Donald Trump, Elon musk, us flag Canva
News & Views

ഉറ്റ ചങ്ങാതിമാരുടെ പൊരിഞ്ഞ അടി! ട്രംപിനെ വൈറ്റ് ഹൗസില്‍ നിന്ന് ഇറക്കിവിടാന്‍ മസ്‌ക്; ടെസ്‌ല പൂട്ടിക്കുമെന്ന് ട്രംപ്; മസ്‌കിന്റെ പാര്‍ട്ടി പിറക്കുമോ? ട്രംപിനു കീഴില്‍ അമേരിക്ക കൂടുതല്‍ മാന്ദ്യത്തിലേക്കോ?

വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ഇളവുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കമാണ് ഇപ്പോള്‍ ഇലോണ്‍ മസ്‌കിനെ ചൊടിപ്പിക്കുന്നത്

Dhanam News Desk

അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഉറ്റ ചങ്ങാതിമാര്‍ ഉടക്കിയതോടെ ബിസിനസ്, രാഷ്ട്രീയ രംഗങ്ങളില്‍ പ്രതിസന്ധികളുണ്ടാകുമോ എന്ന് ആശങ്ക. ലോക കോടീശ്വരനായ ഇലോണ്‍ മസ്‌കും ഉറ്റ ചങ്ങാതിയായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുകയാണ്. മസ്‌കിന്റെ ഉടമയിലുള്ള ടെസ്‌ല കാര്‍ കമ്പനികള്‍ക്കുള്ള കോണ്‍ട്രാക്ടുകള്‍ റദ്ദാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ മസ്‌കിന്റെ ബിസിനസിന് ഇടിവുണ്ടാകുമെന്ന ആശങ്ക വളര്‍ന്നിട്ടുണ്ട്. അതിനിടെ, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ മസ്‌ക് പിന്തുണച്ചതോടെ രാഷ്ട്രീയ രംഗത്തേക്കും ഈ തര്‍ക്കം വളരുകയാണ്.

ആരോപണങ്ങളുമായി വമ്പന്മാര്‍

ട്രംപ് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലും മസ്‌ക് എക്‌സിലുമാണ് പരസ്പരം കൊമ്പു കോര്‍ക്കുന്നത്.ട്രംപിന്റെ ഉയര്‍ന്ന താരിഫുകള്‍ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് മസ്‌ക് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ ബജറ്റില്‍ പണം ലാഭിക്കാനുള്ള എളുപ്പവഴി ഇലോണ്‍ മസ്‌കിന് നല്‍കി വരുന്ന സബ്‌സിഡികളും കോണ്‍ട്രാക്ടുകളും റദ്ദാക്കുകയാണെന്ന് ട്രംപ് തുറന്നടിച്ചു. വൈദ്യുതി വാഹനങ്ങളില്‍ ടെസ്‌ലക്ക് ലഭിച്ചിരുന്ന ഇളവുകള്‍ ഇല്ലാതാകുമെന്ന ഭയം കൊണ്ടാണ് തന്റെ ബില്ലിനെ ഇലോണ്‍ മസ്‌ക് എതിര്‍ക്കുന്നത്. എല്ലാവരും ഇലക്ടിക് വാഹനങ്ങള്‍ വാങ്ങണമെന്ന ഇ.വി നിയമം എടുത്തു കളഞ്ഞതോടെ മസ്‌ക് പ്രകോപിതനാകുകയായിരുന്നെന്നും ട്രംപ് എക്‌സില്‍ പറഞ്ഞു. അതേസമയം,സര്‍ക്കാരിന്റെ ഇ.വി ബില്ലിനെ താന്‍ എതിര്‍ക്കുന്നില്ലെന്ന് മസ്‌ക് വ്യക്തമാക്കി. ട്രംപ് അവതരിപ്പിച്ച റിപ്പബ്ലിക്കന്‍ ലെജിസ്ലേറ്റീവ് പാക്കേജ് അമേരിക്കയുടെ ധനകമ്മി വര്‍ധിപ്പിക്കുമെന്നും വൈദ്യുതി വാഹന വിപണിയെ തകര്‍ക്കുമെന്നും മസ്‌ക് കുറ്റപ്പെടുത്തുന്നു. ട്രംപിന്റ ഇവി ബില്ലില്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള 7,500 ഡോളറിന്റെ നികുതി ഇളവുകള്‍ റദ്ദാക്കാന്‍ നിര്‍ദേശമുണ്ട്. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ടെസ്‌ലയെയായിരിക്കും. മസ്‌കിന്റെ കമ്പനികള്‍ക്കുള്ള കോണ്‍ട്രാക്ടുകള്‍ മരവിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയോടെയാണ് മസ്‌ക് പരസ്യ വിമര്‍ശനവുമായി എത്തിയത്. ട്രംപിന്റെ നീക്കത്തിന് മറുപടിയായി, ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ് ഡീകമ്മീഷന്‍ ചെയ്യുമെന്ന ഭീഷണി മസ്‌കും ഉയര്‍ത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രകള്‍ക്ക് നാസ ആശ്രയിക്കുന്ന പ്രധാന വാഹനമാണ് ഡ്രാഗണ്‍ സ്‌പേസ് ക്രാഫ്റ്റ്.

അസ്വാരസ്യങ്ങള്‍ ഫെബ്രുവരിയില്‍ തുടങ്ങി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന സാമ്പത്തിക ശക്തിയായിരുന്ന മസ്‌ക്, ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം ഉന്നത പദവിയാണ് അലങ്കരിച്ചത്. വൈറ്റ് ഹൗസില്‍ ട്രംപിന്റെ തോളോട് തോള്‍ ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട മസ്‌ക്, ട്രംപിന്റെ വിജയം ആഘോഷമാക്കി മാറ്റുന്നതിലും മുന്നിലുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഭരണ കാര്യക്ഷമത വകുപ്പ് മേധാവി എന്ന പദവിയില്‍ എത്തിയതോടെ കൂടുതല്‍ കരുത്തനായി മാറുകയും ചെയ്തു.

എന്നാല്‍ ട്രംപിന്റെ ആദ്യ കാബിനറ്റ് മീറ്റിംഗ് ഫെബ്രുവരിയില്‍ നടന്നതിന് ശേഷം മസ്‌കും ട്രംപും തമ്മില്‍ അസ്വരസ്യങ്ങള്‍ ഉള്ളതായി വിവരങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ മസ്‌കിനെ അനുകൂലിച്ച് ട്രംപ് രംഗത്തത്തി. ഇലോണുമായി ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവരെ പിടിച്ച് പുറത്താക്കുമെന്നു വരെ ട്രംപ് പരസ്യമായി പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള യാത്രകള്‍ എയര്‍ഫോഴ്‌സ് വണില്‍ ഒന്നിച്ചായിരുന്നു. വൈറ്റ് ഹൗസില്‍ മസ്‌ക് രാത്രി തങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ട്രംപ് എന്ന് മസ്‌ക് പരസ്യമായി പറഞ്ഞു. ടെസ്‌ല കാറിന്റെ ഷോറൂമാക്കി വൈറ്റ് ഹൗസിനെ ട്രംപ് മാറ്റിയതായും വിമര്‍ശനങ്ങളുണ്ടായി. ടെസ്‌ലയുടെ സൈബര്‍ ട്രക്ക്, മോഡല്‍ എസ് എന്നീ മോഡലുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്തു. താന്‍ ടെസ്‌ല കാര്‍ വാങ്ങിയതായി ട്രംപ് പറയുകയും ചെയ്തിരുന്നു. ട്രംപും മസ്‌കും തമ്മിലുള്ള ബന്ധം തകര്‍ന്ന ശേഷവും കാറുകള്‍ വൈറ്റ് ഹൗസിന് മുന്നില്‍ തന്നെയുണ്ട്.

ട്രംപിനെ ഇംപീച്ച് ചെയ്യണം

ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ഇപ്പോള്‍ ഇലോണ്‍ മസ്‌ക്കും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ജെ.ഡി വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്ന ആവശ്യത്തെ പിന്തുണക്കുന്നതായി മസ്‌ക് പറഞ്ഞു. ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന കാമ്പയിനെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് മസ്‌ക് ഇപ്പോള്‍ നടത്തി വരുന്നത്.

വിവാദമായ ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളില്‍ ട്രംപിന്റെ പേരും ഉള്‍പ്പെടുന്നുണ്ടെന്നും അതു കൊണ്ടാണ് ഫയലയിലെ വിവരങ്ങള്‍ പുറത്തു വിടാത്തതെന്നും മസ്‌ക് ആരോപിച്ചിരുന്നു. ''ഭാവിയിലേക്കുള്ള വരയിട്ടു വെച്ചിരിക്കുന്നു. സത്യം പുറത്തുവരും''- മസ്‌ക് എക്‌സില്‍ കുറിച്ചു.

ട്രംപ് നന്ദിയില്ലാത്ത നേതാവാണെന്ന് കുറ്റപ്പെടുത്തിയ മസ്‌ക്, തന്റെ സാമ്പത്തിക പിന്തുണ ഇല്ലായിരുന്നെങ്കില്‍ ട്രംപ് ജയിക്കില്ലായിരുന്നന്നും കൂട്ടിച്ചേര്‍ത്തു. അതിനിടെ, അമേരിക്കയിലെ മധ്യ വര്‍ഗക്കാരെ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ മസ്‌ക് ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വിവാദങ്ങളെ തുടര്‍ന്ന് ടെസ്‌ല ഓഹരി വില 14 ശതമാനം ഇടിവിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT