News & Views

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 16, 2020

Dhanam News Desk
കൊറോണ അപ്‌ഡേറ്റ്‌സ്
ഇന്ന് കേരളത്തില്‍

കേരളത്തില്‍ 722 പേര്‍ക്ക് കൂടി കോവിഡ്. 10275 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 968,876(ഇന്നലെ വരെയുള്ള കണക്ക്:936181 )

മരണം : 24,915 (ഇന്നലെ വരെയുള്ള കണക്ക്: 24309 )

ലോകത്ത് ഇതുവരെ

രോഗികള്‍: 13,554,477 (ഇന്നലെ വരെയുള്ള കണക്ക്: 13349795 )

മരണം : 584,124 ( ഇന്നലെ വരെയുള്ള കണക്ക്: 579335)

വിപണിയില്‍ ഇന്നും ചാഞ്ചാട്ടമായിരുന്നു. ഇന്നലെ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലം പുറത്തുവിട്ട ഇന്‍ഫോസിസിന്റെ ഓഹരി വില ഇന്ന് ഒമ്പതര ശതമാനത്തോളമാണ് ഉയര്‍ന്നത്. ഇന്‍ഫോസിസിന്റെ മുന്നേറ്റം വിപണി സൂചികകള്‍ക്കും നേട്ടമായി. സെന്‍സെക്സ് 420 പോയ്ന്റ് അഥവാ ഒരു ശതമാനത്തോളം ഉയര്‍ന്ന് 36,471.68ല്‍ ക്ലോസ് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ മികച്ച ഫലം ഇന്‍ഫോസിസ് പുറത്തുവിട്ടതാണ് വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നത്. നിഫ്റ്റിയും ഇന്ന് ഒരു ശതമാനത്തോളം ഉയര്‍ന്നു. 122 പോയ്ന്റ് ഉയര്‍ന്ന് 10,740ല്‍ ക്ലോസ് ചെയ്തു. മിക്കവാറും നിഫ്റ്റി സെക്ടര്‍ സൂചികകളിലും പോസിറ്റീവ് പ്രവണതയായിരുന്നു. നിഫ്റ്റി മീഡിയ സൂചിക ഒഴികെ മറ്റെല്ലാം ഇന്ന് മുന്നേറി. നിഫ്റ്റി ഐറ്റി സൂചിക ഇന്ന് 2.8 ശതമാനമാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ ഇന്ന് അത്ര അനുകൂലമായ അന്തരീക്ഷമല്ലാതിരുന്നിട്ടും ഇന്‍ഫോസിസും ഐറ്റി സെക്ടറുമാണ് ഇന്ത്യന്‍ വിപണികളെ ഉയര്‍ത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. കേരള ബാങ്കുകളെയെടുത്താല്‍ െഫഡറല്‍ ബാങ്കും(4.45 ശതമാനം) സിഎസ്ബി ബാങ്കും(3.15 ശതമാനം) ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.46 ശതമാനവും ധനലലക്ഷ്മി ബാങ്ക് ഓഹരി വില 1.03 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ധനകാര്യ മേഖലയിലെ മറ്റു കമ്പനികളെയെടുത്താല്‍ മുത്തൂറ്റ് ഫിനാന്‍സ്(5.13 ശതമാനം), മണപ്പുറം ഫിനാന്‍സ്(4.31 ശതമാനം) എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്(1.99 ശതമാനം), ജിയോജിത്(3.80 ശതമാനം) എന്നിവ നഷ്ടത്തിലായിരുന്നു. ജെആര്‍ജി ഓഹരികളുടെ വിലയില്‍ ഇന്ന് മാറ്റമില്ല.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,585രൂപ (ഇന്നലെ 4585 രൂപ)

ഒരു ഡോളര്‍: 75.15രൂപ (ഇന്നലെ : 75.06 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude40.83-0.37
Brent Crude43.54-0.25
Natural Gas1.788+0.010
മറ്റ് വാര്‍ത്തകള്‍ ചുരുക്കത്തില്‍
ലഡാക്ക് അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നു

സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. പാംഗോംഗ് സോ പ്രദേശത്തെ ഫിംഗര്‍ ഫോറില്‍ നിന്നും പിന്മാറാന്‍ ചൈനീസ് സൈന്യം വിസമ്മതിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സൈനിക വിന്യാസം നടത്താനുള്ള പദ്ധതികള്‍ ഇന്ത്യ ആരംഭിച്ച് കഴിഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സ്വര്‍ണ്ണക്കടത്ത്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു; ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു.കസ്റ്റംസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ നടപടി.ഇതിനിടെ കോണ്‍സുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. തിരികെ യുഎഇയിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

കൊറോണ വാക്സിന്‍ നിര്‍മ്മിച്ച് ലോകത്തെ രക്ഷിക്കാന്‍ ഇന്ത്യക്ക് ത്രാണിയുണ്ടെന്ന് ബില്‍ ഗേറ്റ്സ്

കൊറോണ വാക്സിന്‍ നിര്‍മ്മിക്കാനുള്ള പ്രാപ്തി ഇന്ത്യക്കുണ്ടെന്നും അതിലൂടെ ലോകത്തിനാകമാനം രക്ഷ പകരാന്‍ രാജ്യത്തിനു കഴിയുമെന്നും ബില്‍ഗേറ്റ്സ്. ഔഷധ നിര്‍മ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ അഭിപ്രായപ്പെട്ടു.

ആഗോള സമ്പന്നരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ്

കോടീശ്വരന്മാരായ ബില്‍ ഗേറ്റ്സ്,ജെഫ് ബെസോസ്,എലോണ്‍ മസ്‌ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ്. 'ട്വിറ്ററിനെ സംബന്ധിച്ച് ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. സംഭവിച്ചതിനെ ഏറെ ഞെട്ടലോടെയാണ് കാണുന്നത്.' ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സേ അറിയിച്ചു. ക്രിപ്റ്റോകറന്‍സിയിലൂടെയുള്ള സംഭാവനകള്‍ ബരാക് ഒബാമ,അമേരിക്കന്‍ ജോ ബെയ്ഡന്‍,കെയിന്‍ വെസ്റ്റ് എന്നിവര്‍ ആവശ്യപ്പെട്ടതായി ലക്ഷക്കണക്കിന് ഫോളോവര്‍മാര്‍ക്കാണ് സന്ദേശം ലഭിച്ചത്.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ 50 ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രധാനമന്ത്രി വിവരങ്ങള്‍ തേടും

ഉപഭോക്തൃ ആവശ്യം താഴ്ന്ന് മാന്ദ്യം നേരിട്ട സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 50 ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. കോവിഡ് മഹാമാരി പ്രതിസന്ധി ദേശീയ സമ്പദ്ഘടനക്ക് കാര്യമായ പോറലേല്‍പ്പിച്ച പശ്ചാത്തലത്തില്‍ ധനകാര്യ-വാണിജ്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്നായിരിക്കും പ്രധാനമന്ത്രി വിവരങ്ങളും നിര്‍ദ്ദേശങ്ങളും ആരായുന്നത്.

ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാര്‍ വേണമെന്ന് സംയുക്ത ഉന്നതതല യോഗം

ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഫലപ്രദ നടപടികളുണ്ടാകണമെന്ന് സംയുക്ത ഉന്നത തല യോഗത്തില്‍ ധാരണയായി.കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും ഇരു രാജ്യങ്ങളിലെയും വന്‍ വ്യവസായികളും സംബന്ധിച്ച ടെലി കോണ്‍ഫറന്‍സില്‍ സ്വതന്ത്ര വ്യാപാര കരാറിനായുള്ള നീക്കം ശക്തമാക്കാനുള്ള തീരുമാനവും ഉണ്ടായതായാണ് സൂചന.

ആഭ്യന്തര വിമാനസര്‍വ്വീസുകളുടെ 60 ശതമാനം നവംബറോടെ

കോവിഡിന് മുമ്പ് ഇന്ത്യ സര്‍വ്വീസ് നടത്തിയിരുന്ന ആഭ്യന്തര വിമാനസര്‍വ്വീസുകളുടെ 60 ശതമാനം പുനരാരംഭിക്കുന്നത് ആലോചനയിലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. കോവിഡിന് മുമ്പ് സര്‍വ്വീസ് നടത്തിയിരുന്ന 55 മുതല്‍ 60 ശതമാനം വരെയുള്ള ആഭ്യന്തര വിമാന സര്‍വ്വീസുകളാണ് പുനഃരാരംഭിക്കാന്‍ ആലോചിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബറില്‍ വിമാന സര്‍വ്വീസുകള്‍ തുടങ്ങാമെന്നാണ് കരുതുന്നത്.

കോവിഡ് 19 ടെസ്റ്റ് കിറ്റ് വിപണിയിലേക്ക്; വില 399 രൂപ

ഡല്‍ഹി ഐഐടി വികസിപ്പിച്ച കൊവിഡ് 19 ടെസ്റ്റ് കിറ്റ് 399 രൂപയ്ക്ക് പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചിട്ടുണ്ട്. കൊറോഷുവര്‍ എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് ഉല്‍പ്പാദിപ്പിക്കുന്നത് ന്യൂടെക് മെഡിക്കല്‍ ഡിവൈസസ്.

വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെല്ലിനും വരിക്കാര്‍ കുറയുന്നു;നേട്ടമുറപ്പിച്ച് ജിയോ

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട മാര്‍ച്ചില്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ക്ക് വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം വോഡഫോണ്‍ ഐഡിയയ്ക്ക് മാത്രം നഷ്ടമായത് 63 ലക്ഷം വരിക്കാരെയാണ്. ഭാരതി എയര്‍ടെല്ലിന് 12 ലക്ഷം വരിക്കാരെയും. അതേസമയം 46.8 ലക്ഷം പുതിയ വരിക്കാരെ ജിയോ കണ്ടെത്തി. രാജ്യത്തെ ആകെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം ഫെബ്രുവരി അവസാനം ഉണ്ടായിരുന്ന 118 കോടിയില്‍ നിന്ന് മാര്‍ച്ച് അവസാനമായപ്പോഴേക്കും 117.8 കോടിയായി കുറഞ്ഞു.

പാര്‍ട്ട് പെയ്‌മെന്റ് സൗകര്യം ലഭ്യമാക്കി ഫ്ളിപ്പ്കാര്‍ട്ട്

പാര്‍ട്ട് പെയ്‌മെന്റ് വഴി ചെറിയൊരു തുക മാത്രം അടച്ച് സാധനം ബുക്ക് ചെയ്യുന്ന പുതിയ പെയ്മെന്റ് രീതി അവതരിപ്പിച്ചിച്ച് ഫ്ളിപ്പ്കാര്‍ട്ട്. മിച്ചമുള്ള തുക ഡെലിവറി നടക്കുന്ന സമയത്ത് കൊടുത്താല്‍ മതി. പുതിയ നീക്കം റിട്ടേണുകളും ക്യാന്‍സലേഷനും കുറയ്ക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നോര്‍വേക്കുള്ള വൈദ്യുത കപ്പലുകള്‍ നിര്‍മ്മിക്കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്

ഷിപ്പിംഗ് മേഖലയില്‍ മഹിത പാരമ്പര്യം സ്വന്തമായുള്ള നോര്‍വേക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് കപ്പലുകള്‍ കൊച്ചി കപ്പല്‍ ശാല നിര്‍മ്മിച്ചു നല്‍കും. രണ്ട് ചരക്കു കടത്ത് ഫെറികള്‍ക്കായി കപ്പലുകള്‍ തയ്യാറാക്കാനുള്ള 125 കോടി രൂപയുടെ കരാര്‍ ആണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിനു ലഭിച്ചിരിക്കുന്നത്.

ഇന്‍ഫോസിസ് ലാഭക്കുതിപ്പ്: ഒരു മണിക്കൂറില്‍ നിക്ഷേപകര്‍ നേടിയത് 50,000 കോടി രൂപ

മികച്ച പ്രവര്‍ത്തന ഫലത്തിന്റെ വെളിച്ചത്തില്‍ ഇന്‍ഫോസിസിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പു മൂലം ഇന്ന് ബിഎസ്ഇ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ ഇന്‍ഫോസിസ് നിക്ഷേപകരുടെ സമ്പാദ്യത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് 50,000 കോടി രൂപ.ജൂണ്‍ വരെയുള്ള ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ബെംഗളൂരു ആസ്ഥാനമായ കമ്പനി 11.4 ശതമാനം ഉയര്‍ച്ചയോടെ 4233 കോടി രൂപ ലാഭം രേഖപ്പെടുത്തിയത് വരുമാനം 8.5 ശതമാനം മെച്ചപ്പെടുത്തി 23,655 കോടി രൂപയാക്കിക്കൊണ്ടാണ്.

ഇന്ത്യയിലും ഓണ്‍ലൈന്‍ ഫുഡ് ബിസിനസിലേക്ക് ഗൂഗിള്‍ വരും

ഗൂഗിള്‍ സേര്‍ച്ച് എഞ്ചിനിലൂടെ നേരിട്ട് ഓണ്‍ലൈനായി ഭക്ഷണം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇന്ത്യയില്‍ വൈകാതെ നിലവില്‍ വരുമെന്നു റിപ്പോര്‍ട്ട്.റെസ്റ്റോറന്റുകള്‍ തിരയാനും കണ്ടെത്താനും ഓര്‍ഡറുകള്‍ നല്‍കാനും പേയ്മെന്റുകള്‍ നടത്താനും ഈ പ്രക്രിയ ഉപയോക്താക്കളെ അനുവദിക്കും. ഗൂഗിളിന്റെ പിന്തുണയുള്ള ഡന്‍സോ പോലുള്ള മൂന്നാം കക്ഷികളാകും ഭക്ഷണം വിതരണം ചെയ്യുന്നത്.

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 1.3 ലക്ഷം കോടി രൂപയുടെ നഷ്ട സാധ്യതയെന്ന് ക്രിസില്‍

കൊറോണ വൈറസ് മഹാവ്യാധി മൂലം വന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം നടപ്പ് സാമ്പത്തിക വര്‍ഷം ഉള്‍പ്പെടെ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയിലെ വ്യോമയാന ബിസിനസ് മേഖലയ്ക്കുണ്ടാകുന്ന വരുമാനനഷ്ടം 1.1-1.3 ട്രില്യണ്‍ രൂപയുടേതാകുമെന്ന് ക്രിസില്‍ റിസേര്‍ച്ച് റിപ്പോര്‍ട്ട്.ലോകമെമ്പാടുമുള്ള വ്യോമയാന വ്യവസായത്തെ മഹാവ്യാധി അതിഗുരുതരമായാണ് ബാധിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഎസ്ടി അതോറിറ്റി വിധിയുടെ പിന്തുണ; സാനിറ്റൈസറിന്റെ 18% നികുതി കുറയ്ക്കില്ല

ഹാന്‍ഡ് സാനിറ്റൈസറിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. നിരക്ക് കുറയ്ക്കുന്നത് ഇറക്കുമതിക്കാര്‍ക്ക് മാത്രമേ ഉപകാരപ്പെടൂവെന്നും പ്രാദേശിക ഉല്‍പ്പാദകര്‍ക്ക് ഗുണം ചെയ്യില്ലെന്നുമുള്ള നിലപാടാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റേത്.സോപ്പ്, ആന്റി ബാക്ടീരിയല്‍ ദ്രാവകങ്ങള്‍, ഡെറ്റോള്‍ മുതലായ അണുനാശിനികളുടെ വിഭാഗത്തിലാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ എന്നതിനാല്‍ 18% ജിഎസ്ടി ചുമത്തേണ്ടതുണ്ടെന്നാണ് വാദം.

മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്തു

മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തി.വകുപ്പ് തല അന്വേഷണം തുടരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT