ശൈത്യകാല ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രാവല്‍ ബുക്കിംഗ് സൈറ്റായ ഈസ്‌മൈട്രിപ്പിന്റെ മാതൃകമ്പനിയായ ഈസ് ട്രിപ്പ് പ്ലാനേഴ്‌സ് ലിമിറ്റഡ് ഓഹരികള്‍ക്ക് വന്‍ കുതിപ്പ്. പെന്നി സ്റ്റോക്ക് വിഭാഗത്തില്‍ പെടുന്ന കമ്പനിയുടെ ഓഹരികള്‍ 19 ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്. ഡിസംബര്‍ രണ്ടിന് ആരംഭിച്ച് ഡിസംബര്‍ 9ന് അവസാനിക്കുന്ന വിന്റര്‍ കാര്‍ണിവല്‍ സെയില്‍ രാവിലെയാണ് കമ്പനി പ്രഖ്യാപിച്ചത്. കൂടുതലാളുകള്‍ യാത്ര ചെയ്യുന്ന ഡിസംബറില്‍ പോക്കറ്റിനിണങ്ങുന്ന വിലയില്‍ മികച്ച യാത്രാ അനുഭവം നല്‍കാനാണ് ഇത്തരമൊരു ഓഫറെന്ന് കമ്പനി പറയുന്നു.
വിമാനയാത്ര, ഹോട്ടല്‍ താമസം, ബസ്, ടാക്‌സി എന്നിവ ബുക്ക് ചെയ്യുമ്പോള്‍ മികച്ച ഓഫറുകള്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 7,999 രൂപ മുതലുള്ള ഹോളിഡേ പാക്കേജുകളും ലഭ്യമാണ്. കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ആന്ധമാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഹോളിഡേ പാക്കേജുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ്, യൂറോപ്പ്, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാപാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈസ്‌മൈട്രിപ്പിന്റെ വെബ്‌സൈറ്റിലും ആപ്പിലും CARNIVAL എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഓഫര്‍ ക്ലെയിം ചെയ്യാവുന്നതാണ്. എച്ച്.എസ്.ബി.സി, ഐ.സി.ഐ.സി.ഐ, എ.യു ബാങ്ക് എന്നീ ബാങ്കുകളിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ അധിക ഓഫറുകളും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ യാത്രക്കിടെ ഈസിഡൈനര്‍, ഫോക്‌സ്‌ടെയില്‍, നാഷര്‍ മൈല്‍സ്, പില്‍ഗ്രിം തുടങ്ങിയ ആപ്പുകളുടെ സേവനത്തിന് പ്രത്യേക ഓഫറുകളും ലഭിക്കും.
അതേസമയം, വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില കുതിച്ചു. ഓഹരിയൊന്നിന് 7.14 രൂപയിലാണ് ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരിയുടെ വ്യാപാരം ആരംഭിക്കുന്നത്. പിന്നാലെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 7.06 രൂപയിലേക്ക് ഓഹരി താന്നു. ഓഫര്‍ വന്നതോടെ 11.20ന് ശേഷം വില കുതിച്ചുയര്‍ന്നു. ഉച്ചക്ക് രണ്ട് മണിക്കുള്ള കണക്കുകള്‍ പ്രകാരം 18.93 ശതമാനം ഉയര്‍ന്ന് ഓഹരിയൊന്നിന് 8.48 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine