Image Courtesy: Canva, kochimetro.org 
News & Views

കൊച്ചി മെട്രോയുടെ ഇ-ബസുകള്‍ ഈ മാസം അവസാനത്തോടെ എത്തും, സര്‍വീസ് നടത്തുക യാത്രാ സൗകര്യങ്ങള്‍ കുറഞ്ഞ റൂട്ടില്‍

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്ന ജോലികളുടെ അന്തിമ ഘട്ടത്തിലാണ് കൊച്ചി മെട്രോ

Dhanam News Desk

കൊച്ചി മെട്രോ സ്റ്റേഷനുകളിലേക്ക് മതിയായ റോഡ് യാത്രാ സൗകര്യങ്ങള്‍ ഇല്ലാത്ത റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിനാണ് ബസുകള്‍ വാങ്ങുന്നത്. കൊച്ചി മെട്രോ സ്വന്തമായി 15 ഇലക്ട്രിക്ക് ബസുകളാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. 

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കില്‍

32 യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമുളള എയർകണ്ടീഷൻ ചെയ്ത ഇ.വി ബസുകളാണ് എത്തുന്നത്. 90 ലക്ഷം രൂപയാണ് ബസിന്റെ വില. സെപ്റ്റംബര്‍ അവസാനത്തോടെ ഇ-ബസുകളുടെ റൂട്ടുകൾ പ്രഖ്യാപിക്കാനുളള ശ്രമങ്ങളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ബസുകൾക്ക് ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലികളുടെ അന്തിമ ഘട്ടത്തിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ). സർക്കാർ അംഗീകരിച്ച യാത്രാനിരക്കിന് അനുസൃതമായിട്ടാണ് ഈ ബസുകളിലെയും യാത്രാനിരക്ക് നിശ്ചയിക്കുക.

സെപ്റ്റംബർ അവസാനത്തോടെയായിരിക്കും ബസുകളുടെ പ്രവർത്തന സമയം സംബന്ധിച്ച് വ്യക്തമായി അറിയാനാകുക. 160 കിലോമീറ്റർ റേഞ്ചുളള ബസുകളാണ് അവതരിപ്പിക്കുന്നത്.

യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക ലക്ഷ്യം

മെട്രോ സ്റ്റേഷനുകളിലേക്ക് ആളുകള്‍ക്ക് എത്താന്‍ സാധിക്കുന്നതിന് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി വിശാല കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് കൂടുതൽ ഇ-ബസുകൾ അടുത്ത ഘട്ടത്തില്‍ കെ.എം.ആർ.എല്ലിന് വാങ്ങാനുളള പദ്ധതികളുണ്ട്.

ബസുകള്‍ മുട്ടം മെട്രോ ഡിപ്പോ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക. മുട്ടം ഡിപ്പോ ആയിരിക്കും പ്രധാന റീചാർജിംഗ് കേന്ദ്രം. കൂടാതെ, ചെറിയ ഇടവേളകളിൽ റീചാർജ് ചെയ്യുന്നതിനായി വൈറ്റില, കലൂർ, ആലുവ മെട്രോ സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.

മെട്രോ സ്റ്റേഷനുകളിലേക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ മെട്രോ ട്രെയിനുകള്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT