News & Views

ഭൂട്ടാന്‍ വാഹനക്കടത്ത്: പ്രമുഖ താരങ്ങളുടെ വീട്ടില്‍ വീണ്ടും റെയ്ഡ്; പിടിമുറുക്കാന്‍ ഇ.ഡി

കൊച്ചിക്ക് പുറമേ തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലും പരിശോധന നടന്നിരുന്നു. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും കൊച്ചിയിലെ വീട്ടില്‍ പരിശോധന നടന്ന സമയത്ത് തന്നെ ചെന്നൈയിലുള്ള വീട്ടിലും ഇഡി സംഘം എത്തിയിരുന്നു

Dhanam News Desk

ഭൂട്ടാനില്‍ നിന്ന് അനധികൃതമായി വാഹനങ്ങള്‍ കടത്തിയ കേസില്‍ കസ്റ്റംസിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) രംഗത്ത്. മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ആറരയ്ക്ക് ആരംഭിച്ച പരിശോധന 19 ഇടങ്ങളിലാണ് ഒരേ സമയം നടന്നത്.

പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെമന്റ് ആക്ട് (ഫെമ) നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

കൊച്ചിക്ക് പുറമേ തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലും പരിശോധന നടന്നിരുന്നു. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും കൊച്ചിയിലെ വീട്ടില്‍ പരിശോധന നടന്ന സമയത്ത് തന്നെ ചെന്നൈയിലുള്ള വീട്ടിലും ഇഡി സംഘം എത്തിയിരുന്നു.

ദുല്‍ഖറിനെ വിളിച്ചുവരുത്തി

റെയ്ഡ് നടക്കുന്ന സമയത്ത് ചെന്നൈയിലെ വീട്ടിലായിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഉച്ചയോടെ കൊച്ചിയിലെത്തി. ഇഡി നിര്‍ദ്ദേശപ്രകാരമാണ് താരം കൊച്ചിയിലെത്തിയത്. രാവിലെ ചെന്നൈയിലായിരുന്ന ദുല്‍ഖര്‍ ഉച്ചയോടെയാണ് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ദുല്‍ഖറില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.

ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഭൂട്ടാനില്‍ നിന്ന് എത്തിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചത്. ഭൂട്ടാനില്‍ നിന്ന് 200ഓളം എസ്യുവികള്‍ ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധനയില്‍ 39 വാഹനങ്ങളാണ് കേരളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.

150 മുതല്‍ 200 വാഹനങ്ങള്‍വരെ ഭൂട്ടാനില്‍നിന്ന് കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരുന്നത്. ഇതില്‍ 90 ശതമാനത്തിന്റെയും രേഖകള്‍ വ്യാജമാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞു. ഇതിനുശേഷമായിരുന്നു വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന നടന്നത്.

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകള്‍ ഉപയോഗിച്ച് അരുണാചല്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നുംഖോര്‍ എന്നായിരുന്നു കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT