പ്രളയക്കെടുതിയില്‍ നിന്ന് വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാതാക്കളായ ഓര്‍ക്ക്‌ല ഇന്ത്യ-ഈസ്റ്റേണും സിഐഐ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. ഓര്‍ക്ക്‌ല ഇന്ത്യയുടെ സിഎസ്ആര്‍ പദ്ധതിയായ 'വണ്‍ വിത്ത് വയനാട്' എന്ന സംരംഭത്തിലൂടെ ജില്ലയിലെ അംഗനവാടികള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. നവീകരിച്ച അംഗനവാടികള്‍ ടി. സിദ്ധിഖ് എംഎല്‍എ നാടിന് സമര്‍പ്പിച്ചു.
ശിശുസൗഹൃദ ശുചിമുറികള്‍, ആധുനിക അടുക്കളകള്‍, ടൈല്‍ പാകിയ തറ, ചുവരുകളിലെ അറിവ് പകരുന്ന ചിത്രങ്ങള്‍ എന്നിവയോടെ 15 അംഗനവാടികളാണ് ആദ്യഘട്ടത്തില്‍ ഓര്‍ക്ക്‌ല സ്മാര്‍ട്ടാക്കുന്നത്. ഇതില്‍ ആറെണ്ണത്തിന്റെ പണി പൂര്‍ത്തിയായിക്കഴിഞ്ഞു. കല്‍പ്പറ്റ നഗരസഭ, മുട്ടില്‍, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് ഓര്‍ക്ലയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഈസ്റ്റണ്‍ സിഇഒ ഗിരീഷ് നായര്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ജില്ലയിലെ 876 അംഗനവാടി പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനവും ഓര്‍ക്ലയുടെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്.
ചടങ്ങില്‍ സിഐഐ കേരള ചെയര്‍മാന്‍ വി.കെ.സി റസാഖ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ ഗീത എംജി, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine