canva
News & Views

യുഎസ് മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ എന്റഫോഴ്‌സ്‌മെന്റ് അന്വേഷണം; 8,500 പണമിടപാടുകള്‍ നിരീക്ഷണത്തില്‍

അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ കാനഡയിലെ കോളേജുകളിലേക്ക് 60 ലക്ഷം രൂപ വരെ വാങ്ങി വ്യാജ അഡ്മിഷന്‍ നല്‍കുന്ന സംഘങ്ങള്‍ സജീവമെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍

Dhanam News Desk

അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെന്ന പേരില്‍ നിരവധി ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിന് പുറകെ, ഇന്ത്യയിലെ മനുഷ്യക്കടത്ത് ശൃംഖലക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്ക് അനധികൃതമായി ഇന്ത്യന്‍ പൗരന്‍മാരെ കയറ്റിവിടുന്ന ബഹുരാഷ്ട്ര ബന്ധങ്ങളുള്ള സംഘങ്ങളെ കുറിച്ചാണ് അന്വേഷണം. കാനഡയിലെ കോളേജുകളില്‍ വ്യാജ അഡ്മിഷന്‍ നല്‍കി അമേരിക്കയിലേക്ക് നിയമപരമല്ലാതെ പോകാന്‍ സൗകര്യമൊരുക്കുന്ന സംഘങ്ങളാണിതെന്ന് പേര് വെളിപ്പെടുത്താത്ത എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

8,500 പണമിടപാടുകള്‍ നിരീക്ഷണത്തില്‍

ഗുജറാത്തില്‍ നിന്ന് 2021 സെപ്തംബര്‍ 7 നും 2024 ഓഗസ്റ്റ് 9 നും ഇടയില്‍ നടന്ന 8,500 പണമിടപാടുകളാണ് ഇഡി നിരീക്ഷിക്കുന്നത്. കാനഡയിലെ കോളേജുകളിലേക്കായി ഒരു ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി വഴി നടന്ന ഇടപാടുകളാണിത്. ഇതില്‍ 4,300 ഇടപാടുകള്‍ ഒരു വ്യക്തി നടത്തിയതാണ്. മനുഷ്യക്കടത്ത് ഏജന്റുമാര്‍ സജീവമാണ് എന്ന സംശയമാണ് ഇത് ഉയര്‍ത്തിയിട്ടുള്ളത്. ഈ ഏജന്‍സി വഴി കാനഡയിലെത്തിയ വിദ്യാര്‍ഥികളില്‍ 370 പേര്‍ അനധികൃതമായി അമേരിക്കയിലേക്ക് കടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

പരാതികളുമായി രക്ഷിതാക്കള്‍

ഏജന്റുമാര്‍ കബളിപ്പിച്ചതായി ചൂണ്ടിക്കാട്ടി നിരവധി രക്ഷിതാക്കളാണ് പോലീസിലും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കുന്നത്. കാനഡയിലേക്ക് പോയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഇതില്‍ അധികവും. അമേരിക്കയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് കാനഡയിലെ കോളേജുകളില്‍ അഡ്മിഷന്‍ ശരിയാക്കി കൊടുക്കുകയാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്. പിന്നീട് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കന്‍ അതിര്‍ത്തി കടക്കാനുള്ള സഹായവും ചെയ്യുന്നുണ്ട്. 55 മുതല്‍ 60 ലക്ഷം രൂപ വരെ ഏജന്‍സികള്‍ക്ക് നല്‍കിയവരുണ്ട്. മുംബൈയിലും നാഗ്പൂരിലുമുള്ള രണ്ട് ഏജന്‍സികള്‍ കാനഡയിലെ ചില കോളേജുകളുമായി കമ്മീഷന്‍ അടിസ്ഥാനത്തില്‍ അഡ്മിഷനുള്ള കരാറുണ്ടാക്കിയതായും ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. കാനഡ-അമേരിക്ക അതിര്‍ത്തി മേഖലയിലുള്ള കോളേജുകളുമായാണ് ഇത്തരം കരാറുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള 3,500 ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ 1,700 എണ്ണം ഗുജറാത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

നാടുകടത്തിയത് 15,668 ഇന്ത്യക്കാരെ

അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്റഫോഴ്‌സ്‌മെന്റ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് കര്‍ശന നടപടികളാണ് എടുത്തു വരുന്നത്. 2009 മുതല്‍ 15,668 ഇന്ത്യക്കാരെ അമേരിക്ക നാടു കടത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 2022 ല്‍ കാനഡ അതിര്‍ത്തിയിലൂടെ അനധികതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു നാലംഗ ഗുജറാത്തി കുടുംബം കൊടും തണുപ്പ് മൂലം മരിച്ചിരുന്നു. ഇതിന് ശേഷം അമേരിക്ക അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT