chatgpt ai
News & Views

45 ലക്ഷം രൂപയ്ക്ക് KL 07 DG 0007; ലംബോർഗിനിയ്ക്ക് കൊച്ചിയിൽ നിന്ന് സ്‌പെഷൽ നമ്പർ!

കൊച്ചിയിലെ സോഫ്റ്റ്‌വെയർ കമ്പനി ലംബോർഗിനിക്ക് വേണ്ടി KL 07 DG 0007 എന്ന ഫാൻസി നമ്പർ 45 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി

Dhanam News Desk

ഇഷ്ട വാഹനം വാങ്ങുന്നതിനും അതിന് ഫാന്‍സി നമ്പറുകള്‍ കണ്ടെത്തുന്നതിലും ചിലര്‍ക്ക് പ്രത്യേക താല്പര്യമാണ്. ഇത്തരത്തില്‍ നമ്പറുകള്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്നതില്‍ മലയാളികളും പിന്നിലല്ല. ഇഷ്ട നമ്പര്‍ സ്വന്തമാക്കാനായി കഴിഞ്ഞ ദിവസം എറണാകുളം ആര്‍.ടി ഓഫീസില്‍ നടന്ന വാശിയേറിയ ലേലമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. KL 07 DG 007 എന്ന നമ്പറിനായുള്ള ലേലംവിളിയാണ് ലക്ഷങ്ങള്‍ കടന്ന് അരക്കോടിക്ക് അടുത്തെത്തിയത്.

വാശിയേറിയ ലേലം

KL 07 DG 007 നമ്പര്‍ സ്വന്തമാക്കാനായി അഞ്ചുപേരായിരുന്നു രംഗത്തുണ്ടായിരുന്നത്. 25,000 രൂപ മുന്‍കൂറായി അടച്ച് നമ്പര്‍ സ്വന്തമാക്കാന്‍ കൂടുതല്‍ പേര്‍ എത്തിയതോടെ ലേലത്തിലേക്ക് കടക്കേണ്ടി വന്നു. അഞ്ചുപേരും മത്സരിച്ച് വിളിച്ചതോടെ ലേലത്തുക ലക്ഷങ്ങള്‍ കടന്ന് മുന്നേറി.

ഒടുവില്‍ 45 ലക്ഷം രൂപയ്ക്ക് നമ്പര്‍ ലേലത്തില്‍ പോയി. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് നമ്പര്‍ സ്വന്തമാക്കിയത്. ലംബോര്‍ഗിനി ഉറുസ് എസ്.യു.വിക്കു വേണ്ടിയാണ് കമ്പനി ഇത്രയും രൂപ മുടക്കിയത്.

മറ്റൊരു നമ്പറിനു വേണ്ടിയും വാശിയേറിയ ലേലം നടന്നു. KL07 DG 0001 എന്ന നമ്പറായിരുന്നു അത്. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത് നാലു പേരായിരുന്നു. ലേലത്തില്‍ 25 ലക്ഷം രൂപയ്ക്കാണ് നമ്പര്‍ പോയത്. പിറവം സ്വദേശിയായ തോംസണ്‍ ആണ് ഈ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്.

ഫാന്‍സി നമ്പര്‍ എങ്ങനെ കിട്ടും?

ഏജന്റുമാരുടെ സഹായമില്ലാതെ തന്നെ നിലവില്‍ ഇഷ്ട നമ്പര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. നിങ്ങള്‍ക്ക് ആവശ്യമായ നമ്പര്‍ ലഭ്യമാണോ എന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍ വെബ്സൈറ്റിലെത്തി പരിശോധിക്കുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് വാഹന്‍ ഫാന്‍സി നമ്പര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ഏത് ആര്‍.ടി.ഒയ്ക്ക് കീഴിലെ നമ്പരാണോ വേണ്ടത് അത് തിരഞ്ഞെടുക്കണം. ഓരോ സീരീസുകള്‍ക്കും അടിസ്ഥാന വില നിശ്ചയിച്ചിട്ടുണ്ട്.

ഇഷ്ടപ്പെട്ട നമ്പര്‍ തിരഞ്ഞെടുത്ത ശേഷം പുതിയ വാഹനത്തിന്റെ താത്കാലിക രജിസ്ട്രേഷന്‍ സംബന്ധിച്ച ആപ്ലിക്കേഷന്‍ നമ്പര്‍ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് പണം അടയ്ക്കണം. വാഹനത്തിന്റെ ടാക്സ് അടയ്ക്കുന്ന സമയത്ത് വാഹന്‍ സൈറ്റില്‍ നിന്നും എസ്.എം.എസായി ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കും. ഇതോടെ നിങ്ങളുടെ ഫാന്‍സി നമ്പരിനായുള്ള അപേക്ഷ നടപടികള്‍ പൂര്‍ത്തിയായി.

നിങ്ങള്‍ക്കിഷ്ടപ്പെട്ട നമ്പര്‍ ആവശ്യപ്പെട്ട് മറ്റാരും എത്തിയില്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടിസ്ഥാന വിലയില്‍ തന്നെ നമ്പര്‍ ലഭിക്കും. കൂടുതല്‍ പേരുണ്ടെങ്കില്‍ ലേല നടപടികളിലേക്ക് കടക്കും. ലേലമുറപ്പിച്ച തുക അടച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫാന്‍സി നമ്പര്‍ വാഹനത്തില്‍ ഘടിപ്പിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT