Representational Image  Canva
News & Views

എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനോടും! ₹12,000 കോടിയുടെ ഡി.പി.ആര്‍ റെഡി, തടസങ്ങള്‍ ഇനിയും ബാക്കി

പദ്ധതിയില്‍ നിന്നും കാര്യമായ വരുമാനം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കില്ലെന്നാണ് സൂചന

Dhanam News Desk

സംസ്ഥാനത്ത് ട്രെയിന്‍ യാത്രയുടെ വേഗത വര്‍ധിപ്പിക്കുന്നതിനായി നിര്‍മിക്കുന്ന എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം റെയില്‍പാതയുടെ ഡി.പി.ആര്‍ തയ്യാറായി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനോടിക്കാന്‍ പറ്റുന്ന വിധത്തിലാണ് പാതയുടെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ കണക്കാക്കിയാല്‍ 12,000 കോടി രൂപയെങ്കിലും പാത നിര്‍മാണത്തിന് വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം തയ്യാറാക്കിയ ഡി.പി.ആര്‍ ഈ മാസം തന്നെ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും.

പദ്ധതി ഇങ്ങനെ

എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ നിലവിലുള്ള പാതക്ക് സമാന്തരമായി മൂന്നാമത്തെ പാത നിര്‍മിക്കാനുള്ള ആലോചന ഏറെക്കാലമായി റെയില്‍വേ നടത്തിവരുന്നുണ്ട്. നിലവില്‍ വളവുകളും തിരിവുകളും ഏറെയുള്ള റൂട്ടില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ ട്രെയിനോടിക്കാന്‍ കഴിയൂ. ഇതിന് പകരം എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്ക് നേരെയുള്ള പാതയാണ് തയ്യാറാകുന്നത്. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ വരെ ട്രെയിനോടിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 110,130 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകും വിധത്തിലുള്ള ഡി.പി.ആറും തയ്യാറാക്കിയിട്ടുണ്ട്. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍ എന്നീ സ്‌റ്റേഷനുകളാകും പുതിയ ലൈനില്‍ ഉണ്ടാവുക.

തടസമായി വരുമാനം

അതേസമയം, കാര്യമായ വരുമാനം പ്രതീക്ഷിക്കേണ്ടതില്ലാത്തതിനാല്‍ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പുതിയ പാത നിര്‍മിക്കുമ്പോള്‍ 250 ഹെക്ടറെങ്കിലും ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതേറൂട്ടില്‍ നാലാം പാത കൂടി നിര്‍മിക്കാനുള്ള പദ്ധതിയുള്ളതിനാല്‍ ഇതിന് കൂടി കണക്കാക്കിയാണ് ഭൂമിയേറ്റെടുക്കല്‍. ഭൂമിയേറ്റെടുക്കലിനും പാതയുടെ നിര്‍മാണത്തിനും ഭീമമായ നിക്ഷേപം ആവശ്യമായി വരുന്നതാണ് റെയില്‍വേയെ പിന്നോട്ടടിക്കുന്നത്. യാത്രക്കാരില്‍ നിന്നുള്ള ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം പദ്ധതിക്കുള്ള പണം കണ്ടെത്താനാവില്ലെന്നാണ് കരുതുന്നത്.

വ്യവസായ കുതിപ്പിന് വേഗം കൂടും

സംസ്ഥാനത്തെ യാത്രാ, ചരക്കുനീക്കത്തിന് ഏറെ നിര്‍ണായകമായ പാതയിലെ വേഗത വര്‍ധിപ്പിക്കാനാകുന്നത് വ്യവസായ കുതിപ്പിന് വേഗം കൂടുമെന്നാണ് കരുതുന്നത്. പാലക്കാട് സ്മാര്‍ട്ട് സിറ്റിയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇവ തമ്മില്‍ ബന്ധിപ്പിച്ച് അതിവേഗ റെയില്‍പാത കൂടി വരുന്നത് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT