ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ നടത്തുന്നു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡയറക്ടറും ഡോ. മൂപ്പന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ അനൂപ് മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍ എന്നിവര്‍ സമീപം. 
News & Views

ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പുമായി ആസാദ് മൂപ്പന്‍, എം.ബി.ബി.എസ്, ബി.എസ്.സി നേഴ്‌സിംഗ്, ബിഫാം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ്

വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് നേഴ്‌സിംഗ് കോളജ്, ഡോ. മൂപ്പന്‍സ് കോളജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാകും വാര്‍ഷിക സ്‌കോളര്‍ഷിപ്പിന് അര്‍ഹത

Dhanam News Desk

അക്കാദമിക രംഗത്ത് മികവു പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. ഡോ. മൂപ്പന്‍സ് ലെഗസി എന്ന പേരിലുള്ള സ്‌കോളര്‍ഷിപ്പ് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് (ജൂലൈ 28) പ്രഖ്യാപിച്ചു.

അടുത്ത അഞ്ചുവര്‍ഷത്തിനിടെ 125 വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അഞ്ചുപേര്‍ക്ക് എം.ബി.ബി.എസ്, 10 ബി.എസ്.സി നേഴ്‌സിംഗ്, 10 ബിഫാം ഉള്‍പ്പെടെ 25 പേര്‍ക്കാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം അനുവദിക്കുന്നത്. സാമ്പത്തികമായുള്ള പിന്നോക്കാവസ്ഥ ഉള്‍പ്പെടെ പരിഗണിച്ചാകും അര്‍ഹരായവരെ കണ്ടെത്തുന്നത്.

പഠനസൗകര്യം വയനാട്ടില്‍

വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ്, ഡോ. മൂപ്പന്‍സ് നേഴ്‌സിംഗ് കോളജ്, ഡോ. മൂപ്പന്‍സ് കോളജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കാകും വാര്‍ഷിക സ്‌കോളര്‍ഷിപ്പിന് അര്‍ഹത. സ്‌കോളര്‍ഷിപ്പ് നല്കുന്നതിനായി പ്രതിവര്‍ഷം മൂന്നു കോടി രൂപ ചെലവഴിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

എം.ബി.ബി.എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരെ തിരഞ്ഞെടുക്കുന്നതിന് നീറ്റ് പരീക്ഷയിലെ ഉയര്‍ന്ന റാങ്കും മികച്ച അക്കാദമിക പശ്ചാത്തലവുമാകും പരിഗണിക്കുക. നേഴ്‌സിംഗ്, ബിഫാം കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കുക സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെയാണ്. വിദഗ്ധ സമിതിയാണ് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുക.

കഴിവുണ്ടായിട്ടും സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ആതുര രംഗത്തേക്ക് എത്തിപ്പെടാതെ പോയവര്‍ നിരവധിയാണ്. സമൂഹത്തിന്റെ നിലനില്പിന് ആരോഗ്യരംഗത്ത് കഴിവുള്ളവര്‍ കടന്നുവരേണ്ടത് അനിവാര്യമാണ്. ഈ ദൗത്യം ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിയെന്ന് ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dmscholarship.in

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഡി.എം.ഇ. ആര്‍.എഫ് ട്രസ്റ്റിയുമായ അലീഷാ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഡയറക്ടറും ഡി.എം.ഇ.ആര്‍.എഫ് ട്രസ്റ്റിയുമായ അനൂപ് മൂപ്പന്‍, എക്‌സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റര്‍ മിംസ് ഡയറക്ടറുമായ യു. ബഷീര്‍, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

Azad Moopen launches Dr. Moopen's Legacy Scholarship to support underprivileged students in medical, nursing, and pharmacy education

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT