പ്രൊവിഡന്റ് ഫണ്ടിലെ തുക നൂറുശതമാനം വരെ പിന്‍വലിക്കാവുന്ന തരത്തില്‍ സമഗ്ര മാറ്റവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). പിഎഫ് അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിക്കാനുള്ള അനുമതിയും ഇന്നലെ ചേര്‍ന്ന ഇപിഎഫ്ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകരിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
തൊഴിലില്ലായ്മ, വിരമിക്കല്‍ എന്നീ സാഹചര്യങ്ങളില്‍ മാത്രമാണ് പൂര്‍ണമായ പിന്‍വലിക്കല്‍ ഇതുവരെ അനുവദിച്ചിരുന്നത്. അംഗത്തിന് ജോലിയില്ലാതായി ഒരു മാസത്തിനുശേഷം പിഎഫ് ബാലന്‍സിന്റെ 75 ശതമാനം പിന്‍വലിക്കാനും 2 മാസത്തിനുശേഷം ബാക്കി 25 ശതമാനം പിന്‍വലിക്കാനും അനുവാദമുണ്ടായിരുന്നു. ഇനിമുതല്‍ മുഴുവനായി ഈ തുക പിന്‍വലിക്കാന്‍ 12 മാസം വരെ കാത്തിരിക്കേണ്ടി വരുമെന്നത് ന്യൂനതയാണ്.
13 സങ്കീര്‍ണമായ വ്യവസ്ഥകളെ ലയിപ്പിച്ചു കൊണ്ട് പിന്‍വലിക്കല്‍ വ്യവസ്ഥകള്‍ ലളിതമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള പിന്‍വലിക്കല്‍ തവണകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുമ്പ് ഈ ആവശ്യങ്ങള്‍ക്ക് മൂന്നു തവണ മാത്രമായിരുന്നു തുക പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്. ഇനി മുതല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 10 തവണയും വിവാഹത്തിന് അഞ്ചു തവണയും പണം പിന്‍വലിക്കാം.
പുതിയ മാറ്റങ്ങള്‍ ഏഴുകോടിയോളം വരുന്ന ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ്. എല്ലാ പിന്‍വലിക്കലുകള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ സേവന കാലാവധി 12 മാസമായി ഏകീകരിച്ചു. മുമ്പ് പിന്‍വലിക്കലിന് കാരണം നല്‍കേണ്ടിയിരുന്നു. പുതിയ നിയമപ്രകാരം ഈ വിഭാഗത്തില്‍ ഒരു കാരണവും നല്കാതെ അംഗത്തിന് അപേക്ഷിക്കാം.
പിഎഫ് സംബന്ധിച്ച കേസുകള്‍ കുറയ്ക്കുന്നതിന് ഇപിഎഫ്ഒ 'വിശ്വാസ്' എന്ന പേരില്‍ പുതിയൊരു പദ്ധതിയും ആവിഷ്‌കരിച്ചു. പിഎഫ് കുടിശിക വൈകി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസുകളാണ് ഇതില്‍ കൂടുതലും. നിലവില്‍ 6,000ത്തിലധികം കേസുകളിലായി 2,406 കോടി രൂപയുടെ കുടിശിക കേസുകളുണ്ട്. വിശ്വാസ് പദ്ധതി പ്രകാരം, പിഴയുടെ നിരക്ക് പ്രതിമാസം ഒരു ശതമാനമായി കുറയും.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി സഹകരിച്ച് പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസരവും നല്കും. ഇതിനുള്ള ചെലവ് ഇപിഎഫ്ഒ വഹിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine