News & Views

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 30, 2020

Dhanam News Desk
കൊറോണ അപ്‌ഡേറ്റ്‌സ്
ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കൂടി കോവിഡ്. (ജൂലൈ 30 ഉച്ചവരെ),10856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇതുവരെ ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,583,792(ഇന്നലെ വരെയുള്ള: 1,531,669)

മരണം : 34,968(ഇന്നലെ വരെയുള്ള കണക്ക്: 34,193)

ലോകത്ത് ഇതുവരെ

രോഗികള്‍: 17,029,155 (ഇന്നലെ വരെയുള്ള കണക്ക്: 16,682,030)

മരണം: 667,011 (ഇന്നലെ വരെയുള്ള കണക്ക്: 659,374)

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വിപണിയില്‍ ഇടിവ്. ആഗോളവിപണിയുടെ ചുവടുപിടിച്ച് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വില്‍പ്പന സമ്മര്‍ദ്ദമുണ്ടായതോടെ വ്യാഴാഴ്ച സൂചികകള്‍ നഷ്ടത്തിലേക്ക് നീങ്ങുകയായിരുന്നു. സെന്‍സെക്‌സ് 335.06 പോയ്ന്റ് ഇടിഞ്ഞ് 37736.07 ലും നിഫ്റ്റി 100.70 പോയ്ന്റ് താഴ്ന്ന് 11,102.15 ലുമാണ് ക്ലോസ് ചെയ്തത്.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസന്‍ കമ്പനികള്‍ മാത്രമാണ് ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നത്. 10 ശതമാനം നേട്ടവുമായി നിറ്റാ ജെലാറ്റിനാണ് മുന്നില്‍. ബാങ്ക് ധനകാര്യ ഓഹരികളില്‍ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്ക് നേരിയ നേട്ടത്തോടെ ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചപ്പോള്‍ മറ്റെല്ലാം നഷ്ടത്തിലായിരുന്നു. എന്‍ബിഎഫ്‌സികള്‍ എല്ലാം തന്നെ നഷ്ടത്തിലായിരുന്നു. ഒമ്പതു ശതമാനം നഷ്ടമുണ്ടാക്കിയ മണപ്പുറം ഫിനാന്‍സാണ് മുന്നില്‍. ജിയോജിത് നേട്ടമുണ്ടാക്കിയപ്പോള്‍ ജെആര്‍ജി ഓഹരി വില ഇടിഞ്ഞു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 4,965രൂപ (ഇന്നലെ 4,925 രൂപ )

ഒരു ഡോളര്‍: 74.92രൂപ (ഇന്നലെ: 74.86 രൂപ )

ക്രൂഡ് ഓയ്ല്‍
WTI Crude40.54-0.73
Brent Crude43.09-0.66
Natural Gas1.902-0.028
മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍
സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 70 ശതമാനം കുറഞ്ഞു

സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ വില മുന്നേറുമ്പോഴും രാജ്യത്തെ സ്വര്‍ണ ഡിമാന്‍ഡ് കുറയുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 70 ശതമാനം ഇടിവാണ് ഉണ്ടായത്. മൂല്യത്തിന്റെ കാര്യത്തില്‍ 57 ശതമാനം ഇടിവും ഉണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 63.7 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് വിറ്റു പോയത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 213.2 ടണ്‍ സ്വര്‍ണവില്‍പ്പന നടന്നിരുന്നു.

വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസ് ഇന്ത്യയില്‍ തുറക്കും

വിദേശത്തെ മികച്ച നൂറ് സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ അനുമതി ലഭിക്കും. ഒപ്പം രാജ്യത്തെ സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തി അവയുടെ കേന്ദ്രങ്ങള്‍ വിദേശത്ത് ആരംഭിക്കാനും ശ്രമമുണ്ടാകും. കഴിഞ്ഞ 35 വര്‍ഷമായി തുടരുന്ന വിദ്യാഭ്യാസ രീതിക്ക് സമൂലമായ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വിദേശത്തെ മികച്ച വിദ്യാകേന്ദ്രങ്ങളുടെ സേവനം രാജ്യത്ത് നേരിട്ടു ലഭിക്കാന്‍ സാഹചര്യമൊരുക്കുന്നത്.

250 കോടി രൂപ ത്രൈമാസ നഷ്ടം രേഖപ്പെടുത്തി മാരുതി സുസുക്കി

2021 നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം കനത്ത നഷ്ടം രേഖപ്പെടുത്തി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 249.4 കോടിയാണ് ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഈ സമയം 1435.5 കോടി ലാഭമാണ് ഉണ്ടായിരുന്നത്. 2003 ജൂലൈയില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിനു ശേഷം ആദ്യമായാണ് മാരുതി നഷ്ടം രേഖപ്പെടുത്തുന്നത്.

വിദേശ ഇന്ത്യക്കാര്‍ക്ക് 100 ശതമാനം എയര്‍ ഇന്ത്യ ഓഹരി സ്വന്തമാക്കാം

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അനുമതിയായി.എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും ഒരുമിച്ചു വില്‍ക്കാനുള്ള നീക്കത്തിനിടെയാണ് ഇതിനായി നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്.ഡി.ഐ.) ചട്ടങ്ങളില്‍ കേന്ദ്ര ധനമന്ത്രാലയം ഭേദഗതിവരുത്തി ഉത്തരവിറക്കിയത്. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യന്‍ പൗരനായിരിക്കണമെന്ന് ഉറപ്പുവരുത്തുന്ന 1937-ലെ എയര്‍ക്രാഫ്റ്റ് ചട്ടം നിലനിര്‍ത്തിക്കൊണ്ടാണ് നടപടി.

നൂറു കോടിയുടെ യു.എസ് സ്റ്റാര്‍ട്ടപ് നിക്ഷേപം ഇന്‍ഫോപാര്‍ക്കില്‍

നൂറു കോടി മുതല്‍ മുടക്കില്‍ ഇന്‍ഫോപാര്‍ക്കില്‍ അത്യാധുനിക ഓണ്‍ലൈന്‍ ദന്തചികില്‍സാ സംവിധാനം ഒരുങ്ങുന്നു. മലയാളിയായ റെന്‍ മേനോന്‍ സഹ സ്ഥാപകനും സിഇഒയുമായ ഓര്‍ത്തോ എഫ്എക്സ് എന്ന അമേരിക്കന്‍ സ്റ്റാര്‍ട്ടപ് കമ്പനിയാണ് നിക്ഷേപം നടത്തുന്നത്.

പാദവര്‍ഷ ലാഭമുയര്‍ത്തി എച്ച്ഡിഎഫ്സി

ജൂണില്‍ അവസാനിച്ച പാദം എച്ച്ഡിഎഫ്സി 3,203.1 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലത്തേക്കാള്‍ 4.7 ശതമാനം ലാഭം ഉയര്‍ന്നു. മാര്‍ച്ച് 20 പാദത്തെയപേക്ഷിച്ചുള്ള ലാഭ വര്‍ദ്ധന 36.68 ശതമാനമാണ്.

1000 എംഎസ്എംഇ യൂണിറ്റുകള്‍ക്ക് വായ്പ; കെഎഫ്സി 1500 കോടി സമാഹരിക്കും

മുഖ്യമന്ത്രിയുടെ സംരംഭക വികസന പരിപാടി എന്ന പേരില്‍ പുതിയ വായ്പാ പദ്ധതിക്ക് കെഎഫ്സി കടപ്പത്രം പുറപ്പെടുവിച്ചും ബാങ്ക് വായ്പയെടുത്തും 1500 കോടിയുടെ ഫണ്ട് രൂപീകരിക്കുന്നു. വര്‍ഷം 1000 എംഎസ്എംഇ യൂണിറ്റുകള്‍ക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള വായ്പ നല്‍കുകയാണുദ്ദേശ്യം.വായ്പകളുടെ പലിശ 10% ആണെങ്കിലും 3% പലിശ സബ്സിഡി അനുവദിക്കും. യോഗ്യരായ സംരംഭകരെ ലഭിക്കാന്‍ 10000 പേര്‍ക്ക് സംരംഭക പരിശീലനവും നല്‍കും.

ലോക്ക് ഡൗണ്‍; പുതിയ ഇളവുകള്‍ എന്തൊക്കെ?

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ മൂന്നാം ഘട്ട ഇളവുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 വരെ സ്‌കൂളുകളും കോളെജുകളും മെട്രോ റെയ്ല്‍ സര്‍വീസും, സിനിമാ തിയറ്ററുകളും അടച്ചിടും. രാഷ്ട്രീയ-മത പരിപാടികള്‍ക്കായി കൂട്ടംകൂടുന്നതിനുള്ള നിരോധനം നിലനില്‍ക്കും. ജിംനേഷ്യം, യോഗ സ്ഥാപനങ്ങള്‍ എന്നിവ ഓഗസ്റ്റ് അഞ്ചു മുതല്‍ തുറക്കാം. കൂടാതെ പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജ്യര്‍ കൂടി ആരോഗ്യ മന്ത്രാലയം ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

വിനോദ നികുതി ഒരു വര്‍ഷം ഒഴിവാക്കണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന

ലോക്ഡൗണിനെത്തുടര്‍ന്ന് നാലു മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാഹചര്യമൊരുക്കണമെന്നും വിനോദ നികുതി ഒരു വര്‍ഷത്തേക്ക് റദ്ദാക്കണമെന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. വൈദ്യുതി ബില്‍, ബാങ്ക് വായ്പ അടവുകള്‍ക്കും ജീവനക്കാരുടെ മാസശമ്പളം നല്‍കുന്നതിനുമെല്ലാം തീയേറ്റര്‍ ഉടമകള്‍ ബുദ്ധിമുട്ടുകയാണെന്ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ചൂണ്ടിക്കാട്ടി.

അനില്‍ അംബാനിയുടെ മുംബൈയിലെ ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുത്തു

2900 കോടി രൂപയുടെ കിട്ടാക്കടം വസൂലാക്കാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ റിലയന്‍സ് ഗ്രൂപ്പ് ആസ്ഥാനം യെസ് ബാങ്ക് പിടിച്ചെടുത്തു. സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് ബാങ്ക് കൈവശപ്പെടുത്തിയിട്ടുള്ളത്. റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാന്താക്രൂസിലെ മുംബൈ എയര്‍പോര്‍ട്ടിന് സമീപമുള്ള ഓഫീസിലേക്ക് 2018 ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്.21,432 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. കോവിഡ് വ്യാപനം മൂലം അടച്ചിട്ടപ്പോള്‍ ജീവനക്കാരില്‍ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്.

കുതിപ്പ് വീണ്ടും: പവനു വില 39,720 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില പവന് നാല്‍പ്പതിനായിരത്തിനു തൊട്ടരികെ. തുടര്‍ച്ചയായി എട്ടാമത്തെ ദിവസമാണ് സ്വര്‍ണവില പുതിയ റെക്കോഡിലെത്തുന്നത്. ഇന്ന് പവന് 320 രൂപ കൂടി 39,720 രൂപയായി.

ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. 280 രൂപ കൂടി ഉയര്‍ന്നാല്‍ പവന് 40,000 രൂപയിലെത്തും. ഈ നിരക്കില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ജി എസ് ടി യും പണിക്കൂലിയും സെസുമുള്‍പ്പെടെ 44,000 രൂപയിലേറെ നല്‍കേണ്ടി വരും.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി വീണ്ടും നീട്ടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി വീണ്ടും നീട്ടി. ജൂണ്‍ 30 വരെയായിരുന്നു ആദ്യം നീട്ടി നല്‍കിയിരുന്നത്. പിന്നീട് വീണ്ടും ജൂലായ് 31 വരെ റിട്ടേണ്‍ നല്‍കാനുള്ള തിയതി നീട്ടിയിരുന്നു. ആദായ നികുതി വകുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് അത് സെപ്റ്റംബര്‍ 30 ആക്കിയിരിക്കുകയാണ്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതോടെ നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ അവസാന തീയതിയും സെപ്റ്റംബര്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT