Facebook / Donald Trump, Canva
News & Views

മസ്‌ക് ശരിക്കും യു.എസ് പൗരനാണോ? നാല് ഭാര്യമാരും 14 മക്കളും ഏത് രാജ്യക്കാരാണ്? ട്രംപുമായുള്ള ബന്ധമെന്ത്? രാഷ്ട്രീയത്തിലിറങ്ങി മസ്‌ക് നേടിയതെന്ത്? അറിയേണ്ടതെല്ലാം

ഓണ്‍ലൈന്‍ ബിസിനസ് ഡയറക്ടറിയായ സിപ്2, പിന്നീട് പേയ്പാല്‍ ആയി മാറിയ എക്‌സ്.കോം, ടെസ്‌ല, ന്യൂറാലിങ്ക്, ദി ബോറിംഗ് കമ്പനി, എക്‌സ്എ.ഐ തുടങ്ങിയ കമ്പനികളുടെ സഹസ്ഥാപകനായ മസ്‌ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ബിസിനസുകാരില്‍ ഒരാളായും മാറി.

Dhanam News Desk

യു.എസ് ഭരണകാര്യക്ഷമതാ വകുപ്പില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പൗരത്വം തിരഞ്ഞ് ലോകം. അമേരിക്കയിലെ ചെലവ് ചുരുക്കാന്‍ ഇറങ്ങിത്തിരിച്ച ട്രംപ് യു.എസ് പൗരനാണോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസമാണ് യു.എസ് സര്‍ക്കാരിലെ ഭരണകാര്യക്ഷമതാ വകുപ്പില്‍ (Department Of Government Efficiency -DOGE) നിന്നും വിരമിക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റ് കസേരയില്‍ ഇരുത്താന്‍ കോടികള്‍ ചെലവഴിച്ച ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പൗരനാണോ? എന്താണ് ട്രംപും മസ്‌കും തമ്മിലുള്ള ബന്ധം? രാഷ്ട്രീയത്തില്‍ ഇറങ്ങി മസ്‌ക് നേടിയതെന്ത്? ഇക്കാര്യം പരിശോധിക്കാം.

ശരിക്കും യു.എസ് പൗരനാണോ?

1971 ജൂണ്‍ 28ന് സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് ഇലോണ്‍ മസ്‌കിന്റെ ജനനം. അതായത് മസ്‌ക് ജന്മനാ യു.എസ് പൗരനായ വ്യക്തിയല്ല. അമ്മ മേയ് മസ്‌കിന്(Maye Musk) കനേഡിയന്‍ പൗരത്വമുള്ളതിനാല്‍ 1989ല്‍ 17ാം വയസില്‍ ഇലോണ്‍ മസ്‌കിനും കാനഡയില്‍ പൗരത്വം ലഭിച്ചു. ഇതുപയോഗിച്ച് നോര്‍ത്ത് അമേരിക്കയിലേക്ക് പഠനാവശ്യത്തിനായി കുടിയേറിയ മസ്‌ക് പിന്നീട് അമേരിക്കന്‍ പൗരനാവുകയായിരുന്നു.

ജീവിതം മാറ്റിയ സ്റ്റുഡന്റ് വിസ

1989ല്‍ കാനഡയിലേക്ക് താമസം മാറിയ മസ്‌ക് ഒന്‍ടാറിയോയിലെ ക്വീന്‍സ് സര്‍വകലാശാലയില്‍ പഠനം ആരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ യു.എസ് ജെ1 സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയ മസ്‌ക് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഉന്നത പഠനത്തിന് ചേര്‍ന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. സിലിക്കോണ്‍ വാലിയിലെ ടെക് വിപ്ലവത്തിനൊപ്പം ചേരാന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പഠനമാണ് അദ്ദേഹത്തിന് പ്രേരണയായത്.

യു.എസ് പൗരത്വം എങ്ങനെ കിട്ടി?

2002ലാണ് മസ്‌കിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. അമേരിക്കയില്‍ ജനിക്കാത്ത എന്നാല്‍ അമേരിക്കന്‍ പൗരനാകാന്‍ വേണ്ട യോഗ്യതയുള്ള വ്യക്തികള്‍ക്ക് അനുവദിക്കുന്ന നാച്ചുറലൈസ്ഡ് പൗരത്വമാണ് അദ്ദേഹത്തിന് ലഭിച്ചത്. പഠന ശേഷം സ്റ്റുഡന്റ് വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേക്ക് മാറിയ മസ്‌ക് ഒട്ടേറെ കടമ്പകള്‍ താണ്ടിയാണ് യു.എസ് പൗരനായത്. 90കളിലെ വിദ്യാഭ്യാസ കാലവും പൗരത്വം നേടുന്നതിന് വേണ്ടി നടത്തിയ പരിശ്രമങ്ങളും അദ്ദേഹം നിരവധി അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ നിയമ വിരുദ്ധമായ ജോലികളിലും ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം അടുത്തിടെ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്തിനാണ് യു.എസ് പൗരത്വം?

ദക്ഷിണാഫ്രിക്കയില്‍ ജനിച്ചുവളര്‍ന്ന കനേഡിയന്‍ പൗരത്വമുണ്ടായിരുന്ന മസ്‌ക് എന്തിനാണ് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. ഇതിനുള്ള ഉത്തരം പല വേദികളിലും അദ്ദേഹം നല്‍കിയിട്ടുണ്ട്. ബിസിനസിലും പുത്തന്‍ കണ്ടുപിടുത്തങ്ങളിലും നല്‍കുന്ന ഊന്നലാണ് തന്നെ യു.എസിലേക്ക് അടുപ്പിച്ചത്. അമേരിക്കയിലേക്ക് എത്തിയ ശേഷം മസ്‌ക് തുടങ്ങിയ കമ്പനികള്‍ തന്നെയാണ് ഈ ചോദ്യത്തിനുള്ള മറ്റൊരു ഉത്തരം. ഓണ്‍ലൈന്‍ ബിസിനസ് ഡയറക്ടറിയായ സിപ്2, പിന്നീട് പേയ്പാല്‍ ആയി മാറിയ എക്‌സ്.കോം, ടെസ്‌ല, ന്യൂറാലിങ്ക്, ദി ബോറിംഗ് കമ്പനി, എക്‌സ്എ.ഐ തുടങ്ങിയ കമ്പനികളുടെ സഹസ്ഥാപകനായ മസ്‌ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ബിസിനസുകാരില്‍ ഒരാളായും മാറി.

മസ്‌കിന് എത്ര രാജ്യങ്ങളില്‍ പൗരത്വമുണ്ട്?

ഇലോണ്‍ മസ്‌കിനെ ജന്മനാടായ ദക്ഷിണാഫ്രിക്ക വിലക്കിയെന്ന് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെളിയിക്കുന്ന ഔദ്യോഗിക രേഖകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മസ്‌കിന് ദക്ഷിണാഫ്രിക്ക, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുടെ പൗരത്വമാണുള്ളത്. നിര്‍ബന്ധിത സൈനിക സേവനം ഒഴിവാക്കാനാണ് താന്‍ ദക്ഷിണാഫ്രിക്ക വിട്ടതെന്ന് ചില അഭിമുഖങ്ങളില്‍ മസ്‌ക് പറഞ്ഞിട്ടുണ്ട്.

14 മക്കള്‍, ഏത് രാജ്യക്കാര്‍?

നാല് പങ്കാളികളിലായി 14 മക്കളാണ് ഇലോണ്‍ മസ്‌കിനുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും അമേരിക്കയില്‍ തന്നെ ജനിച്ചതിനാല്‍ യു.എസ് പൗരത്വമുള്ളവരാണ്. അമ്മമാര്‍ കനേഡിയന്‍ പൗരത്വമുള്ളവരായതിനാല്‍ മക്കള്‍ക്ക് കനേഡിയന്‍ പൗരത്വത്തിനും അര്‍ഹതയുണ്ട്.

ട്രംപുമായുള്ള ബന്ധമെന്ത്?

ബിസിനസില്‍ ശതകോടികളുടെ നഷ്ടമുണ്ടായിട്ടും എന്തിനാണ് ഇലോണ്‍ മസ്‌ക് ട്രംപിനൊപ്പം നില്‍ക്കുന്നതെന്നാണ് എല്ലാവരുടെയും മനസിലുള്ള മറ്റൊരു സംശയം. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക സഹായം തേടിയാണ് 2024ന്റെ തുടക്കത്തില്‍ ഇലോണ്‍ മസ്‌ക് അടക്കമുള്ള ചില ബിസിനസുകാരെ ട്രംപ് ഫ്‌ളോറിഡയില്‍ വെച്ച് കാണുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കും താന്‍ സാമ്പത്തിക സഹായം ചെയ്യില്ലെന്നായിരുന്നു അന്ന് മസ്‌കിന്റെ മറുപടി. എന്നാല്‍ ജൂലൈ 13ന് ഇലക്ഷന്‍ റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായതിന് തൊട്ടുപിന്നാലെ മസ്‌ക് ട്രംപ് ക്യാമ്പില്‍ ചേര്‍ന്നു. വലിയൊരു തുക ഇലക്ഷന്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയ മസ്‌ക് പരസ്യമായി ട്രംപിനെ പിന്തുണച്ച് റാലികളില്‍ പങ്കെടുത്തു.

ഞാനും മാഗ

പിന്നീട് ഓഗസ്റ്റ് 12ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയാണ് കാര്യങ്ങളെല്ലാം മാറ്റിയത്. അധികാരത്തിലെത്തിയാല്‍ സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഒരു കമ്മിഷന്‍ രൂപീകരിക്കണമെന്നും തന്നെ അതിന്റെ ചുമതലക്കാരനാക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടു. പിന്നാലെ സെപ്റ്റംബറില്‍ ഇത് അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനവുമെത്തി. അധികാരത്തിലെത്തുമെങ്കില്‍ സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിനെ മസ്‌ക് നയിക്കും. ട്രംപിന് നേരെ വധശ്രമമുണ്ടായ പെന്‍സില്‍വാനിയയിലെ വേദിയിലെത്തിയ മസ്‌ക് 2024 ഒക്ടോബര്‍ അഞ്ചിന് മറ്റൊരു പ്രഖ്യാപനം നടത്തി. ഞാനുമൊരു മാഗയാണ്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍ (Make America Great Again) എന്നതിന്റെ ചുരുക്കപ്പേരാണ് മാഗ. പിന്നാലെ മസ്‌കിന്റെ മറ്റൊരു പ്രഖ്യാപനവുമെത്തി. ഫ്രീ സ്പീച്ച്, ആയുധം കൈവശം വെക്കാനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള പരാതിയില്‍ ഒപ്പിടുന്നവരില്‍ ഒരാള്‍ക്ക് വീതം എല്ലാ ദിവസവും 10 ലക്ഷം ഡോളര്‍ വെച്ച് നല്‍കും.

രാഷ്ട്രീയത്തിലിറങ്ങി കുളമായി

തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ 2024 നവംബര്‍ 12നാണ് സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കുന്ന വകുപ്പില്‍ ഉപദേശകരായി മസ്‌കിനെയും ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിയെയും ട്രംപ് നിയമിക്കുന്നത്. യു.എസ് പൗരന്മാരുടെ ജോലിയില്‍ വരെ കൈവെച്ചതോടെ മസ്‌കിനും കൂട്ടര്‍ക്കുമെതിരെ പതിയെ പ്രതിഷേധവും ശക്തമായി. യൂറോപ്പിന്റെ പല ഭാഗങ്ങളിലും മസ്‌കിനെതിരെയുള്ള പ്രതിഷേധം ടെസ്‌ല ഷോറൂമുകളിലേക്കും പടര്‍ന്നു. വില്‍പ്പനയിടിഞ്ഞതോടെ കമ്പനിയുടെ കാര്യവും അവതാളത്തിലായി. രാഷ്ട്രീയവും ബിസിനസും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് നിക്ഷേപകരും കട്ടായം പറഞ്ഞു. ഇതോടെ ടെസ്‌ലയെ രക്ഷിക്കാന്‍ സാക്ഷാല്‍ ട്രംപ് തന്നെ രംഗത്തിറങ്ങി. വൈറ്റ് ഹൗസില്‍ പുതിയ ടെസ്‌ല കാറിന് മുന്നില്‍ ഫോട്ടോക്ക് പോസ് ചെയ്ത ട്രംപ് മസ്‌കിനെ പുകഴ്ത്തുകയും ചെയ്തു.

ഒടുവില്‍ പടിയിറക്കം

കാര്യങ്ങള്‍ക്കൊക്കെ മാറ്റമുണ്ടാകുന്നത് ഈ മാസം ആദ്യത്തോടെയാണ്. താന്‍ രാഷ്ട്രീയം മതിയാക്കി ബിസിനസില്‍ ശ്രദ്ധിക്കാന്‍ പോവുകയാണെന്ന് മസ്‌കിന്റെ പ്രഖ്യാപനമെത്തി. കഴിഞ്ഞ ദിവസം ട്രംപിന്റെ നികുതി ബില്ലിനെ വിമര്‍ശിച്ചതോടെ മസ്‌ക് ഡോജിന്റെ പടിയിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. അമേരിക്കയുടെ പൊതുകടം വര്‍ധിപ്പിക്കുന്ന ബില്‍ ഭരണകാര്യക്ഷമതാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമില്ലാതാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പടിയിറക്ക പ്രഖ്യാപനവുമെത്തുന്നത്.

അടിച്ചുപിരിഞ്ഞതോ?

ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പടിയിറക്കമെന്ന് സംസാരമുണ്ടെങ്കിലും ബിസിനസില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് പുതിയ മാറ്റമെന്നാണ് മസ്‌ക് നല്‍കുന്ന വിശദീകരണം. 24 മണിക്കൂറും കമ്പനിക്കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ താന്‍ തിരിച്ചെത്തുമെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ചെലവ് കുറക്കല്‍ സംഘത്തില്‍ കുറച്ചുകാലം മാത്രം പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാണ് മസ്‌ക് വന്നതെന്നും അതുകഴിഞ്ഞാല്‍ അദ്ദേഹം പടിയിറങ്ങുമെന്നും ട്രംപും അടുത്തിടെ പറഞ്ഞിരുന്നു. മസ്‌കിനെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയി (എസ്.ജി.ഇ) എന്ന പദവിയിലാണ് നിയമിച്ചിരുന്നത്. ഓരോ വര്‍ഷവും 130 ദിവസം വരെയാണ് ഈ പദവിയില്‍ ജോലി ചെയ്യാനാവുക. വരുന്ന വെള്ളിയാഴ്ചയാണ് ഈ കാലാവധി അവസാനിക്കുക. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മസ്‌കിന് പകരം ആരാകും ഇനി ഡോജിന്റെ തലപ്പത്ത് എത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രാഷ്ട്രീയം നഷ്ടക്കച്ചവടമോ?

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌കിന് രാഷ്ട്രീയ ജീവിതം നല്‍കിയത് അശുഭകരമായ അനുഭവമാണെന്ന് കണക്കുകള്‍ പറയുന്നു. തന്റെ ഉടമസ്ഥതയിലുള്ള പല കമ്പനികളുടെയും ഓഹരി വില കുത്തനെയിടിഞ്ഞു. സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തിന്റെ കണക്കിലും കുറവുണ്ടായി. 2024 ഡിസംബറിലെ കണക്ക് പ്രകാരം മസ്കിന്റെ സ്വത്ത് 486 ബില്യന്‍ ഡോളറായിരുന്നു. ഇന്ന് ബ്ലൂംബെര്‍ഗിന്റെ കണക്ക് പ്രകാരം ലോകകോടീശ്വരന്റെ പക്കലുള്ളത് 386 ബില്യന്‍ ഡോളര്‍ മാത്രം. 100 ബില്യന്‍ ഡോളറിന്റെ കുറവ്. അതായത് ഏകദേശം 8.5 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ സ്വത്തിന് തുല്യമായ തുകയെന്ന് സാരം. ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ ഓഹരി വില ഇടിഞ്ഞതാണ് കനത്ത നഷ്ടത്തിന് കാരണമായത്.

Elon Musk, a naturalized U.S. citizen, resigns from the Trump administration role, sparking renewed interest in his citizenship.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT