News & Views

യെസ് ബാങ്കിലെ ₹3,000 കോടി വായ്പ തട്ടിപ്പ്, അനില്‍ അംബാനിയുടെ സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന

റിലയന്‍സ് കമ്യൂണിക്കേഷനും അതിന്റെ പ്രൊമോട്ടറായ അനില്‍ അംബാനിക്കും എസ്.ബി.ഐ 'ഫ്രോഡ്' മുദ്ര നല്‍കിയതിന് പിന്നാലെയാണിത്

Dhanam News Desk

വ്യവസായി അനില്‍ അംബാനിയുമായി ബന്ധപ്പെട്ട മുംബൈയിലെയും ഡല്‍ഹിയിലെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. റിലയന്‍സ് കമ്യൂണിക്കേഷനും അതിന്റെ പ്രൊമോട്ടറായ അനില്‍ അംബാനിക്കും എസ്.ബി.ഐ 'ഫ്രോഡ്' മുദ്ര നല്‍കിയതിന് പിന്നാലെയാണിത്. യെസ് ബാങ്കിലെ 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി കേസിലാണ് പരിശോധനയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 50 കമ്പനികളെയും 25 വ്യക്തികളെയുമാണ് നിലവില്‍ ഇ.ഡി പരിശോധിക്കുന്നത്. അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രൊമോട്ടര്‍മാരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. വായ്പ അനുവദിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതെന്നാണ് ഇ.ഡി സംശയിക്കുന്നത്.

ബാങ്കിന്റെ വായ്പ നയത്തിന് വിരുദ്ധമായാണ് അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് ലോണ്‍ അനുവദിച്ചത്. വായ്പക്കായി സമര്‍പ്പിച്ച രേഖകളിലും കൃത്രിമം കാട്ടിയതായി സംശയമുണ്ട്. സെബി, നാഷണല്‍ ഹൗസിംഗ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സമാന വിഷയത്തില്‍ സി.ബി.ഐ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടിയും.

എന്താണ് തട്ടിപ്പ്

2017നും 2019നും ഇടയില്‍ യെസ് ബാങ്ക് അനുവദിച്ച 3,000 കോടി രൂപയുടെ വായ്പയാണ് കേസിന് ആധാരം. ഇങ്ങനെ ലഭിച്ച വായ്പ തുക ഷെല്‍ കമ്പനികളിലൂടെയും സഹസ്ഥാപനങ്ങളിലൂടെയും വകമാറ്റിയെന്നാണ് ആരോപണം. വായ്പ അനുവദിച്ചതിന് യെസ് ബാങ്കിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി ലഭിച്ചതായും ആരോപണം ഉയര്‍ന്നു. സാമ്പത്തിക ശേഷിയില്ലാത്ത കമ്പനിക്ക് വായ്പ നല്‍കി, രേഖകളില്‍ കൃത്രിമം നടത്തി, ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ വായ്പ തുക വിതരണം ചെയ്തു തുടങ്ങിയ കുറ്റങ്ങളും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

4,300 കോടി രൂപയുടെ കള്ളപ്പണക്കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ കുടുങ്ങിയതിന് പിന്നാലെ 2020ലാണ് ഇ.ഡി ഈ കേസ് ഏറ്റെടുക്കുന്നത്. എന്നാല്‍ റിലയന്‍സ് കമ്യൂണിക്കേഷന് അനുവദിച്ച വായ്പയില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നും ഇതിന് റാണ കപൂറുമായി ബന്ധമില്ലെന്നുമാണ് അനില്‍ അംബാനിയുടെ നിലപാട്.

Enforcement Directorate searched 40‑plus sites tied to Anil Ambani’s Reliance Group in a ₹3,000 crore Yes Bank loan‑fraud probe, widening its FEMA case

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT