ഓഹരി വിപണി പ്രവേശനത്തിനൊരുങ്ങി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ്. അടുത്ത വര്‍ഷത്തോടെയാകും ഇതുണ്ടാവുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒ ആകുമെന്നാണ് പ്രതീക്ഷ. 25-30 ബില്യന്‍ ഡോളര്‍ വരെയാണ് ഐ.പി.ഒയിലൂടെ സമാഹരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബഹിരാകാശ കമ്പനിയുടെ മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ (ഏകദേശം 90 ലക്ഷം കോടി രൂപ) എത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. എന്നാല്‍ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ ഇത് 1.5 ലക്ഷം കോടി ഡോളര്‍ കവിയുമെന്നാണ് പറയുന്നത്.
സ്‌പേസ്എക്‌സിന് കീഴിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐ.പി.ഒയിലൂടെ ഫണ്ട് സമാഹരിക്കുന്നത്. ഇതിനൊപ്പം മൊബൈല്‍ ഇന്റര്‍നെറ്റ്, ചന്ദ്രനിലേക്കുള്ള സ്റ്റാര്‍ഷിപ്പ്, ചൊവ്വാ പര്യവേഷണം തുടങ്ങിയ പദ്ധതികളും മസ്‌കിന്റെ മനസിലുണ്ട്. കൂടാതെ ബഹിരാകാശത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാനും ലോക സമ്പന്നന് പദ്ധതിയുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം പകുതിയോടെയാണ് ഐ.പി.ഒയുടെ ചര്‍ച്ചകള്‍ സ്‌പേസ്എക്‌സ് തുടങ്ങിയത്. ആഗോളതലത്തില്‍ ഐ.പി.ഒ വിപണി തിരിച്ചു വരുന്നതിനിടെയാണ് കമ്പനിയുടെ നീക്കമെന്നതും ശ്രദ്ധേയം. വമ്പന്‍ കമ്പനികള്‍ വിപണി പ്രവേശനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഐ.പി.ഒ വിപണി അടുത്ത വര്‍ഷവും ഉണര്‍വിലാകുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ.
ലോകത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും സ്‌പേസ്എക്‌സിന്റേതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല നിക്ഷേപകരും ഏറെക്കാലമായി കാത്തിരിക്കുന്ന ഐ.പി.ഒയുമാണിത്. നിലവില്‍ സൗദി അറേബ്യയുടെ അരാംകോ മാത്രമാണ് ഒരുലക്ഷം ഡോളറിന് മുകളില്‍ മൂല്യവുമായി ഐ.പി.ഒക്ക് എത്തിയത്. 1.7 ലക്ഷം കോടി ഡോളര്‍ മൂല്യം കണക്കാക്കി 2019ലാണ് 25.6 ബില്യന്‍ സമാഹരിച്ചത്. ഇതിന് പുറമെ ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ, സോഫ്റ്റ്ബാങ്ക് കോര്‍പറേഷന്‍, എന്‍.ടി.ടി മൊബൈല്‍, വിസ, ഫേസ്ബുക്ക്, ജനറല്‍ മോട്ടോഴ്‌സ് എന്നീ കമ്പനികളും ആഗോള ഐ.പി.ഒ സമാഹരണത്തില്‍ മുന്നിലുണ്ട്.
കൂടുതല്‍ സ്വകാര്യ കമ്പനികള്‍ക്ക് വിപണിയിലേക്ക് ഇറങ്ങാന്‍ സ്‌പേസ്എക്‌സ് ഐ.പി.ഒ പ്രചോദനമാകുമെന്നും വിദഗ്ധര്‍ കരുതുന്നു. നിലവില്‍ ചാറ്റ് ജി.പി.ടി നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് സ്‌പേസ്എക്‌സ്. ഓപ്പണ്‍ എ.ഐയും മറ്റൊരു എ.ഐ കമ്പനിയായ ആന്ത്രോപ്പിക്കും ഐ.പി.ഒ ചര്‍ച്ചകള്‍ തുടങ്ങിയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം കമ്പനികളെല്ലാം ഐ.പി.ഒയുമായി രംഗത്തെത്തിയാല്‍ യു.എസ് വിപണി ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
നിലവില്‍ 460 ബില്യന്‍ ഡോളറിന്റെ സ്വത്തുമായി ലോകസമ്പന്ന പദവി അലങ്കരിക്കുന്നയാളാണ് ഇലോണ്‍ മസ്‌ക്. സ്‌പേസ്എക്‌സിന് 1.5 ലക്ഷം ഡോളര്‍ മൂല്യം കണക്കാക്കിയാല്‍ മസ്‌കിന്റെ സമ്പത്ത് ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയില്‍ മസ്‌കിനുള്ള വിഹിതം നിലവിലുള്ള 136 ബില്യന്‍ ഡോളറില്‍ നിന്ന് 625 ബില്യന്‍ ഡോളറായി വര്‍ധിക്കും. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കാര്‍ കമ്പനിയായ ടെസ്‌ലയിലേത് അടക്കം നിരവധി മറ്റ് കമ്പനികളിലും മസ്‌കിന് ഓഹരി പങ്കാളിത്തമുണ്ട്. അങ്ങനെ വന്നാല്‍ മൊത്ത സമ്പാദ്യം 952 ബില്യന്‍ ഡോളറായി (ഏകദേശം 85.95 ലക്ഷം കോടി രൂപ) വര്‍ധിക്കുമെന്നാണ് ബ്ലൂംബെര്‍ഗിന്റെ കണക്ക്. ലോകത്തിലെ ആദ്യ ലക്ഷംകോടി ഡോളര്‍ സമ്പത്തുള്ള വ്യക്തിയെന്ന പദവിയിലേക്ക് മസ്‌കിന്റെ പാത എളുപ്പമാക്കാന്‍ ഇതിലൂടെ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine