Dubai city Canva
News & Views

തുടര്‍ച്ചയായ സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഗള്‍ഫ് മേഖലയിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്കിനെ ബാധിക്കും

യുദ്ധം നീണ്ടുനിന്നാല്‍ യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളില്‍ വലിയ ഇടിവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Dhanam News Desk

യൂറോപ്യന്‍ രാജ്യക്കാര്‍ക്ക് പോലും പ്രിയപ്പെട്ട ഇടമായി ഗള്‍ഫ് രാജ്യങ്ങള്‍, പ്രത്യേകിച്ച് യുഎഇ മാറിയത് ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടാണ്. അബുദാബിയിലെയും ദുബൈയിലെയും ഷാര്‍ജയിലെയും റിയല്‍ എസ്റ്റേറ്റ് കുതിപ്പിനാണ് 2025 സാക്ഷ്യം വഹിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളില്‍ നിക്ഷേപം നടത്തിയിരുന്നത്. എന്നാല്‍ പെട്ടെന്ന് ഉരുണ്ടു കൂടിയ പശ്ചിമേഷ്യന്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ നിക്ഷേപങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

യുദ്ധം നീണ്ടുനിന്നാല്‍ യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളില്‍ വലിയ ഇടിവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അടുത്ത കുറച്ച് മാസങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വലിയ ഇടിവിന് വഴിയൊരുക്കിയേക്കും. പല പ്രൊജക്ടുകളുടെയും വേഗം കുറയുന്നതിനും നിര്‍ത്തിവയ്ക്കപ്പെടാനും ഇത് കാരണമാകും.

പ്രത്യാഘാതം വലുത്

യുദ്ധത്തിന്റെ കേന്ദ്രം ഇറാനാണെങ്കിലും പ്രത്യാഘാതം എല്ലാ ജിസിസി രാജ്യങ്ങളിലേക്കും എത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ഇറാന്‍ ലക്ഷ്യംവച്ചതോടെ ഈ രാജ്യങ്ങളിലെ സുരക്ഷ സംബന്ധിച്ച് ലോകത്തിനുണ്ടായിരുന്ന ധാരണകളില്‍ മാറ്റംവരും. കൂടുതല്‍ സുരക്ഷിതമായതും മൂല്യം വര്‍ധിക്കുന്നതുമായ നിക്ഷേപമെന്ന നിലയ്ക്കാണ് പലരും യുഎഇ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപം നടത്തിയിരുന്നത്. അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരത ഭാവിയിലും വലിയ സുരക്ഷഭീഷണി ഉയര്‍ത്തുമെന്ന ധാരണ നിക്ഷേപകരിലേക്ക് പടരും. ഇത് യുഎഇയ്ക്ക് അത്ര സുഖകരമായ കാര്യമല്ല.

2025ല്‍ ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 187 ബില്യണ്‍ ഡോളറിന്റേതായിരുന്നു. 2,15,000 ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ലക്ച്വറി പ്രോപ്പര്‍ട്ടികളുടെ വില്പന കുതിച്ചുയര്‍ന്ന വര്‍ഷം കൂടിയായിരുന്നു 2025. യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നു പോലും നിക്ഷേപകരുടെ വലിയ ഒഴുക്ക് പ്രകടമായിരുന്നു. ലോകത്തിന്റെ ആഡംബര തലസ്ഥാനമായി ദുബൈ മാറുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

2022ല്‍ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനുശേഷമാണ് യൂറോപ്പില്‍ നിന്ന് യുഎഇയിലേക്കുള്ള നിക്ഷേപകരുടെ വരവ് വര്‍ധിച്ചത്. റഷ്യന്‍, യുക്രെയ്‌നിയന്‍ നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിച്ചതോടെ, ലോകത്തിലെ മറ്റെവിടെയെങ്കിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ നിക്ഷേപം നടത്താന്‍ ദുബൈ പലപ്പോഴും സുരക്ഷിതമായ സ്ഥലമാണെന്ന ധാരണ നിക്ഷേപകരിലുണ്ടാക്കി.

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിസമ്പന്നര്‍ ദുബൈയിലേക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ മാറ്റിയതും അടുത്ത കാലത്താണ്. സമാനമാണ് ഇന്ത്യയില്‍ നിന്നുള്ള സമ്പന്നരുടെ മനംമാറ്റവും. ദുബൈയിലേക്ക് കുടുംബത്തെ അടക്കം വേരോടെ മാറ്റിയ ഇന്ത്യന്‍ സമ്പന്നരുടെ എണ്ണവും 2025ല്‍ കൂടുതലായിരുന്നു. ഈ ട്രെന്റ് വരുംവര്‍ഷങ്ങളിലും തുടരുമെന്ന ധാരണയ്ക്കാണ് ഇപ്പോഴത്തെ യുദ്ധം വിരാമമിടുന്നത്.

നിക്ഷേപക മനോഭാവം മാറും

പശ്ചിമേഷ്യയില്‍ എവിടെ സംഘര്‍ഷം നടന്നാലും ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്താഗതി ഉടലെടുക്കാന്‍ ഇറാന്റെ കടന്നാക്രമണം വഴിയൊരുക്കിയിട്ടുണ്ട്. യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തമാക്കിയ വിശ്വാസത്തിനു മേല്‍ കൂടിയാണ് ഇറാന്‍ മിസൈലുകള്‍ വര്‍ഷിച്ചത്. എണ്ണ വരുമാനത്തിലുള്ള അമിത ആശ്രയത്വം കുറയ്ക്കാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സ്വപ്‌നത്തിന്റെ ഭാവിക്കുമേലുള്ള ടേണിംഗ് പോയിന്റാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളെന്ന് നിസംശയം പറയാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT