Image courtesy: Canva
News & Views

മുട്ടവിലയിൽ വൻ വർധന: കാരണം എഥനോൾ സ്വാധീനം; ഇനിയും ഉയരുമെന്ന് സൂചന

ഇ-20 ഇന്ധന നയം നടപ്പിലാക്കാൻ തുടങ്ങിയതോടെ വലിയ തോതിൽ ചോളമാണ് എഥനോൾ ഉൽപ്പാദനത്തിനായി മാറ്റുന്നത്

Dhanam News Desk

രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ മുട്ടവിലയിൽ ഏകദേശം 35 ശതമാനം മുതൽ 40 ശതമാനം വരെ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഹോള്‍സെയില്‍ വിപണിയില്‍ ഒരു മുട്ടയ്ക്ക് 7 രൂപയാണ് വിലയെങ്കിൽ, ചില്ലറ വിൽപ്പന വിപണിയിൽ സാധാരണക്കാർ 8 രൂപ മുതൽ 9 രൂപ വരെ നൽകേണ്ടി വരുന്നു. ചിലയിടങ്ങളില്‍ വില 14 രൂപ വരെയും ഉയര്‍ന്നിട്ടുണ്ട്. ശൈത്യകാലത്ത് സാധാരണയായി മുട്ടയുടെ ഉപയോഗം വർദ്ധിക്കാറുണ്ട്. ഡിമാൻഡ് കൂടുന്നത് വരും മാസങ്ങളിൽ വില ഇനിയും ഉയർത്തിയേക്കാമെന്നാണ് കരുതുന്നത്.

എഥനോൾ നിർമ്മാണവും ചോളത്തിന്റെ ക്ഷാമവും

മുട്ടവിലയിലെ ഈ കുതിച്ചുചാട്ടത്തിന്റെ പ്രധാന കാരണം കോഴിത്തീറ്റയിലെ പ്രധാന ചേരുവയായ ചോളത്തിന്റെ (Maize) വിലക്കയറ്റമാണ്. കോഴി വളർത്തൽ ചെലവിന്റെ 65 ശതമാനം മുതൽ 70 ശതമാനം വരെ വരുന്നത് ചോളത്തിനാണ്. പെട്രോളിൽ 20 ശതമാനം ബയോഫ്യുവൽ കലർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ഇ-20 (E20) ഇന്ധന നയം നടപ്പിലാക്കാൻ തുടങ്ങിയതോടെ വലിയ തോതിൽ ചോളമാണ് എഥനോൾ ഉൽപ്പാദനത്തിനായി മാറ്റുന്നത്.

ഇന്ത്യയിലെ ആകെ ചോള ഉൽപ്പാദനമായ 43.4 മില്യൺ ടണ്ണിൽ ഏകദേശം 37 ശതമാനവും (17 മില്യൺ ടൺ) ഇപ്പോൾ എഥനോൾ ഡിസ്റ്റിലറികളിലേക്കാണ് പോകുന്നത്. മൂന്ന് വർഷം മുൻപ് ടണ്ണിന് 14,000 രൂപയായിരുന്ന ചോളത്തിന്റെ വില ഇന്ന് 26,500 രൂപയായി ഉയർന്നിരിക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം ഇതിൽ 20 ശതമാനത്തോളം വർദ്ധനവുണ്ടായി. എഥനോൾ കമ്പനികളുമായുള്ള ഈ നേരിട്ടുള്ള മത്സരം തീറ്റയുടെ വില കുത്തനെ കൂട്ടി.

മറ്റ് കാരണങ്ങൾ

എഥനോൾ ഉൽപ്പാദനം കൂടാതെ കടുത്ത ചൂട് (heat stress), കോഴികളുടെ ഉയർന്ന മരണനിരക്ക് (mortality levels), കാലാവസ്ഥാ വ്യതിയാനങ്ങൾ, ഇറക്കുമതി ചെയ്യുന്ന തീറ്റകളുടെ ഉയർന്ന ചെലവ് എന്നിവയും വിലക്കയറ്റത്തിന് കാരണമാണ്. 2030-ഓടെ എഥനോൾ ആവശ്യങ്ങൾക്കുള്ള ചോളത്തിന്റെ ഉപയോഗം 25 മില്യൺ ടണ്ണായി ഉയരുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT