ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യൂട്യൂബര്‍ ധ്രുവ് റാഠിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ''സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ച് കാണരുത്' എന്നതായിരുന്നു. കുറച്ചുമാസങ്ങളായി യുട്യൂബില്‍ ട്രെന്‍ഡിംഗാണ് ഈ ചെറുപ്പക്കാരന്റെ വീഡിയോകള്‍. ഇതിന് മുമ്പുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങേയറ്റം നിറഞ്ഞുനിന്നത് ബി ജെ പിയായിരുന്നു. എന്നാല്‍ 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കളി മാറി. ധ്രുവ് റാഠി പോലുള്ള സ്വതന്ത്ര വ്‌ളോഗര്‍മാരുടെ ശബ്ദം ഇന്ത്യയും ലോകവും കേള്‍ക്കാന്‍ തുടങ്ങി. ദി ഇക്കണോമിസ്റ്റ് പോലുള്ള ആഗോള മാധ്യമങ്ങളില്‍ വരെ ഇവര്‍ ഉന്നയിച്ച കാര്യങ്ങള്‍ വാര്‍ത്തയാവുകയും ചെയ്തു.
ഇന്ത്യയില്‍ 47.60 കോടി യുട്യൂബ് വ്യൂവേഴ്‌സ് ഉണ്ടെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സേഴ്‌സിനുള്ള സ്വാധീനവും ആര്‍ക്കും കുറച്ച് കാണാനുമാവില്ല. ധ്രുവ് റാഠിയുടെ 'Modi: The Real Story' എന്ന വീഡിയോ കണ്ടത് 2.70 കോടി ആളുകളാണ്. ധ്രുവ് റാഠിയെ രാജ്യത്തെ ഏറ്റവും പുതിയ വലിയ സംഭവം എന്നാണ് മുതിര്‍ന്ന മാധ്യമ നീരീക്ഷകര്‍ വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ വസ്തുതകള്‍ വെച്ചുകൊണ്ട് കഥ പറയും പോലെ ലളിതമായി കാര്യങ്ങള്‍ പറയുന്ന ധ്രുവ് റാഠിയാണ് ഒരര്‍ത്ഥത്തില്‍ ഇന്ത്യ മുന്നണിയുടെ ശക്തമായ സോഷ്യല്‍ മീഡിയ നാവായി മാറിയതെന്ന് പോലും പറയാം.
തുടരുന്ന പോരാട്ടം
കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാഠിയാണ്.
മെക്കാനിക്കല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനാണ് താമസം. ധ്രുവ് റാഠി വ്‌ളോഗിന് രണ്ടുകോടിയിലേറെ സബ്‌സ്‌ക്രൈബര്‍മാരുണ്ട്. 2011ലെ അഴിമതി വിരുദ്ധ പോരാട്ടകാലം മുതല്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ധ്രുവ് റാഠി നിലവില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്നാണ് പറയുന്നത്.
ഹരിയാനക്കാരനായ ധ്രുവ് റാഠി ഗ്രാമീണ മേഖലയിലുള്ളവരിലേക്ക് കൂടുതലായെത്താന്‍ വാട്‌സാപ്പ് ചാനലിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുവരികയാണ്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്‌സാപ്പ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്ന് സൂചനകളുണ്ട്.
വസ്തുതാവിരുദ്ധമായ വാട്‌സാപ്പ് സന്ദേശങ്ങള്‍ പടച്ചുവിടുന്ന, വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലെ വിവിരങ്ങള്‍ വിശ്വസിക്കുന്ന ജനങ്ങളിലേക്ക് വസ്തുതകളുമായി ധ്രുവ് റാഠിയെ പോലെ വിദ്യാഭ്യാസമുള്ള, ലളിതമായി കാര്യങ്ങള്‍ പറയുന്ന വ്‌ളോഗര്‍മാര്‍ കടന്നുവരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'തനി രാഷ്ട്രീയക്കാര്‍' വിയര്‍ക്കും.
Read DhanamOnline in English
Subscribe to Dhanam Magazine