നവംബറിലെ കയറ്റുമതി, ഇറക്കുമതി കണക്കുകള്‍ പുറത്തുവന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ രാജ്യത്തിന്റെ വളര്‍ച്ച മുന്നോട്ടാണെന്ന് സൂചിപ്പിക്കുന്നത്. കയറ്റുമതി 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയപ്പോള്‍ നവംബറില്‍ ഇറക്കുമതി 1.88 ശതമാനം കുറഞ്ഞു. വ്യാപാര കമ്മി 24.53 ബില്യണ്‍ ഡോളറാക്കി താഴ്ത്താനും സാധിച്ചു.
മുന്‍ വര്‍ഷം നവംബറില്‍ ഇത് 31,93 ബില്യണ്‍ ഡോളറായിരുന്നു. രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാര കമ്മി. ഇപ്പോഴും വിദേശത്തു നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ കയറ്റുമതി വരുമാനത്തേക്കാള്‍ കൂടിയ തുക വിനിയോഗിക്കുന്ന നിലയിലാണ് രാജ്യം.
യുഎസുമായുള്ള വ്യാപാര കരാര്‍ ഒന്നുമായില്ലെങ്കിലും ഇന്ത്യയുടെ കയറ്റുമതി മേഖല തിരിച്ചുവന്നുവെന്നാണ് നവംബര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബറിലെ ആകെ കയറ്റുമതി 38.13 ബില്യണ്‍ ഡോളറാണ്. 23.15 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച. കഴിഞ്ഞ പത്തുവര്‍ഷത്തെ ഉയര്‍ന്ന നിരക്ക് കൂടിയാണിത്.
തന്ത്രപ്രധാന മേഖലകളില്‍ നിന്നുള്ള കയറ്റുമതി വിഹിതം വര്‍ധിച്ചതാണ് നേട്ടത്തിന് കാരണം. ഇലക്ട്രോണിക്‌സ്, ജെം ആന്‍ഡ് ജുവലറി, ഫാര്‍മ തുടങ്ങിയവയുടെ കയറ്റുമതിയില്‍ കുതിപ്പുണ്ടായി.
സ്വര്‍ണത്തിന്റെ ഇറക്കുമതി സമാന കാലയളവില്‍ വലിയ തോതില്‍ വര്‍ധിച്ചു. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍, കല്‍ക്കരി, വെജിറ്റബിള്‍ ഓയില്‍ എന്നിവയുടെ അടക്കം ഇറക്കുമതിയില്‍ കുറവുണ്ടായതാണ് ഇറക്കുമതി ചെലവ് കുറയ്ക്കാന്‍ ഇടയാക്കിയത്. ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി വളര്‍ച്ച 2.62 ശതമാനമാണ്. 292.07 ബില്യണ്‍ ഡോളര്‍ വരുമിത്. അതേസമയം, എട്ടുമാസത്തെ ഇറക്കുമതി 5.59 ശതമാനം വര്‍ധിച്ച് 515.21 ബില്യണ്‍ ഡോളറായി.
ഇന്ത്യയ്ക്ക് മേലുള്ള തീരുവ 50 ശതമാനം വര്‍ധിച്ചിട്ടും യുഎസിലേക്കുള്ള കയറ്റുമതി 22 ശതമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. നവംബറിലെ യുഎസ് കയറ്റുമതി 6.97 ബില്യണ്‍ ഡോളറാണ്. ഒക്ടോബറില്‍ യുഎസ് കയറ്റുമതി 6.3 മില്യണ്‍ ഡോളറായി കുറഞ്ഞിരുന്നു. താരിഫ് ഉയര്‍ത്തിയിട്ടും യുഎസിലേക്കുള്ള കയറ്റുമതിയില്‍ വലിയ തട്ടുകേട് വന്നിട്ടില്ലെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine