News & Views

വല്ലാര്‍പാടത്ത് പുതിയ വെയര്‍ഹൗസ് ഫെസിലിറ്റി സെന്റര്‍ തുറന്ന് ഡിപി വേള്‍ഡ്

യു.എസ് ആസ്ഥാനമായ മോണ്ടലീസിന് ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള വിതരണം കൂടുതല്‍ എളുപ്പമാക്കുന്നതിന് പുതിയ വെയര്‍ഹൗസ് സൗകര്യം പ്രയോജനം ചെയ്യും

Dhanam News Desk

കൊച്ചി വല്ലാര്‍പാടം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് പുതിയ വെയര്‍ഹൗസ് ഫെസിലിറ്റി തുറന്നു. കാഡ്ബറി, ഓറിയോ ഉള്‍പ്പെടെയുള്ള ഭക്ഷ്യ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ മോണ്ടലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനായിട്ടാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

യു.എസ് ആസ്ഥാനമായ മോണ്ടലീസിന് ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള വിതരണം കൂടുതല്‍ എളുപ്പമാക്കുന്നതിന് പുതിയ വെയര്‍ഹൗസ് സൗകര്യം പ്രയോജനം ചെയ്യും. വെയര്‍ഹൗസ് സൗകര്യം പൂര്‍ണമായും ഡിപി വേള്‍ഡിന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഡ്രൈ ഫ്രൂട്ട്‌സിനൊപ്പം 18-25 ഡിഗ്രി സെല്‍ഷ്യസില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള വിപുലമായ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വല്ലാര്‍പാടം തുറമുഖം നേട്ടത്തില്‍

കഴിഞ്ഞ വര്‍ഷം ജൂണില്‍ പുതിയ സ്വതന്ത്ര വ്യാപാര മേഖല ഡിപി വേള്‍ഡ് വല്ലാര്‍പാടത്ത് ആരംഭിച്ചിരുന്നു. 75,000 ചതുരശ്രയടിയില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ വ്യാപാരകേന്ദ്രം. വല്ലാര്‍പാടം ടെര്‍മിനലിന്റെ കൊച്ചി തുറമുഖ പരിസരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര വെയര്‍ഹൗസിംഗ് സോണും ഇന്ത്യയിലെ മൂന്നാമത്തെ ഡി.പി വേള്‍ഡ് ഇക്കണോമിക് സോണുമാണ് കൊച്ചിന്‍ ഇക്കണോമിക് സോണ്‍.

കൊച്ചിയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ഇറക്കുമതി, കയറ്റുമതി അധിഷ്ടിത വ്യാപാരം വര്‍ധിപ്പിക്കാന്‍ ഈ സ്വതന്ത്ര വ്യാപാര കേന്ദ്രത്തിലൂടെ സാധിക്കും. ചരക്ക് നീക്കത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം നേടാന്‍ വല്ലാര്‍പാടം തുറമുഖത്തിന് സാധിച്ചിരുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 8,34,665 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകളാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 7,54,237 ടി.ഇ.യു കണ്ടെയ്നറുകളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. തുറമുഖത്തെ ട്രാന്‍സ്ഷിപ്പ്മെന്റും ഇക്കുറി റെക്കോഡ് നേട്ടത്തിലാണ്. 1,69,562 ടി.ഇ.യു കണ്ടെയ്നറുകളാണ് ട്രാന്‍സ്ഷിപ്പ്മെന്റിനായി തുറമുഖത്ത് വന്ന് പോയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT