ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇനി പരസ്യമായി വലിയ സ്‌ക്രീന്‍ വച്ച് പൊതുജനങ്ങള്‍ക്കായി ചുമ്മാ അങ്ങനെ സംപ്രേക്ഷണം ചെയ്യാന്‍ സാധിക്കില്ല. ഇത്തവണ ലോകകപ്പിന്റെ പബ്ലിക് സ്‌ക്രീനിംഗ് അവകാശം കേരളത്തില്‍ സ്വന്തമാക്കിയിരിക്കുന്നത് മേത്തര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഈഗിള്‍സ് എഫ്‌സിയാണ്. കേരളത്തിലെയും മാഹിയിലെയും പബ്ലിക് വ്യൂവിംഗ് റൈറ്റ്‌സ് ആണ് കമ്പനി നേടിയത്. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം നേടിയ സീ ടിവിയില്‍ നിന്നാണ് കരാര്‍ സ്വന്തമാക്കിയത്.
മുമ്പ് ക്ലബുകളും യുവജന സംഘടനകളും ലോകകപ്പ് സമയത്ത് സൗജന്യ പ്രദര്‍ശനം ഒരുക്കിയിരുന്നു. ഇനി മുതല്‍ ഇത്തരത്തില്‍ പൊതുഇടങ്ങളില്‍ നടത്തുന്ന സംപ്രേക്ഷണങ്ങള്‍ക്ക് ലൈസന്‍സ് എടുക്കേണ്ടി വരും.
കേരളത്തിലും മാഹിയിലും സംഘടിപ്പിക്കുന്ന എല്ലാത്തരം പൊതുജന സ്‌ക്രീനിംഗുകള്‍ക്കും ഈഗിള്‍സ് എഫ്.സി. കേരളയുടെ മുന്‍കൂര്‍ അനുമതിയും ലൈസന്‍സും നിര്‍ബന്ധമാകും.
ലോകകപ്പിന്റെ ബിസിനസ് സാധ്യതകള്‍ മനസിലാക്കി ഒരു കമ്പനി ആദ്യമായിട്ടാണ് ഇത്തരത്തില്‍ കേരളത്തിലെ പബ്ലിക് വ്യൂവിംഗ് ലൈസന്‍സ് സ്വന്തമാക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ ബിഗ് എല്‍.ഇ.ഡി. സ്‌ക്രീനുകളില്‍ തത്സമയം കാണിക്കുന്നതിനായി കേരളത്തിലെ 14 ജില്ലകളിലും ഈഗിള്‍സ് എഫ്.സി. കേരള ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കും.
മലപ്പുറം ജില്ലയില്‍ മാത്രം 7 ഔദ്യോഗിക ഫാന്‍ പാര്‍ക്കുകളാണ് ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന് സമാനമായ അന്തരീക്ഷത്തില്‍ മലയാളിക്ക് ലോകകപ്പ് അനുഭവം സമ്മാനിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും ഫാന്‍ പാര്‍ക്കുകളില്‍ അരങ്ങേറും.
ഫുട്‌ബോള്‍ കാലം കേരള വിപണിയില്‍ കോടികളുടെ ബിസിനസ് നടക്കുന്ന കാലമാണ്. ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഫുട്‌ബോള്‍ ലോകകപ്പ് പണ്ടുമുതലേ വികാരമാണ്. ഹോംഅപ്ലൈയന്‍സസ് ഷോപ്പുകള്‍ മുതല്‍ ടെക്‌സ്‌റ്റൈല്‍സ് ബ്രാന്‍ഡുകള്‍ വരെ ലോകകപ്പിനെ മുന്‍നിര്‍ത്തിയാണ് ഈ സമയങ്ങളില്‍ ബ്രാന്‍ഡിംഗ് നടത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine