image credit : canva 
News & Views

ഇന്ത്യക്കാര്‍ക്ക് വരുമാനത്തിന്റെ 33 ശതമാനവും വായ്പ തിരിച്ചടവിനായി മാറ്റിവയ്‌ക്കേണ്ടി വരുന്നു: റിപ്പോര്‍ട്ട്

താഴ്ന്ന വരുമാനക്കാരില്‍ ഭൂരിഭാഗവും കൂടുതല്‍ തുക മാറ്റിവയ്ക്കുന്നത് ആവശ്യവസ്തുക്കള്‍ വാങ്ങാനും കടം വീട്ടാനുമാണ്

Dhanam News Desk

രാജ്യത്തെ ജനങ്ങളില്‍ സിംഹഭാഗവും തങ്ങളുടെ വരുമാനത്തിന്റെ 33 ശതമാനത്തിലധികവും വായ്പകളും ഇ.എം.ഐയും തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇടത്തരം, ഉയര്‍ന്ന വരുമാനക്കാരാണ് ഇത്തരത്തില്‍ കൂടുതലായി വായ്പകളെ ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ലക്ഷത്തോളം പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്.

ജനങ്ങളുടെ ചെലവഴിക്കലിന്റെ 32 ശതമാനം ആവശ്യ വസ്തുക്കള്‍ വാങ്ങുന്നതിനായിട്ടാണ്. ലൈഫ്‌സ്റ്റൈല്‍ ഷോപ്പിംഗുകള്‍ക്കായി 29 ശതമാനം ചെലവഴിക്കുന്നു. മറ്റ് നിര്‍ബന്ധിത ആവശ്യങ്ങള്‍ക്കായി 39 ശതമാനം തുകയും നീക്കിവയ്ക്കുന്നു.

താഴ്ന്ന വരുമാനക്കാരില്‍ ഭൂരിഭാഗവും കൂടുതല്‍ തുക മാറ്റിവയ്ക്കുന്നത് ആവശ്യവസ്തുക്കള്‍ വാങ്ങാനും കടം വീട്ടാനുമാണ്. ഉയര്‍ന്ന വരുമാനക്കാരാകട്ടെ കൂടുതല്‍ തുക മാറ്റിവയ്ക്കുന്നത് വിനോദം, വസ്ത്രം തുടങ്ങിയ കാര്യങ്ങള്‍ക്കാണ്. ഇന്ത്യക്കാരുടെ ജീവിതശൈലി മാറിയതും കടവും മറ്റ് ചെലവുകളും കൂടിയതിന് കാരണമായിട്ടുണ്ട്.

വരുമാനത്തേക്കാള്‍ കടം കൂടുന്നു

വരുമാനം കൂടുന്നതിന് ആനുപാതികമായിട്ടല്ല പല കുടുംബങ്ങളുടെയും കടം വര്‍ധിക്കുന്നതെന്ന് സര്‍വേ അടിവരയിടുന്നു. ശമ്പളത്തില്‍ ആറുവര്‍ഷത്തിനിടെ ഉണ്ടായ വര്‍ധന 9.1 ശതമാനമാണ്. വ്യക്തിഗത വായ്പകളിലെ വാര്‍ഷിക വര്‍ധന 13.7 ശതമാനമാണ്. കടബാധ്യത കൂടുന്നത് കുടുംബങ്ങളുടെ സാമ്പത്തികഭദ്രതയെ ബാധിക്കുന്നുവെന്നും സര്‍വേ പറയുന്നു.

സമ്പന്നര്‍ വായ്പ എടുക്കുന്നത് അവരുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനാണ്. എന്നാല്‍ ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരും അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായാണ് കൂടുതലായും വായ്പയെ ആശ്രയിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT