''Success often comes to those who dare and act. It seldom goes to the timid who are ever afraid of the consequences''
ഒരിക്കല്‍ ധനത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഡോ. ജി പി സി നായര്‍ ഉദ്ധരിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളാണിത്. നെഹ്‌റുവിന്റെ ഈ വാചകം ഡോ. ജി പി സി നായര്‍ക്ക് വെറും ഉദ്ധരണിയല്ല, മറിച്ച് ജീവിതത്തെയും പ്രവര്‍ത്തന മണ്ഡലത്തെയും സ്വാധീനിച്ച ഒരു ഘടകമാണ്.
ഇന്ന് ശതാഭിഷേകത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഡോ. ജി പി സി നായര്‍ വിശ്വസിക്കുന്നത് കര്‍മത്തില്‍ മാത്രമാണ്. പരാജയങ്ങള്‍ പലത് സംഭവിച്ചിട്ടും, അനുഭവങ്ങളെ പാഠങ്ങളാക്കി, ആത്മവിശ്വാസത്തോടെ കഠിനാധ്വാനം ചെയ്ത ദീര്‍ഘദര്‍ശിയായ ഒരു സംരംഭകന് എന്തെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന ഡോ. ജി പി സി നായര്‍ ഇക്കാലം കൊണ്ട് തെളിയിച്ചുകഴിഞ്ഞു.
സ്വന്തം വീടിനോട് ചേര്‍ന്ന് വിരലിലെണ്ണാവുന്ന കുട്ടികളുമായി ഡോ. ജി പി സി നായര്‍ ആരംഭിച്ച എസ് സി എം എസ് ഗ്രൂപ്പ് ഇന്ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ അഭിമാനമാണ്.
1981ല്‍ 15 ലക്ഷം രൂപ മുതല്‍ മുടക്കില്‍ സ്ഥാപിച്ച സ്റ്റീല്‍ ഉല്‍പ്പാദന യൂണിറ്റ് തുടക്കം മുതലുള്ള പ്രശ്‌നങ്ങളില്‍ പെട്ട് അടച്ചുപൂട്ടിയ കഥ വിവരിച്ചുകൊണ്ട് ഡോ. ജി പി സി നായര്‍ ഒരിക്കല്‍ പറഞ്ഞു. ''വലിയ നഷ്ടം ഉണ്ടായെങ്കിലും അതുവഴി ഞാന്‍ അതിലും വലിയ പാഠം പഠിച്ചു. അറിയാവുന്ന മേഖലയിലെ കൈ വെയ്ക്കാവൂ.''
ഡോ. ജി പി സി നായര്‍ സ്ഥാപിച്ച എന്‍ജിനീയറിംഗ് കോളെജ് ഇന്ന് കേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുമ്പോഴും അതിന്റെ തുടക്കത്തില്‍ എടുത്ത റിസ്‌ക് അതിശയപ്പിക്കുന്നതാണ്. എന്‍ജിനീയറിംഗ് കോളെജിനായി മൂന്നരക്കോടിയോളം രൂപ വായ്പയെടുക്കാന്‍ ബാങ്കിനെ സമീപിച്ചപ്പോഴും അത് തിരിച്ചടയ്ക്കാനുള്ള വഴി ഏതാണെന്ന് പോലും ഡോ. ജി പി സി നായര്‍ക്ക് വ്യക്തതയില്ലായിരുന്നു. എന്തിനധികം പറയുന്നു, കോളെജിന് അനുമതി കിട്ടുമെന്ന് പോലും ഉറപ്പില്ലായിരുന്നു! വായ്പ നല്‍കാന്‍ തയ്യാറാകാതിരുന്ന ബാങ്കിന് മുന്നില്‍ ഒരു ദിനം കുത്തിയിരുന്ന് വായ്പ വാങ്ങിയെടുത്ത ഡോ. ജി പി സി നായരുടെ മനഃക്കരുത്ത് അദ്ദേഹത്തിന്റെ ഓരോ സംരംഭക ചുവടുവെപ്പിലും പ്രകടമാണ്.
പത്രപ്രവര്‍ത്തനം, പബ്ലിക് റിലേഷന്‍സ് - അഡൈ്വര്‍ടൈസിംഗ് എന്നീ മേഖലകളില്‍ ബിരുദാനന്തര ബിരുദം, മാനേജ്‌മെന്റില്‍ ബിരുദാന്തര ഡിപ്ലോമ, മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദം, അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് പി എച്ച് ഡി എന്നിവ നേടിയിട്ടുള്ള ഡോ. ജി പി സി നായര്‍, ഇക്കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പുതിയ കാലം മുന്നോട്ട് വെയ്ക്കുന്ന അവസരങ്ങളെ കുറിച്ചാണ്.
വിദ്യാഭ്യാസ രംഗത്ത് മാത്രമുള്ള ഗവേഷണ മേഖലയിലും എസ് സി എം എസ് തലയുയര്‍ത്തി നില്‍ക്കുന്നത് പുതുമകളും ബദലുകളും എന്നും തേടുന്ന സദാ ജാഗരൂകമായ മനസ്സുള്ള ഒരു സാരഥി അതിനുള്ളതുകൊണ്ടാണ്. സൗത്ത് കളമശ്ശേരിയിലെ എസ് സി എം എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോസയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റില്‍ നിന്ന് വെളിച്ചെണ്ണയില്‍ നിന്ന് വാഹന ഇന്ധനം, തെങ്ങില്‍ നിന്ന് നീര തുടങ്ങി നിരവധി ഗവേഷണഫലങ്ങള്‍ ഇതിനകം പുറത്തുവരികയും ചെയ്തിട്ടുണ്ട്.
ജലഗവേഷണ മേഖലയില്‍ അന്തര്‍ദേശീയ തലത്തിലുള്ള സാങ്കേതിക സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന എസ് സി എം എസ് വാട്ടര്‍ ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തു തന്നെ ഈ മേഖലയിലെ ആദ്യത്തെ സംരംഭമാണ്. ഡോ. ജി പി സി നായരുടെ വഴിയെ, അദ്ദേഹത്തിന്റെ വലംകൈയായി നിന്ന് എസ് സി എം എസിനെ പുതിയ മേഖലകളിലൂടെ അതിവേഗം മുന്നോട്ട് നയിച്ച മൂത്തമകന്‍ ഡോ. പ്രദീപ് തേവന്നൂര്‍ അകാലത്തില്‍ വേര്‍പിരിഞ്ഞെങ്കിലും ഇളയമകന്‍ ഡോ. പ്രമോദ് പി തേവന്നൂര്‍ അമരത്തുനിന്ന് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ട്രെന്‍ഡ് സെറ്റര്‍ എന്ന ബഹുമതിക്ക് എന്തുകൊണ്ടും യോജ്യനായ ഡോ. ജി പി സി നായര്‍, ഇന്നും കര്‍മനിരതനാണ്. ജീവിത വിജയത്തിന്റെ അടിസ്ഥാനം കഠിനാധ്വാനം മാത്രമാണെന്ന സന്ദേശം നല്‍കി കൊണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine