Adani Group , c, canva image credit : Adani Group , canva
News & Views

ധനികരുടെ സമ്പത്ത് ഇടിയുന്നു; മസ്‌കിന് ട്രംപ് തുണയായില്ല; അദാനിക്ക് പണി കൊടുത്തത് ഹിന്‍ഡന്‍ബര്‍ഗ്

ആസ്തിയില്‍ ഗൗതം അദാനിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് മുകേഷ് അംബാനി

Dhanam News Desk

ലോകത്തിലെ ധനികരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള ഇലോണ്‍ മസ്‌കിനും ഗൗതം അദാനിക്കും എന്താണ് സംഭവിക്കുന്നത്? ഇരുവരുടെയും സമ്പത്ത് കുത്തനെ ഇടിയുന്ന കാഴ്ചയാണ് കാണുന്നത്. ജനുവരിയില്‍ മസ്‌കിന്റെ സമ്പത്ത് 455 ബില്യണ്‍ ഡോളറില്‍ നിന്ന് 397 ബില്യണ്‍ ഡോളറായി കുറഞ്ഞു. അദാനി ഗ്രൂപ്പിന് ജനുവരിയിലുണ്ടായത് 11.9 ബില്യണ്‍ ഡോളറിന്റെ ഇടിവ്. 2025 ല്‍ സമ്പത്തില്‍ ഇടിവു വന്നവരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളവരാണ് ഇവര്‍. 2025 ലെ ബ്ലൂംബര്‍ഗ് റിയല്‍ടൈം മില്യണയര്‍ ഇന്‍ഡക്‌സിന്റെ പ്രാഥമിക കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

ട്രംപിന്റെ കൂട്ട് വിനയായോ?

2021 ലാണ് ഇലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും ധനികനായത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വന്നതോടെ, ചങ്ങാതിയായ മസ്‌കിന്റെ കമ്പനി മൂല്യം കുതിച്ചുയര്‍ന്ന് 500 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജനുവരിയിലെ കണക്കുകള്‍ പ്രകാരം 397 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. മസ്‌കിന്റെ തീവ്ര വലതുപക്ഷ നിലപാടുകള്‍ കമ്പനിയുടെ വരുമാനത്തെ ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ടെസ്ല, സ്‌പേസ് എക്‌സ് തുടങ്ങിയ മുന്‍ നിര കമ്പനികളെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ, കമ്പനിയുടെ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറക്കാന്‍ മസ്ക് നീക്കം നടത്തിയിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് പ്രഹരം

യുഎസ് ഹെഡ്ജ് ഫണ്ടായ ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തി ആരോപണങ്ങള്‍ അദാനി ഗ്രൂപ്പിനെ പ്രത്യക്ഷത്തില്‍ ബാധിച്ചില്ലെങ്കിലും അത് ഓഹരി വിപണിയില്‍ ആഘാതമുണ്ടാക്കി. അദാനി ഓഹരികളുടെ മൂല്യത്തില്‍ വലിയ ഇടിവാണുണ്ടാക്കിയത്. 2022 ല്‍ 141 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ലോകത്തിലെ നാലാമത്തെ ധനികനായിരുന്നു ഗൗതം അദാനി. എന്നാല്‍ ജനുവരിയിലെ കണക്കുകള്‍ പ്രകാരം 66.8 ബില്യണ്‍ ഡോളറാണ് ആസ്തി. ലോകത്തിലെ ധനികരില്‍ 23-ാം സ്ഥാനം. ഏഷ്യയില്‍ രണ്ടാം സ്ഥാനവും. പുതിയ കണക്കുകള്‍ പ്രകാരം റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് 88.7 ബില്യണ്‍ ആസ്തിയുണ്ട്. എഷ്യന്‍ ധനികരില്‍ രണ്ടാം സ്ഥാനം അംബാനി കൊണ്ടു പോകുമോ എന്നാണ് ബിസിനസ് ലോകം ഉറ്റു നോക്കുന്നത്. ഈ വര്‍ഷം വരാനിരിക്കുന്ന ധനികരുടെ പട്ടികയില്‍ അദാനിയുടെ സ്ഥാനം മുന്നിലായിരിക്കില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT