ടെക് ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിയുമായി ചേര്‍ന്ന് ദുബൈ സര്‍ക്കാര്‍ നിര്‍മിക്കുന്ന ലൂപ് ടണല്‍ ഹൈസ്പീഡ് ഗതാഗത പദ്ധതി പ്രഖ്യാപിച്ചു. മസ്‌കിന്റെ നിര്‍മാണ വിഭാഗമായ ദ ബോറിംഗ് കമ്പനിക്കാണ് നിര്‍മാണ ചുമതല. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ്‌സ് ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്. ദ ബോറിംഗ് കമ്പനിയുമായി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി ധാരണാ പത്രം ഒപ്പുവെച്ചു. പദ്ധതിയുടെ പ്രാഥമിക വിവരങ്ങള്‍ യുഎഇ ഡെപ്യൂട്ടി പ്രധാന മന്ത്രി ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ മഖ്ദൂം എക്‌സില്‍ പങ്കുവെച്ചു. ദുബൈ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതാകും ഈ പദ്ധതിയെന്ന് ഷെയ്ക്ക് ഹംദാന്‍ അഭിപ്രായപ്പെട്ടു.
ദുബൈയുടെ ഗതാഗത സംവിധാനങ്ങളെ നവീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ലൂപ് പദ്ധതി 17 കിലോ മീറ്റര്‍ നീളമുള്ള അണ്ടര്‍ ഗ്രൗണ്ട് പാതയാണ്. 11 സ്റ്റേഷനുകളാണ് പാതയിലുണ്ടാകുക. മണിക്കൂറില്‍ 160 കിലോമീറ്റാകും വേഗത. മണിക്കൂറില്‍ 20,000 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പദ്ധതിയുടെ രൂപ രേഖ തയ്യാറായതായി ദ ബോറിംഗ് കമ്പനി അറിയിച്ചു. ലോക നിലവാരത്തിനുള്ള കമ്പനികളുമായി ചേര്‍ന്ന് ഗതാഗത മേഖലയില്‍ ദുബൈ ഭരണകൂടം നടപ്പാക്കുന്ന നവീന പദ്ധതികളില്‍ ഏറ്റവും പുതിയതാണ് ലൂപ് പദ്ധതിയെന്ന് കമ്പനി വക്താവ് പറഞ്ഞു. ഭൂമിക്ക് മുകളിലൂടെയും അടിയിലൂടെയും ഗതാഗത സംവിധാനങ്ങള്‍ ഒരുക്കി വികസന രംഗത്ത് സ്ഥിരതയും കാര്യക്ഷമതയും കണക്ടിവിറ്റിയും വര്‍ധിപ്പിക്കാനാണ് യുഎഇ ശ്രമിക്കുന്നതെന്ന് ഷെയ്ക്ക് ഹംദാന്‍ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine