image credit : canva 
News & Views

എണ്ണപ്പേടിയില്‍ കുതിച്ചുയര്‍ന്ന് ഇവി വില്പന! മാര്‍ച്ചില്‍ റെക്കോഡ്; കണക്കുകള്‍ പുറത്ത്

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം മൊത്തം 1,96,754 ഇലക്ട്രിക് കാറുകള്‍ രജിസ്റ്റര്‍ ചെയ്തു

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില കുത്തനെ ഉയരുമെന്ന ആശങ്ക വര്‍ധിച്ചതോടെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. മാര്‍ച്ചില്‍ വൈദ്യുത വാഹനങ്ങളുടെ വില്പന സര്‍വകാല റെക്കോഡിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്രൂഡ്ഓയില്‍ വില കുതിച്ചുയര്‍ന്നതും ഇവികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പിഎം ഇ ഡ്രൈവ് സബ്‌സിഡി അടുത്ത സാമ്പത്തികവര്‍ഷം ഉണ്ടായേക്കില്ലെന്നതിനാല്‍ വില കൂടുമെന്ന ആശങ്കയുമാണ് കൂടുതല്‍ പേരെ മാര്‍ച്ചില്‍ ഇവിയിലേക്ക് എത്തിച്ചത്.

ഇവി കാറുകളുടെ വില്പന മാര്‍ച്ചില്‍ 49 ശതമാനം വര്‍ധിച്ച് 19,711 യൂണിറ്റായി. മുന്‍ വര്‍ഷം മാര്‍ച്ചുമായി താരതമ്യപ്പെടുത്തിയുള്ള കണക്കാണിത്. ടു വീലര്‍ വില്പനയില്‍ 36 ശതമാനമാണ് വര്‍ധന. മാര്‍ച്ചിലെ വില്പന 1,77,485 യൂണിറ്റ്.

മത്സരം വില്പന കൂട്ടി

ഇതിനു മുമ്പുള്ള ഇവി കാറുകളുടെ മാസ വില്പന റെക്കോഡ് ഈ വര്‍ഷം ജനുവരിയിലായിരുന്നു. 19,322 യൂണിറ്റാണ് അന്ന് വിറ്റത്. ടുവീലറുകള്‍ ഏറ്റവുമധികം വിറ്റത് 2025 ഒക്ടോബറിലായിരുന്നു. 1,44,378 യൂണിറ്റുകള്‍. ഈ റെക്കോഡ് മറികടന്നെന്ന് മാത്രമല്ല വലിയ നേട്ടമുണ്ടാക്കാനും സാധിച്ചു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം മൊത്തം 1,96,754 ഇലക്ട്രിക് കാറുകള്‍ രജിസ്റ്റര്‍ ചെയ്തു.

കൂടുതല്‍ കമ്പനികള്‍ ഇവി മോഡലുകളുമായി രംഗത്തെത്തിയതും കൂടുതല്‍ സുസ്ഥിരമായി ഇവികള്‍ നിലനില്ക്കുമെന്ന തോന്നല്‍ ഉപയോക്താക്കളിലേക്ക് എത്തിയതും വില്പന ഉയരുന്നതിന് കാരണമായതായി വിദഗ്ധര്‍ പറയുന്നു. മാരുതി സുസൂക്കി, മഹീന്ദ്ര, ടാറ്റ തുടങ്ങിയ മുന്‍നിര കമ്പനികള്‍ വരുംമാസങ്ങളില്‍ ഇവിയില്‍ കൂടുതല്‍ മോഡലുകളുമായി നിരത്ത് കീഴടക്കാനുള്ള ഒരുക്കത്തിലാണ്.

ഇവി വില്പന വര്‍ധിക്കാന്‍ കാരണങ്ങള്‍

  • ഇന്ധനവിലയിലെ കുതിപ്പ്

  • സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍

  • ഓപ്പറേറ്റിംഗ് ചെലവ് കുറവ്

  • ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം

  • പുതിയ മോഡലുകളുടെ വരവ്

  • ടെക്നോളജി മെച്ചപ്പെടുത്തല്‍

  • നഗര ട്രാഫിക്, ചെറിയ യാത്രകള്‍ക്ക് അനുയോജ്യമെന്ന ചിന്ത

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT