ഡ്രൈവിംഗ് ലൈസന്‍സ് കൈയില്‍ കിട്ടണമെങ്കില്‍ ഇനി വെറും 'H' എടുത്താല്‍ മാത്രം പോര. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിക്കാന്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുത്തികൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാന്‍ 10 അംഗ കമ്മിറ്റിയെ ഗതാഗതവകുപ്പ് നിയോഗിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായി സമിതി ഒരാഴ്ചചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
പരിഷ്‌കാരങ്ങള്‍ ഇവയൊക്കെ
ഡ്രൈവിംഗ് ടെസ്റ്റില്‍ ഇനി 'H'ന് പകരം വളഞ്ഞു പുളഞ്ഞ് മുന്നോട്ടും പുറകോട്ടും വാഹനം എടുക്കേണ്ടി വരും. റോഡില്‍ വാഹനം മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഓടിച്ചു കാണിക്കണം. ഡ്രൈവിംഗ് ടെസ്റ്റിനിടെ പാര്‍ക്കിംഗ് പരീക്ഷയും നടത്തും. നിശ്ചിത ബോക്സിലേക്ക് മുന്നോട്ടും പുറകോട്ടും കയറ്റി പാര്‍ക്ക് ചെയ്യാനുള്ള ഡ്രൈവറുടെ കഴിവ് പരീക്ഷിക്കും. ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ പാര്‍ക്ക് ചെയ്ത് കാണിക്കണം.
ലേണേഴ്‌സ് ടെസ്റ്റില്‍ ഇനി മുതല്‍ 30 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഇതില്‍ ഇരുപത്തിയഞ്ച് ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കണ്ടെത്തണം. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരും. എല്ലാം ക്യാമറയില്‍ പകര്‍ത്തും. ഒരു ദിവസം പരമാവധി 20 ലൈസന്‍സ് മാത്രം ഒരു ഓഫീസ് നല്‍കിയാല്‍ മതിയെന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ ഉത്തരവിറക്കാനാണ് തീരുമാനം.
Read DhanamOnline in English
Subscribe to Dhanam Magazine