Image courtesy: Canva
News & Views

ക്രിപ്‌റ്റോ തട്ടിപ്പുകൾക്ക് കടിഞ്ഞാൺ: ₹ 4,190 കോടി കണ്ടുകെട്ടി ഇ.ഡി, ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ആദായനികുതി റിട്ടേണുകളിൽ വിർച്വൽ ഡിജിറ്റൽ അസറ്റ്സ് ഇടപാടുകൾ റിപ്പോർട്ട് ചെയ്യാത്ത 44,057 നികുതിദായകർക്ക് സി.ബി.ഡി.ടി നോട്ടീസുകൾ അയച്ചു

Dhanam News Desk

ഇന്ത്യയിലെ ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനുമെതിരെ ശക്തമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) പ്രകാരം ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട കേസുകളിൽ 4,189.89 കോടി രൂപയുടെ കുറ്റകൃത്യ സ്വത്തുക്കൾ കണ്ടുകെട്ടിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിൽ അറിയിച്ചു.

ഈ കേസുകളുമായി ബന്ധപ്പെട്ട് 29 പേരെ അറസ്റ്റ് ചെയ്തു. ഇതിനുപുറമെ ക്രിപ്‌റ്റോ കേസുകളിലെ ഒരു പ്രതിയെ ഫ്യുജിറ്റീവ് എക്കണോമിക് ഒഫൻഡർ (FEO- പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി) ആയി പ്രഖ്യാപിച്ചു.

നിയന്ത്രണങ്ങളില്ലാത്തത് പ്രതിസന്ധി

ക്രിപ്‌റ്റോ ആസ്തികൾക്ക് ഇന്ത്യയിൽ നിയന്ത്രണങ്ങളില്ലാത്തതിനാൽ, അവയുടെ ദുരുപയോഗം തടയുന്നതിനായി നിരീക്ഷണ സംവിധാനങ്ങളും അന്വേഷണ ശേഷിയും അധികൃതര്‍ വർദ്ധിപ്പിക്കുകയാണ്. ക്രിപ്‌റ്റോ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് (PMLA) കീഴിൽ കൊണ്ടുവന്നത് അന്വേഷണ ഏജൻസികൾക്ക് കൂടുതൽ അധികാരം നൽകി.

ഇ.ഡി ക്ക് പുറമെ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസും (CBDT) വിർച്വൽ ഡിജിറ്റൽ അസറ്റ്സ് (VDA) ഇടപാടുകളിൽ നിന്നുള്ള നികുതി വെളിപ്പെടുത്താത്ത വരുമാനം കണ്ടെത്തുന്നതിൽ സജീവമാണ്. ആദായനികുതി റിട്ടേണുകളിൽ VDA ഇടപാടുകൾ റിപ്പോർട്ട് ചെയ്യാത്ത 44,057 നികുതിദായകർക്ക് സി.ബി.ഡി.ടി നോട്ടീസുകൾ അയക്കുകയും ചെയ്തിട്ടുണ്ട്.

ക്രിപ്‌റ്റോ ആസ്തികൾ അതിരുകളില്ലാത്തതായതിനാൽ, നിയമപരമായ ദുരുപയോഗം തടയുന്നതിന് ശക്തമായ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന നിലപാടിലാണ് അധികൃതര്‍.

ED seizes ₹4,190 crore in crypto frauds under PMLA, declares one accused as Fugitive Economic Offender.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT