഇന്ത്യയുടെ 'ധനാകര്‍ഷണ യന്ത്രങ്ങ'ളായി മാറുന്നു റിലയന്‍സും ബൈജൂസ് ആപ്പും. ലോകം ലോക്ക് ഡൗണിലും സാമ്പത്തിക മേഖല മുരടിപ്പിലുമായിട്ടും ഈ രണ്ട് കമ്പനികളിലേക്കും ഫണ്ട് നിര്‍ബാധം ഒഴുകുകയാണ്. കഴിഞ്ഞ ദിവസം റിലയന്‍സ് റീറ്റെയ്‌ലില്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കാനുള്ള യുഎസ് നിക്ഷപേക സ്ഥാപനമായ സില്‍വര്‍ ലേക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അറബ് രാജ്യങ്ങളില്‍ നിന്നും നിക്ഷേപം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് റിലയന്‍സ് റീറ്റെയ്‌ലില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നാണ് സൂചന. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി 750 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാവട്ടെ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ അബുദാബിയിലെ നിക്ഷേപക സ്ഥാപനമായ മുബാദല കൂടി റിലയന്‍സ് റീറ്റെയ്‌ലില്‍ ഓഹരിയെടുക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കെകെആര്‍ & കമ്പനിയും 100 കോടി ഡോളര്‍ നിക്ഷേപിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ്.

റിലയന്‍സ് ഗ്രൂപ്പ് ഇതിനകം തന്നെ 20 ബില്യണ്‍ ഡോളറാണ് ഫേസുബുക്ക് അടക്കമുള്ള ആഗോള നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ബൈജൂസ് ആപ്പില്‍ സില്‍വര്‍ ലേക്ക് 500 മില്യണ്‍ ഡോളറാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതോടെ ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിന്റെ മൂല്യം 10.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതിനു പുറമേ പ്രമുഖ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ യൂരി മില്‍നറുടെ ഡിഎസ്ടി ഗ്ലോബല്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക്, ഔള്‍ വെഞ്ച്വേഴ്‌സ്, ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ നേതൃത്വത്തിലുള്ള ചാന്‍ സുക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ്‌സ് തുടങ്ങിയവ ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

കുതിച്ചുയര്‍ന്ന് റിലയന്‍സ്, ഓഹരി സൂചികള്‍ നേട്ടത്തില്‍

റിലയന്‍സ് റീറ്റെയ്‌ലില്‍ ആമസോണ്‍ ഓഹരി പങ്കാളിത്തമെടുക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരി വില ഇന്നുയര്‍ന്നത് ഏഴ് ശതമാനം. ഇന്ന് ഓഹരി വ്യാപാരത്തിനിടെ റിലയന്‍സിന്റെ വിപണി മൂല്യം 15 ട്രില്യണ്‍ രൂപ ഇതാദ്യമായി കടന്നു. വിപണി ക്ലോസ് ചെയ്തപ്പോള്‍ റിലയന്‍സിന്റെ വിപണി മൂല്യം ഇന്ന് 14.67 ട്രില്യണ്‍ രൂപയാണ്. കഴിഞ്ഞ രണ്ട് വ്യാപാര ദിനത്തിലായി റിലയന്‍സ് ഓഹരിയില്‍ 11 ശതമാനം നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

റിലയന്‍സ് ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍ സൂചികകള്‍ ഉയര്‍ന്നു. നിഫ്റ്റിയുടെ നേട്ടത്തിന്റെ പകുതിയും റിലയന്‍സിന്റെ സംഭാവനയാണ്.

സെന്‍സെക്‌സ് 646 പോയ്ന്റ് വര്‍ധിച്ച്, 1.69 ശതമാനം, 38,840ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 171 പോയ്ന്റ്, 1.52 ശതമാനം വര്‍ധിച്ച് 11,449ലും ക്ലോസ് ചെയ്തു.

നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍ ഒഴികെ മറ്റെല്ലാം നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് കാപ്,  സ്‌മോള്‍ കാപ് സൂചികകളും നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം.

ഇന്ന് മിക്ക കേരള കമ്പനികളും നേട്ടമുണ്ടാക്കിയ ദിനമായിരുന്നു. 20 കേരള കമ്പനി ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഏഴെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. നേട്ടമുണ്ടാക്കാനാകാതെ പോയ കമ്പനികളുടെ ഓഹരി വിലയിലാകട്ടെ കാര്യമായ ഇടിവൊന്നും ഉണ്ടായതുമില്ല എന്നത് ആശ്വാസമായി.

നേട്ടമുണ്ടാക്കിയ ഓഹരികളില്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ആണ് മുന്നില്‍. 1.90 രൂപ വര്‍ധിച്ച് (4.89 ശതമാനം) 40.75 രൂപയില്‍ ക്ലോസ് ചെയ്തു. എവിറ്റി നാച്വറല്‍ പ്രോഡക്റ്റ്‌സിന്റെ ഓഹരി വില 1.75 രൂപ വര്‍ധിച്ച് (4.18 ശതമാനം) 43.60 രൂപയും സിഎസ്ബി ബാങ്കിന്റേത് 8.95 രൂപ വര്‍ധിച്ച് (4.17 ശതമാനം) 223.35 രൂപയുമായി. വിഗാര്‍ഡിന്റെ ഓഹരി വില 170.35 രൂപയിലെത്തി. 5.65 രൂപയാണ് (3.43 ശതമാനം) ഇന്ന് വര്‍ധിച്ചത്.

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.28 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.65 ശതമാനം), എഫ്എസിടി (2.56 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.40 ശതമാനം), ഹാരിസണ്‍സ് മലയാളം (2.33 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.22 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.15 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.02 ശതമാനം), കിറ്റെക്‌സ് (1.52 ശതമാനം), കെഎസ്ഇ (1.35 ശതമാനം), നിറ്റ ജലാറ്റിന്‍ (1.27 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.23 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (1.17 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.13 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.36 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT