canva
News & Views

₹68 കോടിയുടെ തട്ടിപ്പുകേസ്! റിലയന്‍സ് പവര്‍ സി.എഫ്.ഒയെ അറസ്റ്റ് ചെയ്ത് ഇ.ഡി, പിടിയിലായത് 'അനിയന്‍ അംബാനി'യുടെ വലംകൈ

ഇക്കാര്യത്തില്‍ തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്നാണ് റിലയന്‍സ് പവറിന്റെ നിലപാട്

Dhanam News Desk

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവറിന് കനത്ത തിരിച്ചടി. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ (സി.എഫ്.ഒ.) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. 68 കോടി രൂപയുടെ വ്യാജ ബാങ്ക് ഗ്യാരണ്ടി നല്‍കി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച രാത്രി ചോദ്യം ചെയ്യലിനുശേഷമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പി.എം.എല്‍.എ.) പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനായി അശോക് പാലിനെ ശനിയാഴ്ച ഇ.ഡി. പ്രത്യേക കോടതിയില്‍ ഹാജരാക്കും.

എന്താണ് കേസ്

സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് (എസ്.ഇ.സി.ഐ) റിലയന്‍സ് പവറിന്റെ ഉപകമ്പനിയായ റിലയന്‍സ് നൂ ബെസ് (എന്‍.യു.ബി.ഇ.എസ്.എസ്) ലിമിറ്റഡ് സമര്‍പ്പിച്ച 68.2 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയാണ് കേസിനാധാരം. ഈ ഗ്യാരണ്ടി വ്യാജമാണെന്ന് ഇ.ഡി കണ്ടെത്തിയതാണ് അന്വേഷണത്തിന് വഴി തുറന്നത്. മഹാരാഷ്ട്ര എന്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനിയാണ് നൂ ബെസ്.

ഒഡീഷ ആസ്ഥാനമായുള്ള ബിസ്വാള്‍ ട്രേഡ്ലിങ്ക് എന്ന കമ്പനിയാണ് വ്യാജ ബാങ്ക് ഗ്യാരണ്ടിക്ക് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഇതിന്റെ ഡയറക്ടര്‍ പാര്‍ത്ഥ സാരഥി ബിസ്‌വാളിനെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ബാങ്ക് ഗ്യാരന്റി നല്‍കുന്നതിന് കമ്മീഷനായി 8% തുക ഇവര്‍ ഈടാക്കിയിരുന്നു. എസ്.ബി.ഐയുടെ ഔദ്യോഗിക ഇമെയില്‍ ഡൊമൈനിന് സമാനമായ ഒന്ന് ഉപയോഗിച്ച് എസ്.ഇ.സി.ഐക്ക് വ്യാജരേഖകള്‍ അയച്ചതായും ഇ.ഡി. വൃത്തങ്ങള്‍ പറയുന്നു.

ചതിക്കപ്പെട്ടെന്ന് റിലയന്‍സ് പവര്‍

2024ല്‍ ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വിഷയത്തില്‍ ആദ്യമായി കേസെടുക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്നാണ് റിലയന്‍സ് പവറിന്റെ നിലപാട്. ഇക്കാര്യം 2024 നവംബറില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലും കമ്പനി വ്യക്തമാക്കിയിരുന്നു. തട്ടിപ്പ് നടത്തിയ കക്ഷിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കമ്പനി വക്താവ് പറഞ്ഞിരുന്നു. എന്നാല്‍ കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായത് ഗ്രൂപ്പിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT