Image courtesy: Canva 
News & Views

കാര്‍ഷിക ഇന്‍ഷുറന്‍സ് കൂനിന്മേല്‍ കുരു! മുടങ്ങിയിട്ട് രണ്ടു വര്‍ഷം; കനിയുമോ, കേന്ദ്രബജറ്റ്?

കേരളത്തില്‍ കാര്‍ഷിക ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാനുള്ളത് 96,000ല്‍പരം പേര്‍ക്ക്

Sutheesh Hariharan

അന്നദാതാക്കളായ കര്‍ഷകരാണ് സമൂഹത്തിന്റെ നട്ടെല്ല്. അവരോട് ഉദാസീനമായ നിലപാട് തുടരുകയാണ് സമൂഹം. ഇതിന് പുതിയ ഉദാഹരണമാണ് കാര്‍ഷിക ഇന്‍ഷുറന്‍സ്. ക്ലെയിം തീര്‍പ്പാക്കിയിട്ട് രണ്ടു വര്‍ഷം.

കേരളത്തില്‍ ഏകദേശം 96,494 പേര്‍ക്കാണ് കാർഷിക ഇൻഷുറൻസ് ലഭിക്കാനുളളത്. ഇതിലും വളരെ അധികമാണ് കൃഷി നശിച്ച കര്‍ഷകര്‍. ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പോലുളള സംവിധാനങ്ങളില്‍ വിശ്വാസം വരണമെങ്കില്‍ ക്ലെയിം സമയബന്ധിതമായി കൊടുക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അവഗണിക്കുന്നതായി പരാതികള്‍

അടിസ്ഥാന വര്‍ഗത്തിന്റെ വികസനവും ഉന്നമനവും ക്ഷേമവുമാണ് അധികൃതര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ എന്തുകൊണ്ട് അവര്‍ ഈ കാര്യങ്ങള്‍ വിട്ടു പോകുന്നു എന്നാണ് കര്‍ഷകര്‍ ആരായുന്നത്. ടി.വി കളിലും പത്രങ്ങളിലും അടക്കം വിവിധ മാധ്യമങ്ങളില്‍ എന്റെ പോളിസികള്‍ എന്റെ കൈകളില്‍ സുരക്ഷിതം എന്ന രീതിയില്‍ വ്യാപക പരസ്യങ്ങളാണ് വിവിധ സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ കൈകളില്‍ പോളിസി മാത്രം സുരക്ഷിതമായതു കൊണ്ട് കര്‍ഷകന്റെ ആവശ്യങ്ങള്‍ നിറവേറുന്നില്ല. ക്ലെയിമുകളും സമയബന്ധിതമായി ലഭിക്കണം. അത് തങ്ങളുടെ അവകാശമാണെന്നും കര്‍ഷകര്‍ പറയുന്നു.

2023 ലെ ഒന്നാം വിളയുടെ ക്ലെയിം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നാല് തവണ മുതല്‍ പരമാവധി ആറ് തവണ വരെ പ്രീമിയം അടച്ച കര്‍ഷകരുമുണ്ട്. വര്‍ഷത്തില്‍ മൂന്നു തവണ കൃഷിയിറക്കുന്ന കര്‍ഷകരാണ് 6 തവണ പ്രീമിയം അടച്ചിട്ടുളളത്.

2023 ഒന്നാം വിളയായി ചെയ്ത നെല്ലിന് ഇതുവരെ ക്ലെയിം അനുവദിച്ചിട്ടില്ലെന്ന് പാലക്കാട് കൊല്ലങ്കോട്ടെ കര്‍ഷകനായ ഹംസത്ത് പറയുന്നു. നാല് സീസണിലെ ഇന്‍ഷുറന്‍സ് അടച്ചിട്ടും ഇതുവരെ തുക കിട്ടിയിട്ടില്ല. 20 ഏക്കറോളം നെല്ലും മാവും ആണ് ഇന്‍ഷുര്‍ ചെയ്തത്. വര്‍ഷം 5 ലക്ഷം രൂപയോളം ക്ലെയിമായി കിട്ടേണ്ടതായിരുന്നു. പ്രീമിയമായി അടച്ച തുകയെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്ന അവസ്ഥയിലാണ് താനെന്ന് ഹംസത്ത് പറഞ്ഞു. വരള്‍ച്ചയും കീട ആക്രമണവും മൂലമാണ് കൃഷിനാശം ഉണ്ടായത്.

കെടുകാര്യസ്ഥത

കാര്‍ഷിക ഇന്‍ഷുറന്‍സിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി നല്‍കുന്നുണ്ട്. അധിക സാമ്പത്തിക ഭാരം ഇല്ലാതെ കുറവ് പ്രീമിയത്തില്‍ വിളകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നത് സബ്സിഡി കൊടുക്കുന്ന പദ്ധതിയായതുകൊണ്ടാണ്. സബ്സിഡി വേണ്ടെന്ന് വെച്ച് കര്‍ഷകന് ഇങ്ങനെയൊരു പദ്ധതിയില്‍ ചേരാനും സാധിക്കാത്ത സാഹചര്യമാണ് ഉളളത്. 75 ശതമാനം സബ്സിഡിയില്‍ പകുതി വീതമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം. പ്രീമിയത്തിന്റെ 25 ശതമാനമാണ് കര്‍ഷകര്‍ നല്‍കേണ്ടത്. സര്‍ക്കാരുകളുടെ കെടുകാര്യസ്ഥത മൂലം തുക നല്‍കാനാവാതെ വന്നാല്‍ ഇരയാകുന്നതോ കര്‍ഷകരും. പ്രീമിയം മുഴുവന്‍ ലഭിക്കാതെ ക്ലെയിം റിലീസ് ചെയ്യില്ല എന്ന നിലപാടാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുളളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലൊന്ന് യഥാസമയം വിഹിതം നല്‍കാതിരുന്നാലും ക്ലെയിം വൈകും.

നെല്ല് കൃഷി ചെയ്യുന്നവര്‍ക്ക് വിതച്ച് മൂന്ന് മുതല്‍ നാല് മാസത്തിനുളളില്‍ കൊയ്യാന്‍ സാധിക്കും. ഇരുപ്പൂ കൃഷി ചെയ്യുന്ന സ്ഥലങ്ങളാണ് കേരളത്തില്‍ അധികവുമുളളത്. മൂന്നു വട്ടം വിത്തിറക്കുന്ന സ്ഥലങ്ങളും ഉണ്ട്. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ മൂന്ന് കാലങ്ങളിലാണ് നെല്‍ കര്‍ഷകര്‍ കൃഷി ഇറക്കുന്നത്. മഴയെ ആശ്രയിച്ചും ജലസേചനത്തെ ആശ്രയിച്ചുമാണ് പ്രധാനമായും കൃഷി. പുഞ്ചപാടം, കോള്‍പാടം തുടങ്ങിയവിടങ്ങളില്‍ മഴക്കാലത്ത് വെളളം കെട്ടി നില്‍ക്കും. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇവിടങ്ങളില്‍ നെല്ല് നടുന്നത്. സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ കരപ്രദേശങ്ങളിലും കൃഷി ചെയ്യുന്നു. പാലക്കാടന്‍ ഭാഗങ്ങളില്‍ വെളളം മൂടി നില്‍ക്കാത്ത സ്ഥലങ്ങളില്‍ ഒന്നാം വിളയും രണ്ടാം വിളയുമായി കൃഷി ഇറക്കുകയാണ് ചെയ്യുന്നത്. ജൂണില്‍ ഒന്നാം വിളയും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടാം വിളയും ഇറക്കുകയാണ് പതിവ്.

കാലാവസ്ഥാ വ്യതിയാനം

മൂന്ന് തരത്തില്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചാലാണ് ക്ലെയിമിന് അര്‍ഹതയുളളതായി കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്. ചൂട്, മഴ, കാറ്റ് എന്നിങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്ന് കൂടിയാലും കുറഞ്ഞാലും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാവുന്നതാണ്. ഉദാഹരണമായി ചൂട് കൂടിയായും ചൂട് കുറഞ്ഞാലും ഉല്‍പ്പാദനത്തെ ബാധിക്കും എന്ന തരത്തിലാണ് ക്ലെയിം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ശരാശരിയില്‍ കാലാവസ്ഥ പോകുകയാണെങ്കില്‍ ക്ലെയിം ലഭിക്കില്ല. ശരാശരിയില്‍ നിന്ന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമ്പോഴാണ് കര്‍ഷകര്‍ക്ക് ക്ലെയിം കിട്ടുക.

170 ഓളം കേന്ദ്രങ്ങളിലായാണ് കേരളത്തില്‍ കാലാവസ്ഥയുടെ തോത് അളക്കുന്നത്. ഏകദേശം 30 കിലോമീറ്റര്‍ ചുറ്റളവിലെ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഈ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തുന്നത്. കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇവരുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് ക്ലെയിമുകള്‍ തീര്‍പ്പാക്കുക. മൈക്രോ ലെവലില്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയണമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ കാലയളവില്‍ 7,336 കോടി രൂപ ഇന്‍ഷുറന്‍സ് ചെയ്തിരുന്ന കാര്‍ഷിക ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 7,224 കോടി രൂപയുടെ പ്രീമിയമാണ് 2024 ല്‍ കിട്ടിയിരിക്കുന്നത്. 1.52 ശതമാനത്തിന്റെ കുറവാണ് കാര്‍ഷിക ഇന്‍ഷുറന്‍സില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖല വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഈ വളര്‍ച്ച പ്രതിഫലിക്കാത്തതിനുളള കാരണങ്ങളില്‍ ഒന്ന് സമയബന്ധിതമായി ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ പറ്റാത്ത സാഹചര്യം കൂടിയാണ്.

ഇന്‍ഷുര്‍ ചെയ്യുന്നതിന് മടുപ്പ്

ഇന്‍ഷുര്‍ ചെയ്യുന്നത് എന്തിനാണ് എന്ന വികാരവും കര്‍ഷകര്‍ പങ്കുവെക്കുന്നു. പല ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ക്കും എൻറോൾമെന്‍റ് കുറഞ്ഞിരിക്കുകയാണ്. ക്ലെയിം സംബന്ധിച്ച് കൃഷി വകുപ്പിലേക്കോ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലേക്കോ വിളിച്ചാല്‍ നല്ല പ്രതികരണമല്ല കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. നെല്ല്, വാഴ, തെങ്ങ് തുടങ്ങിയവ കൃഷി ചെയ്യുന്ന തൃശൂര്‍ പഴയന്നൂരിലെ കര്‍ഷകനായ മുരളി തനിക്ക് കഴിഞ്ഞ നാല് തവണത്തെ ക്ലെയിം നല്‍കിയിട്ടില്ലെന്ന് പറയുന്നു.

നെല്ല് സംഭരണം, വൈദ്യുതി സബ്സിഡി തുടങ്ങിയ പല പ്രതിസന്ധികളില്‍ ഉഴലുന്ന കര്‍ഷകരെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സമയബന്ധിതമായി ലഭിക്കാത്ത അവസ്ഥ കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്കും പരാധീനതകളിലേക്കുമാണ് തളളി വിടുന്നത്. ഫെബ്രുവരി 1 ന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഇന്‍ഷുറന്‍സിലടക്കം ഉദാരവും പ്രോത്സാഹജനകവുമായ നടപടികളാണ് കര്‍‌ഷക സമൂഹം പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT