News & Views

ദുബൈയില്‍ 'സാലിക്' ടോളുകള്‍ കീശ കീറും; പുതിയ നിരക്കുകള്‍ ജനുവരി 31 മുതല്‍

ടോള്‍ നിരക്കുകള്‍ 50 ശതമാനം വര്‍ധിക്കും; റമദാനില്‍ സമയ മാറ്റം

Dhanam News Desk

ദുബൈ നഗരത്തിലെ സാലിക് ടോള്‍ ഗേറ്റുകളില്‍ ഈ മാസം അവസാനം നിരക്കുകള്‍ 50 ശതമാനം വര്‍ധിക്കുന്നത് പ്രവാസികളുടെ ബജറ്റിനെ താളം തെറ്റിക്കും. നഗരത്തിലെ പ്രധാന പാതകളിലുള്ള 10 ടോള്‍ ഗേറ്റിലൂടെ കടന്നു പോകുമ്പോഴും ഇനി കൂടിയ നിരക്കുകള്‍ നല്‍കേണ്ടി വരും. ഒരു തവണ ടോള്‍ ഗേറ്റ് കടക്കുന്നതിനുള്ള നിരക്ക് 4 ദിര്‍ഹത്തില്‍ നിന്ന് 6 ദിര്‍ഹമായാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ മാസമാണ് നിരക്ക് ഉയര്‍ത്താന്‍ ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ടോള്‍ നിയന്ത്രിക്കുന്ന പബ്ലിക് ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായ സാലികിന് അനുമതി നല്‍കിയത്. നിരക്ക് വര്‍ധന കമ്പനിയുടെ ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പുതിയ നിരക്കുകള്‍ ഇങ്ങനെ

ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് പുതിയ നിരക്കുകള്‍. വാഹനത്തിരക്കേറിയ രാവിലെ 6 നും 10 നും ഇടയിലും വൈകീട്ട് 4 നും 8 നും ഇടയിലും 6 ദിര്‍ഹം വീതം നല്‍കണം. രാവിലെ 10 മുതല്‍ 4 വരെയും രാത്രി 8 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും 4 ദിര്‍ഹം തന്നെ തുടരും. ഞായറാഴ്ചകളില്‍ എല്ലാ സമയവും 4 ദിര്‍ഹമാണ് ഈടാക്കുക.

റമദാന്‍ മാസത്തില്‍, പുതിയ നിരക്കുകള്‍ ഈടാക്കുന്ന സമയങ്ങളില്‍ മാറ്റമുണ്ടാകും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് 6 ദിര്‍ഹം ഈടാക്കുക. മറ്റുസമയങ്ങളില്‍ 4 ദിര്‍ഹത്തില്‍ തുടരും. എല്ലാ ദിവസങ്ങളിലും പുലര്‍ച്ച 2 മണിമുതല്‍ രാവിലെ 6 വരെ സൗജന്യമാണ്.

പ്രവാസികള്‍ക്ക് അധിക ബാധ്യത

ടോള്‍ പ്ലാസകളുടെ എണ്ണം കൂടിയതിന് പിന്നാലെ നിരക്കുകളില്‍ കൂടി വര്‍ധന വരുന്നത് പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കും. ജീവനക്കാര്‍ക്കും ബിസിനസുകാര്‍ക്കും കൂടുതല്‍ യാത്ര ചെയ്യേണ്ടി വരുന്ന സമയങ്ങളിലാണ് നിരക്കില്‍ വര്‍ധന വരുന്നത്. മാസം തോറും ഒരാള്‍ക്ക് കുറഞ്ഞത് 200 ദിര്‍ഹമെങ്കിലും ഇതുവഴി അധികമായി ചിലവ് വരും. കഴിഞ്ഞ മാസം മുതല്‍ 2 പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി നിലവില്‍ വന്നത് യാത്രക്കാരുടെ ചിലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. അല്‍ ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും ഷെയ്ക് സായിദ് റോഡില്‍ അല്‍ സഫ സൗത്തിലുമാണ് പുതിയ ടോള്‍ ഗേറ്റുകള്‍. ഇതോടെ ദുബൈ നഗരത്തില്‍ ടോള്‍ ഗേറ്റുകളുടെ എണ്ണം 10 ആയി.

സാലികിന് വരുമാന നേട്ടം

ടോള്‍ നിരക്കുകളില്‍ 50 ശതമാനം വര്‍ധന വരുന്നത് സാലിക് കമ്പനിക്ക് വലിയ വരുമാന നേട്ടമാകും. ഏതാണ്ട് 40 ലക്ഷത്തോളം പേരാണ് ടോള്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്. നിരക്ക് വര്‍ധനയിലൂടെ മാത്രം കമ്പനിയുടെ വരുമാനത്തില്‍ 30 ശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 2022 ല്‍ ദുബൈ ഫിനാൻഷ്യൽ  മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത കമ്പനിക്ക് ടോള്‍ വഴിയുള്ള വാര്‍ഷിക വരുമാനം 160 കോടി ദിര്‍ഹം (3,650 കോടി രൂപ) ആണ്. കമ്പനിയുടെ ലാഭം വര്‍ഷം തോറും വര്‍ധിക്കുന്നത് ഓഹരി ഉടമകളില്‍ പ്രതീക്ഷ വളര്‍ത്തുന്നുണ്ട്. ഷെയറിന് 5.1 ദിര്‍ഹം നിരക്കിലാണ് കഴിഞ്ഞ ദിവസം ഓഹരി ക്ലോസ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT