image credit : canva 
News & Views

ദുബായ് വിസിറ്റ് വിസക്ക് ഈ രണ്ട് രേഖകള്‍ നിര്‍ബന്ധം! പുതിയ മാറ്റം; കുടുങ്ങിയത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍

ദുബായിലേക്കുള്ള വിസിറ്റ് വിസ സേവനങ്ങള്‍ പല ട്രാവല്‍ ഏജന്റുമാരും താത്കാലികമായി നിറുത്തിവച്ചിരിക്കുയാണ്

Dhanam News Desk

വിസിറ്റ് / ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ കര്‍ശനമാക്കി ദുബായ്. ഇനി മുതല്‍ ദുബായിലേക്ക് ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യുന്നവര്‍ ഹോട്ടല്‍ ബുക്കിംഗ് രേഖകളും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമായി കയ്യില്‍ കരുതിയിരിക്കണം. ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച ദുബായ് എമിഗ്രേഷന്‍ വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കുമ്പോള്‍ ക്യൂ.ആര്‍ കോഡുള്ള റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗിന്റെ രേഖകളും സമര്‍പ്പിക്കണം.

നേരത്തെ ദുബായില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഇത്തരം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ റിട്ടേണ്‍ ടിക്കറ്റ് അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരും. ഉറപ്പായ ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ ടിക്കറ്റുമില്ലാതെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളെല്ലാം നിരസിക്കുന്നതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ദുബായിലേക്കുള്ള വിസിറ്റ് വിസ സേവനങ്ങള്‍ പല ട്രാവല്‍ ഏജന്റുമാരും താത്കാലികമായി നിറുത്തിവച്ചിരിക്കുയാണ്. ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ ടിക്കറ്റിനും പുറമെ മൂന്ന് മാസത്തെ വിസയിലെത്തുന്നവര്‍ 5,000 ദിര്‍ഹവും (1.15 ലക്ഷത്തോളം രൂപ) രണ്ട് മാസക്കാര്‍ 3,000 ദിര്‍ഹവും (ഏകദേശം 68,500 രൂപ) കയ്യില്‍ കരുതേണ്ടതും നിര്‍ബന്ധമാണ്.

കുടുങ്ങിയത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍

വിസിറ്റ് വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുതുക്കാനായി രാജ്യത്തിന് വെളിയില്‍ പോയവരാണ് പുതിയ തീരുമാനത്തില്‍ കുടുങ്ങിയത്. മലയാളികള്‍ അടക്കമുള്ള വനിതകള്‍ ഇത്തരത്തില്‍ കുടുങ്ങിയതായാണ് വിവരം. യു.എ.ഇയില്‍ നിന്ന് മടങ്ങാതെ ഓരോ മാസം വീതം രണ്ട് തവണ വിസിറ്റ് വിസ പുതുക്കാന്‍ അവസരമുണ്ടെങ്കിലും ഇതിനുള്ള ഫീസ് കൂടുതലായതിനാല്‍ പലരും ഇതിന് മുതിരാറില്ല. പകരം യു.എ.ഇയില്‍ നിന്ന് എക്‌സിറ്റായി മറ്റൊരു രാജ്യത്ത് പോയി വീണ്ടും വിസിറ്റ് വിസക്ക് അപേക്ഷിച്ച് തിരികെ എത്താറാണ് പതിവ്. നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ പലരും ഏതെങ്കിലും ജി.സി.സി രാജ്യങ്ങളിലേക്കോ ഇറാന്റെ അധീനതയിലുള്ള കിഷ് ദ്വീപിലേക്കോ ആണ് ഇത്തരത്തില്‍ യാത്ര ചെയ്യാറ്. ഇത്തരത്തില്‍ പോയവരുടെയെല്ലാം വിസ അപേക്ഷകള്‍ നിരസിച്ചതായാണ് വിവരം. സന്ദര്‍ശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാതെ മുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ മാറ്റമെന്നാണ് വിവരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT