News & Views

മുട്ടവില കുതിച്ചുയരുന്നു, പുറം ഡിമാന്‍ഡ് ഉയര്‍ന്നു; തട്ടുകടകള്‍ക്കും ഹോട്ടലുകള്‍ക്കും തിരിച്ചടി

കേരളത്തില്‍ ആവശ്യമായ മുട്ടയുടെ സിംഹഭാഗവും വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ വില കൂടിയതിന്റെ പ്രതിഫലനം കേരള വിപണിയിലും ദൃശ്യമാണ്

Dhanam News Desk

ഡിമാന്‍ഡ് വര്‍ധിച്ചതിനനുസരിച്ച് ഉത്പാദനം കൂടാത്തത് രാജ്യത്ത് മുട്ടവില ഉയരുന്നതിന് വഴിയൊരുക്കുന്നു. രാജ്യത്തെ മുട്ട ഉത്പാദനത്തില്‍ മുന്‍നിരയിലുള്ള നാമക്കല്ലില്‍ ചരിത്രത്തിലാദ്യമായി മുട്ടവില 6 രൂപ കടന്നു. ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ആവശ്യകത വര്‍ധിച്ചതും ആഭ്യന്തര ഉപഭോഗം ഉയര്‍ന്നതുമാണ് മുട്ടവിലയെ മുന്നോട്ടു നയിക്കുന്നത്.

നാമക്കല്ലില്‍ പ്രതിദിനം 6.5-7 കോടി മുട്ടകള്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതില്‍ 80 ലക്ഷം മുതല്‍ ഒരു കോടി വരെ കയറ്റുമതി ചെയ്യുകയാണ്. വില വര്‍ധിച്ചതോടെ കയറ്റുമതിയില്‍ ചെറിയ കുറവുണ്ടാകുമെന്ന് ഉത്പാദകര്‍ പറയുന്നു. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന തുര്‍ക്കിയില്‍ നിന്നുള്ള മത്സരമാണ് ഇതിന് കാരണം.

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്ത് സാധാരണയായി മുട്ട ഉത്പാദനം കുറവാണ്. ഇതിനൊപ്പം ഡിമാന്‍ഡ് പതിവിലും ഉയര്‍ന്നു നില്‍ക്കുന്നതും വില ഉയരാന്‍ കാരണമായി.

കേരളവിപണിയിലും വര്‍ധന

കേരളത്തില്‍ ആവശ്യമായ മുട്ടയുടെ സിംഹഭാഗവും വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ വില കൂടിയതിന്റെ പ്രതിഫലനം കേരള വിപണിയിലും ദൃശ്യമാണ്. 7-8 രൂപയിലേക്ക് മുട്ടവില ഉയര്‍ന്നിട്ടുണ്ട്. മുട്ടവില കൂടുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെയും ചെറിയതോതില്‍ ബാധിക്കും.

മുട്ടവില ഉയര്‍ന്നതോടെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. മിക്ക തട്ടുകടകളുടെയും പ്രധാന വരുമാനം വൈകുന്നേരങ്ങളില്‍ ഉള്ള ഓംലെറ്റും ബുള്‍സ് ഐയുമാണ്. പെട്ടെന്ന് വിലകൂട്ടിയാല്‍ ഉപയോക്താക്കള്‍ കുറയുമെന്നതിനാല്‍ വിലകൂട്ടാന്‍ പലരും മടിക്കുകയാണ്. ഹോട്ടലുകളില്‍ മുട്ടറോസ്റ്റിന് രണ്ടു മുതല്‍ അഞ്ചു രൂപ വരെ വര്‍ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

കുടുംബശ്രീ ഗ്രാമീണ മേഖലകളില്‍ നാടന്‍ കോഴി ഫാമുകള്‍ വന്‍തോതില്‍ ആരംഭിച്ചിരുന്നുവെങ്കിലം വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സംവിധാനമില്ലാത്തതും മുട്ട കൂടുതലുണ്ടെങ്കില്‍ പ്രാദേശിക വിപണികളില്‍ വിറ്റുതീര്‍ക്കാനാവുന്നില്ലെന്നതും വലിയ പരാജയമാണ്. കൂടാതെ കോഴിത്തീറ്റവില കൂടിയതും കര്‍ഷകരെ പിന്നോട്ടടിക്കുന്നു.

കയറ്റുമതി വര്‍ധിച്ചു

ഇന്ത്യയില്‍ നിന്നുള്ള മുട്ട കയറ്റുമതിയില്‍ ആദ്യത്തെ ആറുമാസം വന്‍ കുതിപ്പാണുണ്ടായത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡിനൊപ്പം പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിച്ചതും മുട്ട കയറ്റുമതിക്ക് ഗുണം ചെയ്തു. 1,288.63 കോടി രൂപയുടെ കയറ്റുമതിയാണ് ജനുവരി-ജൂണ്‍ കാലയളവില്‍ നടന്നത്. മുന്‍ വര്‍ഷം സമാനപാദത്തില്‍ ഇത് 595 കോടി രൂപയുടേതായിരുന്നു.

യുഎഇ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് ശക്തമായത് രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്തു. ഇന്ത്യന്‍ മുട്ട ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഒമാന്‍. ഈ വര്‍ഷം ആദ്യ പകുതിയില്‍ മുട്ട വാങ്ങലില്‍ യുഎഇ ഒമാനെ മറികടന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT