പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അഡ്വെന്റ് ഇന്റര്‍നാഷണലിന്റെ പിന്തുണയുള്ള യുറേക്ക ഫോബ്‌സിന്റെ (Eureka Forbes) ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായി പ്രതീക് പോട്ടയെത്തുന്നു (Pratik Pota). നേരത്തെ, ജൂബിലന്റ് ഫുഡ് വര്‍ക്ക്സിന്റെ ചീഫ് എക്സിക്യൂട്ടീവായിരുന്നു ഇദ്ദേഹം. ബിസിനസ് വിപുലീകരണം തുടരുന്നതിനും യുറേക്ക ഫോബ്സിന്റെ വിപണി നേതൃത്വ സ്ഥാനം ഉറപ്പിക്കുന്നതിനും വളരുന്ന ഉപഭോക്തൃ അടിത്തറയ്ക്കായി നൂതന ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനും മാനേജ്മെന്റ് ടീമിനെ പോട്ട നയിക്കുമെന്ന് യുറേക്ക ഫോബ്സ് പ്രസ്താവനയില്‍ പറഞ്ഞു. ഓഗസ്റ്റ് 16-ന് പ്രതീക് പോട്ട യുറേക്ക ഫോബ്‌സില്‍ ചേരും.
2017ലാണ് പ്രതീക് പോട്ട ജൂബിലന്റ് ഫുഡ് വര്‍ക്ക്സിന്റെ ചീഫ് എക്സിക്യൂട്ടീവായി നിയമിതനായത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷങ്ങളില്‍ മികച്ച പ്രകടനവും അദ്ദേഹത്തിന് കീഴില്‍ കമ്പനി കാഴ്ചവെച്ചു. ഇക്കാലയളവില്‍ ലാഭം അഞ്ച് മടങ്ങോളമാണ് വര്‍ധിച്ചത്. കമ്പനിയുടെ ഓഹരി നില 423 ല്‍നിന്ന് കുതിച്ചുയര്‍ന്ന് 4,577 രൂപ വരെ എത്തിയിരുന്നു.
ജൂബിലന്റ് ഫുഡ് വര്‍ക്ക്സിന് മുമ്പ് പെപ്‌സികോ, എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവയിലും പ്രതീക് പോട്ട പ്രധാന തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വാക്വം ക്ലീനര്‍, വാട്ടര്‍ പ്യൂരിഫയര്‍ വിഭാഗങ്ങളിലെ ഏറ്റവും വലിയ കമ്പനിയായ യുറേക്ക ഫോബ്സിന് 20 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.
ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മുന്‍നിര കമ്പനിയായ യുറേക്ക ഫോബ്‌സിന്റെ ഭൂരിഭാഗം ഓഹരികളും അഡ്വെന്റ് ഇന്റര്‍നാഷണല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 4,400 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ ഉപഭോക്തൃ മേഖലയിലെ അഡ്വെന്റിന്റെ അഞ്ചാമത്തെ ഏറ്റെടുക്കലായിരുന്നു യുറേക്ക ഫോര്‍ബ്‌സ്.
Read DhanamOnline in English
Subscribe to Dhanam Magazine