ഇന്ത്യയ്ക്ക് മേല്‍ ഇരട്ട താരിഫ് ചുമത്തി സമ്മര്‍ദത്തിലാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സമ്മര്‍ദങ്ങള്‍ക്ക് മറുമരുന്നുമായി കേന്ദ്രസര്‍ക്കാര്‍. യു.എസ് വിപണിക്ക് പകരം യൂറോപ്യന്‍ യൂണിയുമായി സ്വതന്ത്ര വ്യാപാര കരാറിനാണ് ഇന്ത്യയുടെ ശ്രമം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയ യു.കെയുമായി നേരത്തെ ഇന്ത്യ വ്യാപാര കരാറിലെത്തിയിരുന്നു.
യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താനായാല്‍ 27 സമ്പന്ന രാജ്യങ്ങളുടെ വിപണി പൂര്‍ണമായും ഇന്ത്യയ്ക്ക് തുറന്നുകിട്ടും. യു.എസ് വിപണിയില്‍ നിന്നുള്ള തിരിച്ചടി മറികടക്കാന്‍ ഇന്ത്യയ്ക്ക് ഇത് സഹായകമാകും. ഈ വര്‍ഷം അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം.
യൂറോപ്യന്‍ വ്യാപാര കമ്മീഷണര്‍ മാരോസ് സെഫ്‌കോവിച്ചും കാര്‍ഷിക കമ്മീഷണര്‍ ക്രിസ്‌റ്റോഫ് ഹാന്‍സെനും അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാബിനറ്റ് മന്ത്രിമാര്‍ക്ക് തുല്യമായ പദവികള്‍ വഹിക്കുന്നവരാണ് ഇരുവരും. ഇവര്‍ക്കൊപ്പം 30 അംഗ ഉന്നതതല സംഘവും ഇന്ത്യയിലേക്ക് വരുന്നുണ്ട്.
യുഎസുമായുള്ള വ്യാപാര കരാറില്‍ വിവാദപരമായ കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസത്തില്‍ (Carbon Border Adjustment Mechanism (CBAM) ഇളവ് നല്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയോട് ഇക്കാര്യത്തില്‍ മുമ്പ് കര്‍ശന നിലപാടായിരുന്നു യൂറോപ്യന്‍ യൂണിയനില്‍ നിന്നുണ്ടായത്. ഇപ്പോള്‍ പക്ഷേ ഇളവിനായി വലിയ തോതില്‍ ഇന്ത്യന്‍ ഭാഗത്തു നിന്ന് സമ്മര്‍ദം ചൊലുത്തുന്നുണ്ട്. യു.എസിന് ലഭിച്ചതു പോലെയുള്ള ഇളവ് നേടിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്.
യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന പുതിയൊരു നികുതി സമ്പ്രദായമാണ് സി.ബി.എ.എം. പരിസ്ഥിതി സൗഹൃദ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. യൂറോപ്പിലെ കമ്പനികള്‍ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ അളവ് കുറച്ചുകൊണ്ടുള്ള രീതിയാണ് പിന്തുടരുന്നത്.
ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ താരതമ്യേന ചെലവ് കുറഞ്ഞതും കൂടിയ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്നതുമായ രീതിയാണ് പിന്തുടരുന്നത്. ഇത്തരത്തില്‍ കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണിത്. 2026 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് ഈ നികുതി.
ഈ നിയമത്തില്‍ ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കാര്‍ബണ്‍ ബോര്‍ഡര്‍ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം നികുതി കൂടി വന്നാല്‍ കയറ്റുമതിക്ക് ചെലവേറുമെന്നതാണ് കാരണം. അനുകൂല നിലപാട് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വാങ്ങിയെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍, കാര്‍ഷികമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരുമായി യൂറോപ്പില്‍ നിന്നുള്ള സംഘം ചര്‍ച്ച നടത്തും. ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപവും തൊഴിവസരങ്ങളും കൊണ്ടുവരാന്‍ യൂറോപ്പുമായുള്ള കരാര്‍ വഴിയൊരുക്കും.
Read DhanamOnline in English
Subscribe to Dhanam Magazine