അമേരിക്കന്‍ കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ ഡൊണള്‍ഡ് ട്രംപിനോട് ഉറ്റ ചങ്ങാതി ഇലോണ്‍ മസ്‌കും ടാറ്റ പറഞ്ഞു. ട്രംപ് സര്‍ക്കാരില്‍ ഭരണ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയായ ടെക്‌നോളജി കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ആ സ്ഥാനത്തു നിന്ന് ഇന്നലെ പടിയിറങ്ങുമ്പോള്‍ പ്രധാനമായും പറഞ്ഞത് ഇതാണ്. '' അനാവശ്യ ചെലവുകള്‍ കുറക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്റിന് നന്ദി.''
ആറ് മാസം മുമ്പ് അധികാരത്തില്‍ വന്ന ട്രംപ് ഭരണകൂടം ഇലോണ്‍ മസ്‌കിനെ പ്രധാന ചുമതലയേല്‍പ്പിച്ചത് ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയിരുന്നത്. സര്‍ക്കാരിന്റെ ചെലവ് കുറക്കാനായി തുടങ്ങിയ പുതിയ വകുപ്പിന് ഏറെയൊന്നും ചെയ്യാനായില്ലെന്ന കുറ്റസമ്മതത്തോടെയാണ് മസ്‌കിന്റെ രാജി.
ഒപ്പം ട്രംപിന്റെ ഭരണ നയങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. തന്റെ വകുപ്പ് ചെലവ് കുറക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രംപിന്റെ നയങ്ങള്‍ അമേരിക്കയുടെ ധനക്കമ്മി വര്‍ധിപ്പിക്കുകയാണെന്ന് മസ്‌ക് ആരോപിച്ചിരുന്നു. ഓരോ ബില്ലുകളെയും വലുതും സുന്ദരവും (big, beautiful) എന്നാണ് പ്രസിഡന്റ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒരു ബില്ലിന് ഇത് രണ്ടും കൂടിയാകാന്‍ കഴിയില്ല. മസ്‌ക് പറഞ്ഞു. തന്റെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളെ കുറച്ചു കാണിക്കാന്‍ സര്‍ക്കാരില്‍ ശ്രമം നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏപ്രില്‍ മാസത്തില്‍ അമേരിക്കയിലെ കോടതിയില്‍ നിന്ന് വിമര്‍ശനം നേരിട്ടപ്പോള്‍ തന്നെ മസ്‌ക് സ്ഥാനമൊഴിയാന്‍ തയ്യാറെടുത്തിരുന്നു. ഭരണ കാര്യക്ഷമതാ വകുപ്പിന്റെ മേധാവിയായുള്ള മസ്‌കിന്റെ നിയമനം നിയമ പ്രകാരമല്ലെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയിലെ ജനങ്ങളുടെ വ്യക്തി വിവരങ്ങളിലേക്ക് മസ്കിന് പ്രവേശനം നല്‍കുന്നതിനെതിരെ മറ്റു കേസുകളും നടക്കുന്നുണ്ട്. ഇതോടെയാണ് രാഷ്ട്രീയം വിട്ട് തന്റെ ബിസിനസ് സാമ്രാജ്യത്തില്‍ ശ്രദ്ധയൂന്നാന്‍ മസ്ക് ആലോചിച്ച് തുടങ്ങിയത്.
ഭരണത്തില്‍ പങ്കാളിയായതിന് ശേഷം മസ്‌കിന്റെ ബിസിനസിന് തിരിച്ചടികളുണ്ട് ടെസ്ല ഡീലര്‍ഷിപ്പുകള്‍ പ്രതിസന്ധിയിലാകുകയും കമ്പനിയുടെ ഓഹരി വില ഇടിയുകയും ചെയ്തു. സ്‌പേസ് എക്‌സിന്റെ മിഷനുകള്‍ പരാജയപ്പെടുന്നു. ഏറ്റവുമൊടുവില്‍ സ്റ്റാര്‍ഷിപ്പ് ഒമ്പതാമത്തെ ശ്രമത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതും തിരിച്ചടിയായി.
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ഇലോണ്‍ മസ്‌ക് തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ട്രംപിനോട് അടുത്തത്. ഇക്കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് ഏറ്റവുമധികം തുക നല്‍കിയതും അദ്ദേഹമാണ്. മസ്‌കിന്റെ രാജിയെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ മുന്നേറ്റം പ്രകടമായി.
Read DhanamOnline in English
Subscribe to Dhanam Magazine