സിഗരറ്റ്, പാന്‍ മസാല പോലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താനുള്ള നിയമ നിര്‍മാണവുമായി കേന്ദ്രം. പുകയിലക്കും പുകയില ഉത്പന്നങ്ങള്‍ക്കും എക്‌സൈസ് ഡ്യൂട്ടിയും പാന്‍മസാല നിര്‍മാണത്തിന് സെസും ചുമത്താന്‍ സാധിക്കുന്ന രണ്ട് നിയമങ്ങള്‍ ലോക്‌സഭയിലെത്തി. വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധ (SIR) ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബില്ലുകള്‍ അവതരിപ്പിച്ചത്.
എല്ലായിനം പുകയില ഉല്‍പന്നങ്ങള്‍ക്കും നിലവില്‍ ജി.എസ്.ടിക്കൊപ്പം നഷ്ടപരിഹാര സെസും ചുമത്തുന്നുണ്ട്. ഇതിന് പകരമായി എക്‌സൈസ് ഡ്യൂട്ടി ചുമത്താന്‍ സാധിക്കുന്നതാണ് കേന്ദ്ര എക്‌സൈസ് ഭേദഗതി ബില്‍ 2025. പുകയില ഉത്പന്നങ്ങളുടെ എക്‌സൈസ് നികുതി വര്‍ധിപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്നത് കൂടിയാണ് ബില്‍. പാന്‍ മസാല പോലുള്ള ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് സെസ് ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ദി ഹെല്‍ത്ത് സെക്യുരിറ്റി സേ നാഷണല്‍ സെക്യുരിറ്റി സെസ് ബില്‍ 2025. ഈ നിയമത്തിന് കീഴില്‍ മറ്റെന്തെങ്കിലും ഉത്പന്നങ്ങള്‍ക്ക് ലെവി ഈടാക്കാനാകുമോയെന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
നിലവില്‍ പുകയില, പാന്‍ മസാല ഉത്പന്നങ്ങള്‍ക്ക് 28 ശതമാനം ജി.എസ്.ടിയും വ്യത്യസ്ത നിരക്കുകളില്‍ നഷ്ടപരിഹാര സെസുമാണ് ഈടാക്കുന്നത്. നഷ്ടപരിഹാര സെസിന്റെ കാലാവധി അവസാനിച്ചാല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് ജി.എസ്.ടിക്കൊപ്പം എക്‌സൈസ് ഡ്യൂട്ടിയായിരിക്കും നല്‍കേണ്ടി വരിക. സെപ്റ്റംബറില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പുകയില ഉത്പന്നങ്ങള്‍ ഒഴികെയുള്ളവയുടെ നഷ്ടപരിഹാര സെസ് ഒഴിവാക്കിയിരുന്നു. നിലവില്‍ 2026 മാര്‍ച്ച് വരെയാണ് പുകയില ഉത്പന്നങ്ങള്‍ക്ക് നഷ്ടപരിഹാര സെസ് ഈടാക്കാന്‍ കഴിയുന്നത്. പിന്നീട് നഷ്ടപരിഹാര സെസ് ഈടാക്കാന്‍ കഴിയില്ല. ഇത് സര്‍ക്കാരുകളുടെ വരുമാനത്തിലും കുറവുണ്ടാക്കും. അതിനാലാണ് എക്‌സൈസ് ഡ്യൂട്ടി ഈടാക്കാനുള്ള നിയമ നിര്‍മാണം നടത്തുന്നത്.
എന്നാല്‍ ഇവയുടെ വില കൂടാന്‍ സാധ്യതയില്ല. നിലവില്‍ ഈടാക്കുന്ന നികുതിക്ക് തുല്യമായ തുക തന്നെയാകും പുതിയ പേരില്‍ അടുത്ത വര്‍ഷം 31ന് ശേഷവും ഈടാക്കുന്നത്.
2017 ജൂലൈ ഒന്നിന് ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനാണ് അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ എടുത്ത വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഇക്കൊല്ലം ഡിസംബറോടെ തന്നെ ഈ വായ്പ അടച്ചുതീരും. ഇതോടെ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ പിരിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന് അധിക വരുമാന സാധ്യതയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ സുരക്ഷക്കും ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ഈ തുക ചെലവഴിക്കുക. ഈ വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെക്കാന്‍ വ്യവസ്ഥയില്ലെന്ന് കാട്ടി പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine