News & Views

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 05, 2020

Dhanam News Desk
ഭാരത് ബയോടെക് കൊവാക്സിന്റെ രണ്ടാം ഘട്ട മനുഷ്യപരീക്ഷണത്തിന് അനുമതി; പ്രതീക്ഷയോടെ രാജ്യം

ഓക്സഫോര്‍ഡ് സര്‍വ്വകലാശാലയുടെ വാക്സിനും ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്സിനും കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമാകുമോ എന്ന് ലോകം മുഴുവന്‍ ഉറ്റു നോക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ഭാരത് ബയോടെക്കിന്റെ  കൊവാക്സിന് രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം നടടത്താനുള്ള അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ മാസം ഏഴ് മുതല്‍ രണ്ടാം ഘട്ട മനുഷ്യപരീക്ഷണം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അനുതി നല്‍കിയിരിക്കുന്നത്. ഒന്നാം ഘട്ട പരീക്ഷണത്തില്‍ ദോഷകരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താതിനെ തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

വാക്സിന്റെ ആഗോളവിതരണം 2021ന്റെ പകുതിവരെ പ്രതീക്ഷിക്കുന്നില്ലെന്ന് ഡോ സൗമ്യ സ്വാമിനാഥന്‍

റഷ്യയുടെ കോവിഡ് വാക്സിന്റെ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രകികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. എന്നാല്‍ കൊവിഡിനെതിരെയുള്ള വാക്‌സിന്റെ ആഗോളതലത്തിലുള്ള വിതരണം 2021ന്റെ പകുതിവരെ പ്രതീക്ഷിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. പല വാക്സിനുകളുടെയും മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടപ്പ് വര്‍ഷാവസാനം കൊണ്ട് അവസാനിക്കുമെന്ന് കരുതുന്നില്ല എന്നാണ് കരുതുന്നത്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവനയെന്ന് ഡോ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

''വാക്സിന്‍ മൂന്നാംഘട്ട ട്രെയലുകളിലുള്ള ചില രാജ്യങ്ങളുടെ ഫലങ്ങള്‍ വര്‍ഷാവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ലഭിക്കുമെന്നാണ് കരുതുന്നത്. അതിന് ശേഷം ആവശ്യമുള്ള നൂറ് ദശലക്ഷക്കണക്കിന് വാക്സിനുകള്‍ ഉത്പാദിപ്പിക്കേണ്ടതുണ്ട്. വാസ്തവത്തില്‍ ലോകത്തിന് ദശലക്ഷക്കണക്കിന് വ്കാസിനുകള്‍ ആവശ്യമുണ്ട്. അങ്ങനെയുള്ള ഉത്പാദനത്തിന് കുറച്ച് സമയമെടുക്കും. അതിനാല്‍ നമ്മള്‍ ഒരേ സമയം ശുഭാപ്തിവിശ്വാസവും യാഥാര്‍ത്ഥ്യബോധവും പുലര്‍ത്തണം'' സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ഈസ്‌റ്റേണ്‍ വിറ്റത് 1356 കോടി രൂപയ്ക്ക്, പുതിയ കമ്പനിയില്‍ മീരാന്‍ സഹോദരന്മാര്‍ക്ക് 9.99% ഓഹരി പങ്കാളിത്തം

കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന, കറിപ്പൊടി, ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ 67.8 ശതമാനം ഓഹരികള്‍ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്്‌ല വാങ്ങുന്നത് 1356 കോടി രൂപയ്ക്ക്. ഓര്‍ക്്‌ലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള പ്രമുഖ ഇന്ത്യന്‍ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ എംടിആര്‍ വഴിയാണ് ഇടപാട് നടക്കുന്നത്.

ഓഹരി വാങ്ങലും എംടിആറും ഈസ്‌റ്റേണും തമ്മിലുള്ള ലയനപ്രക്രിയയും പൂര്‍ത്തിയാകാന്‍ ഒന്നര വര്‍ഷത്തോളമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓര്‍ക്്‌ല ഈസ്‌റ്റേണിന്റെ ഓഹരികള്‍ വാങ്ങിയ ശേഷം, മീരാന്‍ സഹോദരന്മാരുടെ കൈവശം ബാക്കിയുള്ള ഈസ്‌റ്റേണ്‍ ഓഹരികള്‍ക്ക് പകരമായി, ലയനശേഷമുള്ള പുതിയ കമ്പനിയില്‍ ഓഹരി പങ്കാളിത്തം നല്‍കും.

1968ല്‍ അടിമാലിയില്‍ എം ഇ മീരാന്‍ ആരംഭിച്ച പലചരക്ക് വ്യാപാര ബിസിനസില്‍ നിന്നാണ് ഈസ്റ്റേണിന്റെ തുടക്കം. 1983ലാണ് ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് പിറവിയെടുക്കുന്നത്. കൊച്ചി ആസ്ഥാനമായുള്ള കമ്പനിക്ക് നിലവില്‍ 900 കോടി രൂപ വാര്‍ഷിക വിറ്റുവരവുണ്ട്. എം. ഇ മീരാന്റെ മകന്‍ നവാസ് മീരാണ് ഇപ്പോള്‍ ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍. നവാസിന്റെ സഹോദരന്‍ ഫിറോസ് മീരാന്‍ ഈസ്‌റ്റേണ്‍ മാനേജിംഗ് ഡയറക്റ്ററും. ഈസ്‌റ്റേണ്‍ സ്ഥാപകരായ മീരാന്‍ കുടുംബത്തിന് നിലവില്‍ കമ്പനിയില്‍ 74 ശതമാനം ഓഹരിയാണുള്ളത്. 26 ശതമാനം ഓഹരികള്‍ രാജ്യാന്തര യുഎസ് കമ്പനിയായ മക് കോര്‍മിക്കിന്റെ കൈവശമാണ്.

1250 കോടി രൂപയുടെ മൂലധന സമാഹരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക്

സൗത്ത് ഇന്ത്യന്‍ ബാങ്ക് 1250 കോടി രൂപയുടെ മൂലധന സമാഹരിക്കും. ബാങ്കിന്റെ അധികൃത മൂലധനം 350 കോടി രൂപയായി വര്‍ധിപ്പിക്കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇപ്പോള്‍ അധികൃത മൂലധനം 250 കോടി രൂപയാണ്. ഒരു രൂപ വിലയുള്ള 250 കോടി ഓഹരികളാണുള്ളത്. ഇത് 350 കോടിയായി വര്‍ധിപ്പിക്കാനാണ് തീരുമാനം.

ഓഹരികളിലൂടെ 750 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 500 കോടി രൂപ കടപ്പത്രങ്ങളിലൂടെയും സമാഹരിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ പിന്നീടുണ്ടാകും. മൂലധന സമാഹരണ നടപടിക്രമങ്ങള്‍ക്ക് ആര്‍ ബി ഐ, സെബി എന്നിവയുടെ അനുമതികളും ലഭിക്കേണ്ടതുണ്ട്.

നിലവില്‍ ബാങ്കിന് പര്യാപ്തമായ നിലയില്‍ മൂലധനമുണ്ട്. ഇത് സംബന്ധിച്ച് മുന്‍കൂര്‍ തീരുമാനമെടുത്തത് മൂലധന സമാഹരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ വൈകാതിരിക്കാനാണ്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിഎസ്എല്ലായി 50 കോടി രൂപ വരെ വായ്പ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ഗണന മേഖല വായ്പ (പിഎസ്എല്‍) മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് (വ്യവസായ മന്ത്രാലയം നിര്‍വചിച്ചിരിക്കുന്നത് പ്രകാരം) 50 കോടി രൂപ വരെയുള്ള വായ്പയും പിഎസ്എല്‍ വിഭാഗമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖല മാത്രമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നതെങ്കില്‍, ഈ വിഭാഗത്തിലേക്ക് വായ്പയുടെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനിക്കുകയും ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും നിര്‍ദേശിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കുമെന്നും പറയുന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കായി (എഫ്പിഒ) ബാങ്കുകള്‍ക്കിപ്പോള്‍ 5 കോടി രൂപവരെ വായ്പ നല്‍കാം.

പുനരുപയോഗ ഊര്‍ജ്ജ ഉല്‍പാദനത്തിനായി വ്യക്തിഗത തലത്തില്‍ 10 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനും കുടിവെള്ള സൗകര്യത്തിനും ശുചിത്വ സൗകര്യങ്ങള്‍ക്കുമായി ബാങ്കുകള്‍ക്ക് 5 കോടി രൂപവരെ വായ്പ നല്‍കാവുന്നതാണ്. കൊവിഡാനന്തര ആരോഗ്യ സംരക്ഷണം, ശുചിത്വം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നി ഫോക്കസ് ഏരിയകളായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ മേഖലകളെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധ നേടിയ മറ്റൊരു പ്രധാന മേഖലയാണ് ഊര്‍ജ്ജം. 'സ്റ്റാര്‍ട്ടപ്പുകളെ പിഎസ്എല്ലില്‍ ഉള്‍പ്പെടുത്തുന്ന നടപടി, ബാങ്ക് ക്രെഡിറ്റിലേക്ക് അവയെ അടുപ്പിക്കുകയും അവരുടെ മൂലധനച്ചെലവ് കുറയ്ക്കും.

സംരംഭങ്ങളുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് ആവശ്യമുള്ളപ്പോള്‍ പിന്തുടരേണ്ട ഒരേയൊരു വഴി ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ ആയിരിക്കില്ല, 'ഡൗണ്‍ റൗണ്ട്' കാരണം സാധാരണ ഓഹരി ഉടമകളെ തുടച്ചുനീക്കാനുള്ള സാധ്യത ഇത് വളരെയധികം ലഘൂകരിക്കും,' എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് വ്യക്തമാക്കി. അവസാനമായി മുന്‍ഗണനാ മേഖലാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത് 2015 -ലായായിരുന്നു.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പരാതികളുടെ എണ്ണം 3000 കവിഞ്ഞു

വകയാര്‍ പോപ്പുലര്‍ ഫിനാന്‍സിന് എതിരേയുള്ള സാമ്പത്തിക തിരിമറിയില്‍  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പോപ്പുലറില്‍ നിന്നും  പണം കിട്ടാനായി  കോന്നി പോലീസില്‍ 3000 പേരുടെ പരാതി ലഭിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സിന്റെ ശാഖകളില്‍ പണം നിക്ഷേപിച്ചവരില്‍ അധികവും വിരമിച്ച അധ്യാപകരും, പുറംനാട്ടില്‍നിന്ന് വന്ന മലയാളികളുമാണെന്നും ഇവരുടെ റിട്ടയര്‍മെന്റ് നിക്ഷേപങ്ങളെല്ലാം നഷ്ടപ്പെട്ട കണക്കുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്ഥിരനിക്ഷേപം എന്ന പേരിലിട്ട തുകകള്‍ പലതും ഓഹരി വിപണിയുടെ മാതൃകയിലാണ് പോപ്പുലറിന്റെ അക്കൗണ്ടില്‍ കാണുന്നത്. ഇത് മാനേജ്‌മെന്റ് ആസൂത്രിതമായി ചെയ്തതാണെന്ന് പോലീസ് റിപ്പോര്‍ട്ട്.

ഈ മാസം 12 മുതല്‍ 40 റൂട്ടുകളില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്

സെപ്റ്റംബര്‍ 12 മുതല്‍ 40 ജോഡി പുതിയ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിപ്പ് പുറത്തുവിട്ടു.  സെപ്റ്റംബര്‍ 10 മുതല്‍ ഇതിലേക്കുളള റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു. നിലവില്‍ 230 പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അണ്‍ലോക്ക് നാലുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നതിനുവേണ്ടിയുളള പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. സംസ്ഥാനസര്‍ക്കാരുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

കൊറോണ അപ്‌ഡേറ്റ്‌സ്

കേരളത്തില്‍ ഇതുവരെ

രോഗികള്‍:2655, മരണം:337

ലോകത്ത് ഇതുവരെ

രോഗികള്‍: 26,609,482, മരണം:874,369

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍: 4,023,179, മരണം:69,561

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT