photo courtesy : www.facebook.com/nitingadkary 
News & Views

പെട്രോളും ഇവിയുമല്ല! ഇനി ഇത്തരം വാഹനങ്ങളുടെയും കാലമെന്ന് ഗഡ്കരി, വരും 75 ലക്ഷം കോടിയുടെ പുതിയ റോഡുകള്‍

രാജ്യത്തെ ദേശീയ പാതകളില്‍ ഇവി ചാര്‍ജിംഗ് സൗകര്യങ്ങളോടെയുള്ള 770 അമിനിറ്റി സെന്ററുകള്‍ വരുന്നു

Dhanam News Desk

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള റേഞ്ച് ഉത്കണ്ഠ (Range Anxiety) പതിയെ ഇല്ലാതാകുന്നതായി കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇ.വി റോഡില്‍ നിന്നുപോയാല്‍ വണ്ടി തള്ളാന്‍ നിങ്ങള് വരുമോ എന്നൊക്കെയായിരുന്നു  ആദ്യകാലത്ത് ആളുകള്‍ ചോദിച്ചിരുന്നത്. ഇപ്പോഴത്തെ എല്ലാ കാറുകളും ഒറ്റച്ചാര്‍ജില്‍ 250-300 കിലോമീറ്റര്‍ വരെയൊക്കെയാണ് ഓടുന്നത്. ഏതെങ്കിലും ഇവികള്‍ ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോയെന്നും ഗഡ്കരി ചോദിക്കുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ദേശീയ പാതകളില്‍ ഇവി ചാര്‍ജിംഗ് സൗകര്യങ്ങളോടെയുള്ള 770 അമിനിറ്റി സെന്ററുകള്‍ ദേശീയ പാത അതോറിറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഥനോള്‍, മെഥനോള്‍, ഹരിത ഇന്ധനം എന്നിവയുള്‍പ്പെടുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ വളരുമെന്നും ഗഡ്കരി പറഞ്ഞു. നിരവധി വാഹന നിര്‍മാതാക്കള്‍ ഇത്തരം വാഹനങ്ങള്‍ വിപണിയിലിറക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒന്നിലേറെ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഇന്റേണല്‍ കമ്പസ്റ്റ്ഷ്യന്‍ എഞ്ചിനുകളാണ് (ഐ.സി.ഇ) ഫ്ളക്സ് എഞ്ചിനുകള്‍. പെട്രോളിനൊപ്പം മെഥനോള്‍ അല്ലെങ്കില്‍ എഥനോള്‍ പോലുള്ള വസ്തുക്കള്‍ കൂട്ടികലര്‍ത്തിയാണ് ഇതിനുള്ള ഫ്ളെക്സിബിള്‍ ഇന്ധനം തയ്യാറാക്കുന്നത്.

രാജ്യത്ത് മെഥനോള്‍ ട്രക്കുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്നും മന്ത്രി പറഞ്ഞു. ഡീസലില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച നയരൂപീകരണത്തിന് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡീസലിനേക്കാള്‍ നാലിലൊന്ന് വിലയ്ക്ക് മെഥനോള്‍ കിട്ടുമെന്നതിനാല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഏറെ ഉപയോഗമാകുന്ന തീരമാണിത്. 75 ലക്ഷം കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT