News & Views

''നികുതി നിര്‍മാതാക്കള്‍'' -ഇന്ത്യയെക്കുറിച്ച് ട്രംപ്; അമേരിക്കയില്‍ നിന്ന് കൂടുതല്‍ പടക്കോപ്പ് വാങ്ങണമെന്ന് ആവശ്യം

അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതി അനുവദിക്കില്ലെന്നും ട്രംപ്

Dhanam News Desk

ഇന്ത്യയും ചൈനയും ബ്രസീലും അപാരമായ നികുതി നിര്‍മാതാക്കളെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപുമായി ടെലിഫോണ്‍ സംഭാഷണം നടക്കുകയും ഫെബ്രുവരിയില്‍ കൂടിക്കാഴ്ച നിശ്ചയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ വെടിപൊട്ടിക്കല്‍.

നികുതി നിര്‍മാതാക്കളായ ഈ മൂന്നു രാജ്യങ്ങളെയും ഈ രീതിയില്‍ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്ക ആദ്യം എന്ന നയം നടപ്പാക്കുകയാണ് തന്റെ കാര്യപരിപാടി. ചൈനയും ഇന്ത്യയും ബ്രസീലും ബ്രിക്‌സ് രാജ്യങ്ങളിലെ സ്വാധീന ശക്തികളാണെന്ന് ട്രംപ് പറഞ്ഞു. മൂന്നു കൂട്ടര്‍ക്കും അവരുടെ താല്‍പര്യങ്ങളാണ് പ്രധാനം. അവരുടെ ഈ നയം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ദോഷകരമാണ്. അമേരിക്കക്ക് ദോഷം ചെയ്യുന്നവര്‍ക്കു മേല്‍ നികുതി ഭാരം കൂട്ടുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.

ഫ്ലോറിഡയില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്ക് ദോഷം ചെയ്ത് സ്വന്തം നാട് നന്നാക്കാനാണ് ഈ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ഇന്ത്യയുടെ നികുതി രീതികള്‍ക്കെതിരെ തെരഞ്ഞെടുപ്പു പ്രചാരണ വേളയിലും ട്രംപ് ശക്തമായി പറഞ്ഞിരുന്നു.

ആദ്യ സംഭാഷണത്തില്‍ തന്നെ കച്ചവട ലക്ഷ്യം

പ്രസിഡന്റ് സ്ഥാനമേറ്റ ട്രംപിനെ അഭിനന്ദിക്കാന്‍ കഴിഞ്ഞ ദിവസം ടെലിഫോണില്‍ വിളിച്ചപ്പോള്‍, അമേരിക്കന്‍ പടക്കോപ്പുകള്‍ കൂടുതലായി ഇന്ത്യ വാങ്ങുമെന്ന പ്രതീക്ഷ മോദിയോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍ നിര്‍മിത സുരക്ഷാ സാമഗ്രികള്‍ കൂടുതലായി ഇന്ത്യ സംഭരിക്കേണ്ടിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നായിരുന്നു ഇതേക്കുറിച്ച് വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവന വിശദീകരിച്ചത്. ശരിയായ ഉഭയകക്ഷി വ്യാപാര ബന്ധത്തിലേക്ക് നീങ്ങണമെന്ന കാര്യവും ട്രംപ് ഓര്‍മിപ്പിച്ചു. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് തിരിച്ചു കൊണ്ടുവരുന്ന പ്രശ്‌നത്തില്‍, ശരിയായത് മോദി ചെയ്യുമെന്നാണ് ട്രംപ് പ്രതികരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT