chatgpt image 
News & Views

കടല്‍ കടക്കാതെ മുട്ട, വില കുത്തനെ ഇടിയുന്നു; ലോക്കല്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍

നാമക്കല്ലില്‍ 1,600ലധികം പൗള്‍ട്രി ഫാമുകള്‍ ഉണ്ടെന്നാണ് കണക്ക്. പ്രതിദിനം 7 കോടിക്കടുത്ത് മുട്ടകളാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്.

Dhanam News Desk

ഒരു വശത്ത് ഇറാനും മറുവശത്ത് ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അലയടിച്ചു തുടങ്ങുന്നു. എണ്ണവില ഉയര്‍ന്നതിനു പിന്നാലെ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി തടസപ്പെടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതി നിലച്ചിരുന്നു. ഇപ്പോഴിതാ ദക്ഷിണേന്ത്യയിലെ പ്രമുഖ മാര്‍ക്കറ്റുകളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതിയും തടസപ്പെട്ടു.

രാജ്യത്തെ പ്രധാന മുട്ട ഉത്പാദക മേഖല തമിഴ്‌നാട്ടിലെ നാമക്കല്‍ ആണ്. ഇവിടെ നിന്ന് പ്രതിദിനം 50-60 ലക്ഷം മുട്ടകളാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറിപോകുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധം മുറുകിയതോടെ മുട്ട കയറ്റുമതിയും സ്തംഭിച്ചു. നാമക്കല്ലില്‍ 1,600ലധികം പൗള്‍ട്രി ഫാമുകള്‍ ഉണ്ടെന്നാണ് കണക്ക്. പ്രതിദിനം 7 കോടിക്കടുത്ത് മുട്ടകളാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്.

മുട്ട കയറ്റുമതി തടസപ്പെട്ടതോടെ വിലയും താഴ്ന്നിട്ടുണ്ട്. നാമക്കല്ലില്‍ ഒരു മുട്ടയുടെ വില 4.60 രൂപയായിട്ടാണ് താഴ്ന്നത്. കഴിഞ്ഞ നവംബറില്‍ നാമക്കല്ലില്‍ മുട്ടവില ആറുരൂപയ്ക്ക് മുകളിലായിരുന്നു വില. ഗള്‍ഫിലേക്കുള്ള കയറ്റുമതി കൂടിയതും ആഭ്യന്തര ഉപയോഗം വര്‍ധിച്ചതുമായിരുന്നു കാരണം.

ജനുവരിയിലും ഫെബ്രുവരിയിലും മൊത്ത വില 5 രൂപയ്ക്ക് മുകളിലായിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറിയതിനു പിന്നാലെ 4.80 രൂപയിലേക്കും പിന്നീട് 4.60 രൂപയിലേക്കും വില താഴ്ന്നു. വരുംദിവസങ്ങളില്‍ വീണ്ടും വില ഇടിയുമെന്നാണ് സൂചന.

കാരണം യുദ്ധം മാത്രമല്ല

മാര്‍ച്ചിലെ വിലയിടിവിന്റെ പ്രധാന കാരണം യുദ്ധം മാത്രമല്ല. വേനല്‍ക്കാലത്ത് തമിഴ്‌നാട്ടിലും കേരളത്തിലും മുട്ട ഉപയോഗം കുറവാണെന്നാണ് നാഷണല്‍ എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി നാമക്കല്‍ യൂണിറ്റ് ഭാരവാഹികള്‍ പറയുന്നത്. വേനലിനൊപ്പം റംസാന്‍ വ്രതാനുഷ്ടാനം തുടങ്ങിയതും മുട്ട ഉപയോഗം ഇടിയുന്നതിന് കാരണമായി. യുദ്ധം കാരണം തങ്ങളുടെ ഓര്‍ഡറുകളില്‍ കുറവ് വന്നിട്ടില്ലെന്നാണ് നാമക്കല്‍ ഫാം ഉടമകള്‍ പറയുന്നത്. എന്നാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂപപ്പെട്ടേക്കുമെന്ന ആശങ്ക അവര്‍ പങ്കുവയ്ക്കുന്നു.

അതേസമയം, കര്‍ണാടകയിലെ മുട്ട ഉത്പാദകര്‍ യുദ്ധത്തിന്റെ തീവ്രത അറിഞ്ഞു തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തീര്‍ത്തും നിലച്ചുവെന്ന് മൈസൂരു എഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി സോണല്‍ പ്രസിഡന്റ് സതീഷ് ബാബു പറയുന്നു. കെട്ടിക്കിടക്കുന്ന മുട്ട മുഴുവന്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കേണ്ട അവസ്ഥയാണ്. സ്വഭാവികമായും വില കുറയ്‌ക്കേണ്ടി വരും. ഡിമാന്‍ഡിനെക്കാള്‍ ഉത്പാദനം കൂടി നില്ക്കുന്ന അവസ്ഥ വലിയ നഷ്ടത്തിന് കാരണമാകുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT