ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങളുടെ പേരിൽ ഇന്ത്യയിലും വിദേശത്തുമായി വ്യാപകമായ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വൻ സംഘത്തെ കണ്ടെത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). യഥാർത്ഥ നിക്ഷേപ പ്ലാറ്റ്‌ഫോമുകളെ വെല്ലുന്ന രീതിയിൽ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് നിക്ഷേപകരെ കബളിപ്പിക്കാൻ ഉപയോഗിച്ച 26 വെബ്‌സൈറ്റുകളെയാണ് അന്വേഷണ ഏജൻസി കണ്ടെത്തിയത്.
യഥാർത്ഥ പ്ലാറ്റ്‌ഫോമുകളെ അനുകരിച്ചുള്ള വെബ്‌സൈറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാര്‍ പ്രവർത്തിച്ചിരുന്നത്. പ്രമുഖ ക്രിപ്‌റ്റോ വിദഗ്ധരുടെയും പ്രശസ്ത വ്യക്തികളുടെയും ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ പ്രചാരണത്തിനായി ഇവർ ഉപയോഗിച്ചു. തുടക്കത്തിൽ ചെറിയ ലാഭവിഹിതം നൽകി നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുകയും തുടർന്ന് കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന 'മൾട്ടി ലെവൽ മാർക്കറ്റിംഗ്' രീതിയാണ് ഇവർ പിന്തുടർന്നത്. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തങ്ങളുടെ പദ്ധതികൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
goldbooker.com, fincorp.com, wozur.com, theapexpower.com, mygoldrev.com, cryptobrite.com, cryptexify.com, goldxcapital.com, hawkchain.com, cubigains.com തുടങ്ങി 26 വെബ്‌സൈറ്റുകളുടെ പട്ടികയാണ് ഇഡി പുറത്തുവിട്ടത്. 2015 മുതൽ ഈ സംഘം സജീവമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഹവാല വഴിയും 'പിയർ-ടു-പിയർ' (P2P) ക്രിപ്‌റ്റോ കൈമാറ്റങ്ങൾ വഴിയുമാണ് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്. ഈ തുക ഉപയോഗിച്ച് പ്രതികൾ ഇന്ത്യയിലും വിദേശത്തുമായി നിരവധി കെട്ടിടങ്ങളും സ്ഥലങ്ങളും വാങ്ങിയിട്ടുണ്ട്. വിദേശ ബാങ്ക് അക്കൗണ്ടുകളും വ്യാജ കമ്പനികളും ഉപയോഗിച്ചാണ് ഇവർ കള്ളപ്പണം വെളുപ്പിച്ചിരുന്നത്. ക്രിപ്‌റ്റോ നിക്ഷേപങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ED identifies 26 fake cryptocurrency investment platforms used for large-scale financial fraud in India and abroad.
Read DhanamOnline in English
Subscribe to Dhanam Magazine