News & Views

എഥനോള്‍ വിവാദത്തില്‍ വെട്ടിലായി പമ്പുടമകള്‍, പൊതുമേഖലാ പമ്പുകളില്‍ വില്‍പ്പന കുറയുമ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് ചാകര

പെട്രോളിലെ എഥനോള്‍ സാന്നിധ്യം പരിശോധിക്കേണ്ടത് എണ്ണക്കമ്പനികളുടെ വിതരണ കേന്ദ്രങ്ങളിലെന്ന് പമ്പുടമകളുടെ സംഘടന

Dhanam News Desk

എഥനോള്‍ കലര്‍ന്ന പെട്രോളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വാഹന ഉടമകളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരും എണ്ണക്കമ്പനികളും അടിയന്തരമായി ഇടപെടണമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി). അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ വിതരണം ചെയ്യുന്നുവെന്ന കര്‍ണാടക സര്‍ക്കാരിന്റെ പരിശോധനാഫലം കേരളത്തിലും വാഹന ഉടമകള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

പലയിടത്തും പമ്പ് ജീവനക്കാരും വാഹന ഉടമകളും തമ്മില്‍ തര്‍ക്കത്തിന് ഇത് കാരണമാകുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

പരിശോധനാഫലം വൈകുന്നതെന്ത്?

കര്‍ണാടകയിലെ പരിശോധനാഫലത്തിന് പിന്നാലെ കേരളത്തിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പെട്രോള്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പത്ത് ദിവസത്തിനകം ഫലം പുറത്തുവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് എകെഎഫ്പിടി പ്രസിഡന്റ് ടോമി തോമസും സെക്രട്ടറി സഹ അഷ്റഫും എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താരതമ്യ പരിശോധനയ്ക്കായി എഥനോള്‍ കലരാത്ത പെട്രോള്‍ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം എണ്ണക്കമ്പനികള്‍ അംഗീകരിക്കാത്തതാണ് പരിശോധനാഫലം വൈകാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. റിഫൈനറികളില്‍ നിന്ന് വിതരണം ചെയ്യുന്നത് ശുദ്ധമായ പെട്രോളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ നല്‍കാന്‍ എണ്ണക്കമ്പനികള്‍ മടിക്കുന്നത് എന്തിനാണെന്നും സംഘടനാ നേതാക്കള്‍ ചോദിച്ചു.

പരിശോധന വേണ്ടത് വിതരണ കേന്ദ്രങ്ങളില്‍

റിഫൈനറികളിലല്ല, എണ്ണക്കമ്പനികളുടെ വിതരണ കേന്ദ്രങ്ങളിലാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതെന്ന് സംഘടന വ്യക്തമാക്കി. അതിനാല്‍ വിതരണ കേന്ദ്രങ്ങളിലും അവിടെ നിന്ന് ഇന്ധനവുമായി പുറപ്പെടുന്ന ടാങ്കറുകളിലുമാണ് പരിശോധന നടത്തേണ്ടത്. ടാങ്കറുകളില്‍ എത്തിക്കുന്ന ഇന്ധനത്തിന്റെ സാന്ദ്രത, വെള്ളത്തിന്റെ സാന്നിധ്യം എന്നിവ മാത്രമാണ് പമ്പുകളില്‍ പരിശോധിക്കാന്‍ കഴിയുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ തുടങ്ങിയ എണ്ണക്കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പമ്പുകളില്‍ നിന്നും പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്നും സംഘടന ആരോപിച്ചു.

സ്വകാര്യ പമ്പുകളില്‍ വില്‍പ്പന കൂടുന്നു

നയാര, ജിയോ ബിപി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ പമ്പുകളില്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപ വരെ അധികം നല്‍കേണ്ടിവരുന്നുണ്ടെങ്കിലും എഥനോളിന്റെ അളവ് കുറവാണെന്ന ധാരണയില്‍ കൂടുതല്‍ വാഹന ഉടമകള്‍ ഇത്തരം പമ്പുകളെ ആശ്രയിക്കുന്നതായി സംഘടന പറയുന്നു. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളില്‍ വില്‍പ്പന കുറയുന്നുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഇതിനു പിന്നിലുണ്ടോയെന്നും സംഘടന സംശയം പ്രകടിപ്പിച്ചു.

പെട്രോളിലെ എഥനോള്‍ സാന്നിധ്യത്തിന്റെ പേരില്‍ ഏതെങ്കിലും പമ്പുടമയ്ക്കെതിരെ നടപടിയെടുത്താല്‍ സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT