canva
News & Views

സീസണ്‍ പാതിയില്‍ ഇവന്റ് മാനേജ്മെന്റ് മേഖലയ്ക്ക് വന്‍തിരിച്ചടി; കല്യാണങ്ങളും കോണ്‍ഫറന്‍സുകളും വന്‍തോതില്‍ റദ്ദാക്കുന്നു

മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലഘട്ടം വിവാഹ സീസണും കോര്‍പ്പറേറ്റ് കോണ്‍ഫറന്‍സുകളും സജീവമാകുന്ന സമയമാണ്.

Dhanam News Desk

യുദ്ധം മൂലം ഉണ്ടായിട്ടുള്ള പാചകവാതക, വ്യോമയാന ഗതാഗത പ്രതിസന്ധി സംസ്ഥാനത്തെ ഇവന്റ് മാനേജ്മെന്റ് മേഖലയെ ഗുരുതരമായി ബാധിക്കുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് തൊഴിലെടുക്കുന്നത്.

പ്രതിസന്ധി രൂക്ഷമായത് ഇവന്റ് മാനേജ്‌മെന്റ് മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള (ഇമാക്) പറയുന്നത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടന സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്കിയിട്ടുണ്ട്.

മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലഘട്ടം വിവാഹ സീസണും കോര്‍പ്പറേറ്റ് കോണ്‍ഫറന്‍സുകളും സജീവമാകുന്ന സമയമാണ്. സീസണ്‍ സമയത്ത് നിലനില്‍ക്കുന്ന സാഹചര്യം മേഖലയെ തകര്‍ക്കുന്ന അവസ്ഥയിലാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കൊച്ചിയും കോവളവും കോര്‍പ്പറേറ്റ് കോണ്‍ഫറന്‍സുകളുടെ പ്രധാന കേന്ദ്രങ്ങളാണ്.

ഭക്ഷണപ്രതിസന്ധി രൂക്ഷം

ഏതൊരു പരിപാടികളിലെയും പ്രധാന ഘടകം ഭക്ഷണമാണ്. അതിനു ആവശ്യമായ പാചകവാതകം നിലവില്‍ ലഭ്യമാകാത്തതിനാല്‍ ഇവന്റുകള്‍ പലതും റദ്ദാക്കപ്പെടുകയാണ്. കേരളത്തില്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന ഒന്നാണ് ഡെസ്റ്റിനേഷന്‍ വെഡിങ്. നിലവില്‍ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിമാനടിക്കറ്റുകള്‍ക്ക് വര്‍ധനയും അത്തരം സാധ്യതകളെയും ബാധിച്ചു.

കേരളത്തില്‍ ഇവന്റുകള്‍ നടത്താന്‍ താല്പര്യപെടുന്ന പുറത്തുള്ള പലരും അതില്‍ നിന്ന് പിന്‍വലിയാനും കാരണമാകുന്നുണ്ട്. ഈ പ്രതിസന്ധികള്‍ കാരണം കേരളത്തില്‍ ഇവന്റ് വ്യവസായവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മൂന്നു ലക്ഷം തൊഴലാളികളുടെ ഉപജീവനത്തെ ബാധിച്ചിരിക്കുകയാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT