canva
News & Views

ഉത്സവ സീസണ് മുമ്പേ സ്റ്റോക്ക് നിറച്ച് കമ്പനികള്‍, ജൂലൈയിലെ ഇ-വേ ബില്ലില്‍ റെക്കോഡ്, യു.എസ് താരിഫും ഒരു കാരണം

ചരക്കുനീക്കം സാധാരണ കുറയുന്ന മണ്‍സൂണ്‍ കാലത്തുണ്ടായ മാറ്റം പ്രാദേശിക വിപണിയില്‍ ഡിമാന്‍ഡ് കൂടിയതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു

Dhanam News Desk

അന്തര്‍സംസ്ഥാന ചരക്കുനീക്കത്തിന്റെ സൂചകമായ ഇ-വേ ബില്ലുകളുടെ കണക്കില്‍ ജൂലൈയില്‍ റെക്കോഡ്. ഏകദേശം 13.99 കോടി ഇ-വേ ബില്ലുകളാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. പ്രാദേശിക വിപണിയില്‍ ഡിമാന്‍ഡ് കൂടിയത്, ഉത്സവ സീസണ് മുമ്പ് കമ്പനികള്‍ സ്റ്റോക്ക് നിറച്ചത്, ഓഗസ്റ്റ് ഏഴിന് തീരുവ നിലവില്‍ വരുന്നതിന് മുമ്പ് യു.എസിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിച്ചത് തുടങ്ങിയ കാരണങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് ഇ-വേ ബില്ലുകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനയുണ്ടായി. ജൂണിലെ കണക്ക് പരിശോധിച്ചാല്‍ ഇത് 10.4 ശതമാനം വരും. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. ചരക്കുനീക്കം സാധാരണ കുറയുന്ന മണ്‍സൂണ്‍ കാലത്തുണ്ടായ മാറ്റം പ്രാദേശിക വിപണിയില്‍ ഡിമാന്‍ഡ് കൂടിയതിന്റെ സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു. അടുത്തിടെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ നടത്തിയ പര്‍ച്ചേസ് മാനേജര്‍ സര്‍വേയില്‍ രാജ്യത്തെ ഉത്പാദന മേഖല ശക്തിപ്പെടുമെന്ന് പ്രവചിച്ചിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലുള്ള പ്രകടനമാണ് ഇ-വേ ബില്ലുകളില്‍ ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

14 വര്‍ഷത്തിനിടെ ഇതാദ്യം

പുതിയ ഓര്‍ഡറുകള്‍, ഔട്ട്പുട്ട്, സ്റ്റോക്ക് പര്‍ച്ചേസ് എന്നിവ വര്‍ധിച്ചതോടെ എസ്.ആന്‍.പി ഗ്ലോബലിന്റെ എച്ച്.എസ്.ബി.സി പി.എം.ഐ സൂചിക 16 മാസത്തെ ഉയരത്തിലെത്തിയിരുന്നു. ജൂണ്‍ മാസത്തേക്കാള്‍ പുതിയ ഓര്‍ഡറുകള്‍ കുറഞ്ഞെങ്കിലും ജൂലൈയില്‍ അന്താരാഷ്ട്ര തലത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നും എസ്.ആന്‍.പി പ്രവചിച്ചിരുന്നു. 14 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മേഖലയില്‍ ആരോഗ്യകരമായ പ്രവണത പ്രകടമാകുന്നതെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജൂലൈയിലെ ജി.എസ്.ടി വരുമാനവും ഇതിനെ ശരിവെക്കുന്നതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതി വരുമാനം 9.7 ശതമാനവും പ്രാദേശിക ഇടപാടുകളില്‍ നിന്നുള്ള വരുമാനം 6.7 ശതമാനവും ഉയര്‍ന്നു.

ട്രംപിന്റെ താരിഫ് മാത്രമല്ല

യു.എസിലേക്കുള്ള കയറ്റുമതിക്ക് തീരുവ ഈടാക്കുന്നത് യു.എസ് കസ്റ്റംസില്‍ ക്ലിയറന്‍സിന് എത്തുമ്പോള്‍ മാത്രമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ തന്നെ തീരുവ ഈടാക്കുന്നില്ല. തീരുവ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ഉത്പന്നങ്ങള്‍ യു.എസിലെത്തുന്ന രീതിയില്‍ ജൂലൈയില്‍ തന്നെ വ്യാപാരികള്‍ കയറ്റുമതി ചെയ്യുകയായിരുന്നു. എന്നാല്‍ ഇ-വേ ബില്ലുകളുടെ കണക്കില്‍ ചെറിയ ശതമാനം മാത്രമാണ് ഇവയുള്ളത്. സിംഹഭാഗവും പ്രാദേശിക ചരക്കുനീക്കമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അതുകൊണ്ട് തന്നെ ഇ-വേ ബില്ലുകള്‍ വര്‍ധിച്ചത് പ്രാദേശിക വിപണിയിലെ ഡിമാന്‍ഡ് വര്‍ധിച്ചതും വിതരണ ശൃംഖല മെച്ചപ്പെട്ടതും കാരണമാണെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു.

ഉറപ്പിച്ച് റിസര്‍വ് ബാങ്കും

പ്രാദേശിക വിപണി മെച്ചപ്പെടുമെന്ന് അടുത്തിടെ റിസര്‍വ് ബാങ്കും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കൊല്ലം പതിവിലും കൂടുതല്‍ മണ്‍സൂണ്‍ ലഭിച്ചതിലൂടെ കാര്‍ഷിക - പ്രാദേശിക സാമ്പത്തിക രംഗത്തും ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാദേശിക ഡിമാന്‍ഡ് സ്ഥിരമായി തുടരുന്നതിനൊപ്പം നഗരങ്ങളിലെ ചെലവിടലും ആനുപാതികമായി വര്‍ധിക്കുകയാണ്. നിക്ഷേപങ്ങളും ഉണര്‍വിന്റെ പാതയിലാണ്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ രണ്ടാം പാദത്തിലും നടപ്പുസാമ്പത്തിക വര്‍ഷത്തിലും 6.5 ശതമാനം വളര്‍ച്ച നേടുമെന്നും ആര്‍.ബി.ഐ വിശദീകരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT