Q. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാങ്കിംഗ് സേവനങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ഇസാഫിന്റെ പരിശ്രമങ്ങള്‍ എന്തൊക്കെയാണ്?
ഇസാഫിന്റെ സുപ്രധാന ദൗത്യം തന്നെ സാമ്പത്തിക ഉള്‍പ്പെടുത്തലാണ്. ബാങ്കിംഗ് ലൈസന്‍സ് നേടാന്‍ ഞങ്ങള്‍ പരിശ്രമിച്ചതിന്റെ കാരണവും അതാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്ക് പോലും ലളിതവും അനായാസവുമായി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ടെക്നോളജിയുള്ളതാണ് ഞങ്ങളുടെ ശക്തി. പേപ്പര്‍ രഹിതമായി, ബയോമെട്രിക് സംവിധാനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് സുതാര്യമായി വേഗത്തില്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ഡിജിറ്റല്‍പ്ലാറ്റ്‌ഫോം ഇസാഫില്‍ സജ്ജമാണ്. ഇസാഫ് മിത്ര ആപ്പ് വഴി വായ്പയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇടപാടുകാര്‍ക്ക് സ്വയം ചെയ്യാം. രാജ്യത്തെ ഉള്‍ഗ്രാമങ്ങളില്‍ മൈക്രോ എടിഎം സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
Q. രാജ്യത്തെ അങ്ങേയറ്റം മത്സരാധിഷ്ഠിതമായ ബാങ്കിംഗ് മേഖലയില്‍ ഇസാഫ് എങ്ങനെ വ്യത്യസ്തമാകുന്നു? എന്താണ് പ്രസക്തി?
രാജ്യത്തെ മൈക്രോ ബാങ്കിംഗ് രംഗം ഇപ്പോഴും 30 ശതമാനത്തിലെത്തിയിട്ടേയുള്ളൂ. അതായത് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വായ്പകളും വിശ്വസ്തമായബാങ്കിംഗ് സേവനങ്ങളും ഇനിയും എത്തേണ്ടിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് പ്രസക്തിയും ഏറെയാണ്.
സാമ്പത്തിക ഉള്‍പ്പെടുത്തലിന് ഊന്നല്‍ നല്‍കിക്കൊണ്ട്, അതേസമയം ബാങ്കിംഗ് സേവനങ്ങളും വായ്പകളും ഏറെ അത്യാവശ്യം വേണ്ട സമൂഹത്തിന് അത് നല്‍കിക്കൊണ്ടുമാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് അവ ലഭ്യമാക്കുകയും ചെയ്യുന്നു.
Q സാമൂഹികപരമായ ദൗത്യം നിറവേറ്റുമ്പോള്‍ തന്നെ ലാഭക്ഷമതയും സുസ്ഥിര വളര്‍ച്ചയും ഇസാഫ് എങ്ങനെയാണ് ഉറപ്പാക്കുന്നത്?
'സമൃദ്ധിയുടെ പക്ഷപാതിത്വത്തിനെതിരെ പോരാടല്‍' ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം. സമ്പദ്സമൃദ്ധി ഒരു വിഭാഗത്തില്‍ ഒതുങ്ങിനില്‍ക്കാതെ സമൂഹത്തില്‍ അത് തുല്യമായി വീതിക്കപ്പെടണം. ലാഭക്ഷമത ഉറപ്പാക്കപ്പെടുന്നതു പോലെ തന്നെ സുസ്ഥിര വളര്‍ച്ചയ്ക്കും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇസാഫിന്റെ ബാങ്കിംഗ് ഉല്‍പ്പന്നങ്ങളില്‍ മുതല്‍ നല്‍കുന്ന സേവനങ്ങളില്‍ വരെ അത് പ്രകടവുമാണ്. ഇലക്ട്രിക് വെഹിക്ക്ള്‍ ലോണ്‍, ഗ്രീന്‍ എനര്‍ജി ലോണ്‍, ഇന്‍കം
ജനറേഷന്‍ ലോണ്‍, അഗ്രി ലോണ്‍ എന്നിവയെല്ലാം ഞങ്ങളുടെ ബാങ്കിംഗ് ഉല്‍പ്പന്നങ്ങളില്‍ ചിലത് മാത്രം. മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് നടപ്പാക്കുന്നത്.
ഒരു എന്‍ജിഒ ആയിട്ടാണ് ഞങ്ങളുടെ പിറവിയെന്നതിനാല്‍ സിഎസ്ആര്‍ ബാങ്കിന്റെ ഡിഎന്‍എയില്‍ തന്നെയുണ്ട്. അറ്റലാഭത്തിന്റെ അഞ്ച് ശതമാനം സിഎസ്ആറിനായി മാറ്റിവെയ്ക്കുന്നു. സമൂഹത്തില്‍ സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കാനും നൈപുണ്യ വികസനത്തിനും സമ്പാദ്യശീലം വളര്‍ത്താനുമൊക്കെയുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് ഇസാഫ് നടത്തിവരുന്നത്. സമൂഹത്തില്‍ ദീര്‍ഘകാല സ്വാധീനം ചെലുത്തുന്ന പ്രവര്‍ത്തനങ്ങളും ബാങ്കിംഗ് സേവനങ്ങളും തമ്മില്‍ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്ന ശൈലിയാണ് ഇസാഫിന്റേത്.
Q സമൂഹത്തില്‍ ഗുണപരമായ സ്വാധീനവും ഇടപാടുകാരില്‍ വിശ്വാസ്യതയും ഊട്ടിയുറപ്പിക്കാന്‍ ഇസാഫ് നടത്തുന്ന ശ്രമങ്ങളെന്തൊക്കെയാണ്?
ഇസാഫിന്റെ ഓരോ ചുവടുവെയ്പ്പും സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വായ്പകളും മറ്റ് സേവനങ്ങളും ലഭ്യമാക്കി, മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ഇസാഫ്. ഞങ്ങളുടെ ഇടപാടുകാരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ അറിഞ്ഞ്, അവരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ സ്വാധീനം ചെലുത്താനുതകുന്ന ബാങ്കിംഗ് ഉല്‍പ്പന്നങ്ങളാണ് ഞങ്ങള്‍ രൂപകല്‍പ്പന ചെയ്ത് ലഭ്യമാക്കുന്നത്. ഇത് അവരില്‍ ബാങ്കിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine