News & Views

തമിഴ്‌നാട് മുട്ട വരവില്‍ വന്‍ കുറവ്, സംസ്ഥാനത്ത് മുട്ട ക്ഷാമം, വിലയില്‍ വര്‍ധന; പ്രതിസന്ധിയിലായി തട്ടുകടക്കാര്‍

Dhanam News Desk

അതിര്‍ത്തി കടന്നെത്തുന്ന മുട്ടയില്‍ കുറവു വന്നതോടെ സംസ്ഥാനത്ത് വില ഉയരുന്നു. മുട്ടയ്ക്ക് പ്രാദേശിക വിപണികളില്‍ 50 പൈസ വരെ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂടിയതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറയാന്‍ കാരണം. കൂടുതല്‍ വില കിട്ടുമെന്നതിനാല്‍ കയറ്റുമതിയോടെയാണ് തമിഴ്‌നാട്ടിലെ കച്ചവടക്കാര്‍ക്കും താല്പര്യം.

തമിഴ്‌നാട്ടിലെ നാമക്കല്ലാണ് ദക്ഷിണേന്ത്യയിലെ മുട്ട ഹബ്ബ്. കേരളത്തിലേക്ക് കയറിവരുന്ന മുട്ടയുടെ സിംഹഭാഗവും ഇവിടെ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നും മുട്ട വരുന്നുണ്ടെങ്കിലും തമിഴ്നാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

നാടന്‍ മുട്ട കിട്ടാനില്ല

നാടന്‍ കോഴിമുട്ടയ്ക്ക് ഏഴുരൂപയായിരുന്നു വില. ഇതിന് എട്ടുമുതല്‍ ഒന്‍പതുവരെ രൂപയുണ്ട്. പത്തുരൂപയുണ്ടായിരുന്ന താറാമുട്ടയ്ക്ക് ഇപ്പോള്‍ 12 രൂപവരെയുണ്ട്. നാടന്‍ മുട്ട കിട്ടാത്ത അവസ്ഥയാണെന്ന് കച്ചവടക്കാര്‍ പറയുന്നുയ തമിഴ്നാട്ടില്‍ മുട്ടയുടെ അടിസ്ഥാനവില അടുത്തിടെ പുതുക്കി നിശ്ചയിച്ചിരുന്നു.

കേരളത്തിലേക്ക് വരുന്ന മുട്ടയ്ക്ക് രണ്ടു പൈസ വീതം എന്‍ട്രി ഫീ ഈടാക്കുന്നുണ്ട്. കേരളത്തിലേക്കു മുട്ട കൊണ്ടുവരുമ്പോള്‍ വാഹനച്ചെലവ്, കയറ്റിറക്കുകൂലി, ഏജന്റുമാരുടെ ലാഭം എന്നിവയെല്ലാം കൂട്ടണം. 6.50 രൂപയ്ക്കാണ് കേരളത്തിലെ മൊത്തക്കച്ചവടക്കാര്‍ മുട്ട വില്‍പന നടത്തുന്നത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തമിഴ്‌നാട്ടില്‍ മുട്ട ഉത്പാദനം കൂടുതലായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നതാണ് ലഭ്യത കുറയാന്‍ കാരണം. 2024ലെ കടുത്ത ചൂടില്‍ തമിഴ്‌നാട്ടില്‍ മുട്ട ഉത്പാദനം വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇത്തവണ കാലാവസ്ഥ അനുകൂലമായത് ഗുണം ചെയ്തു.

കയറ്റുമതി ഉണര്‍വില്‍

തമിഴ്‌നാട്ടില്‍ നിന്ന് സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, ഒമാന്‍, ബഹ്റൈന്‍, മസ്‌കറ്റ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതലായി മുട്ട, കോഴി ഉത്പാദനം ആരംഭിച്ചത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് ഭീഷണിയാകുന്നുണ്ട്. നാമക്കല്‍ ജില്ലയിലെ 1,000 മുട്ട ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് ദിനവും നാലു കോടി മുട്ടകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 70 ലക്ഷം മുട്ടകള്‍ വിദേശരാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

മുട്ട വില കൂടിയത് ഹോട്ടല്‍ മേഖലയെയും ബാധിക്കുന്നുണ്ട്. പ്രധാനമായും തട്ടുകടകള്‍ക്കാണ് വില വര്‍ധന തിരിച്ചടിയാകുന്നത്. തട്ടുകടകളിലെ ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളാണ് ഓംലെറ്റും ബുള്‍സൈയും. വില കൂട്ടാനാകാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.

Egg shortage in Kerala due to reduced supply from Tamil Nadu amid rising exports and prices, impacting local food vendors

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT