Image: Canva 
News & Views

സോളാര്‍ വൈദ്യുതിക്ക് നികുതി: കെ.എസ്.ഇ.ബിയെ കോടതി കയറ്റാന്‍ ഉത്പാദകര്‍

നികുതി പിരിവ് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞവര്‍ഷം കേന്ദ്ര ഊര്‍ജ മന്ത്രാലയം കേരളത്തിന് കത്തയച്ചിരുന്നു

Dhanam News Desk

സോളാര്‍ വൈദ്യുതിക്ക് എനര്‍ജി ഡ്യൂട്ടി ഈടാക്കുന്നതിനെതിരേ ഉത്പാദകര്‍ കോടതിയെ സമീപിച്ചേക്കും. സോളാര്‍ വൈദ്യുതിക്ക് ലെവി പിരിക്കുന്നത് കേന്ദ്രനയത്തിന് വിരുദ്ധമാണെങ്കിലും തീരുമാനം മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞദിവസം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ സിറ്റിംഗില്‍ കെ.എസ്.ഇ.ബിക്കെതിരേ ഉത്പാദകര്‍ രംഗത്തുവന്നിരുന്നു.

കെ.എസ്.ഇ.ബി തീരുമാനം മാറ്റിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സോളാര്‍ ഉത്പാദകരുടെ കൂട്ടായ്മ. ഇതിനായി അഭിഭാഷകനെയും ഇവര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പായി തുടങ്ങിയ കൂട്ടായ്മ കൂടുതല്‍ സംഘടിതരായി രംഗത്തുവരാനുള്ള ഒരുക്കത്തിലാണ്.

2030ഓടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ 50 ശതമാനവും സോളാര്‍ ഉള്‍പ്പൈടെയുള്ള പുനരുപയോഗ ഊര്‍ജസ്രോതസുകളില്‍ നിന്നാകണമെന്നാണ് കേന്ദ്രത്തിന്റെ ഊര്‍ജനയം. ഇത് സാധ്യമാകണമെങ്കില്‍ സോളാര്‍ വൈദ്യുതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരമാവധി പ്രോത്സാഹനം ആവശ്യമാണെന്ന് ഉത്പാദകര്‍ പറയുന്നു.

നികുതി ചുമത്താന്‍ അനുമതിയില്ല

സോളാര്‍ വൈദ്യുതി, ജലവൈദ്യുതി, കാറ്റാടി, ആണവോര്‍ജം തുടങ്ങിയവയുടെ ഉത്പാദനത്തിന് തീരുവയോ നികുതിയോ ഏര്‍പ്പെടുത്തരുതെന്നാണ് കേന്ദ്ര തീരുമാനം. എന്നാല്‍ കേരളം ഉള്‍പ്പെടെ ചുരുക്കം ചില സംസ്ഥാനങ്ങള്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞവര്‍ഷം കേന്ദ്ര ഊര്‍ജ മന്ത്രാലയം കത്തയച്ചിരുന്നു. സോളാര്‍ വൈദ്യുതിക്ക് നികുതി പിരിക്കുന്നത് നിറുത്തിവയ്ക്കണമെന്നായിരുന്നു ആവശ്യം. കേരളം പക്ഷേ ലെവി പിരിക്കാനുള്ള തീരുമാനം മാറ്റിയില്ല. ഒക്ടോബറില്‍ വീണ്ടും സര്‍ക്കുലര്‍ അയച്ചെങ്കിലും ഇതും അവഗണിക്കുന്ന സമീപനമായിരുന്നു കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

കേന്ദ്ര തീരുമാനം അനുസരിച്ചില്ലെന്ന് മാത്രമല്ല യൂണിറ്റിന് 15 പൈസയായി നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. 1.2 പൈസയില്‍ നിന്നാണ് വലിയ വര്‍ധന വരുത്തിയത്. വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബി.ക്ക് നല്‍കുന്ന ഓണ്‍ഗ്രിഡ് ഉത്പാദക-ഉപയോക്താക്കള്‍ക്ക് മാത്രമാണ് എനര്‍ജി ഡ്യൂട്ടി ബാധകം. ബോര്‍ഡുമായി ബന്ധമില്ലാത്തവര്‍ക്ക് എനര്‍ജി ഡ്യൂട്ടി നല്‍കേണ്ടതില്ല.

വൈദ്യുതി ഉപയോഗത്തിനും വില്‍പനയ്ക്കും മാത്രമേ സംസ്ഥാനത്തിന് ഡ്യൂട്ടി ചുമത്താന്‍ സാധിക്കുകയുള്ളൂ. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഇതിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഒരു സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മറ്റൊരു സംസ്ഥാനത്തു നിന്ന് തീരുവയോ ഡ്യൂട്ടിയോ പിരിക്കാന്‍ അധികാരമില്ലെന്നിരിക്കേയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT